അസ്റ്റാന: 38 പേരുടെ മരണത്തിനിടയാക്കിയ കസാഖിസ്ഥാന്‍ വിമാനാപകടത്തിന് കാരണം ബാഹ്യ ഇടപെടലുകളെന്ന് അസര്ബൈജാന് എയര്‍ലൈന്‍സ്. വിമാനാപകടത്തിന് സാങ്കേതികവും അല്ലാതെയുമുള്ള ചില ബാഹ്യ ഇടപെലുകളാണ് കാരണമെന്നാണ് അസര്ബൈജാന് എയര്‍ലൈന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് അസര്ബൈജാന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അപകടമുണ്ടായ സ്ഥലത്ത് നിന്നുമുള്ള ഫൂട്ടേജുകളില്‍ നിന്ന് വിമാനത്തിന്റെ മുന്‍ഭാഗത്തും ഷ്രാപ്പലിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിമാനാപകടത്തില്‍ റഷ്യയ്ക്ക് പങ്കുള്ളതായും മൂന്ന് സ്ഫോടനം നടന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം വിമാനത്തിന് നേരെ ഏത് രീതിയിലുള്ള ആക്രമണമാണ് ഉണ്ടായതെന്ന് വ്യക്തമല്ലെന്നും അസര്ബൈജാന് എയര്‍ലൈന്‍സ് പറയുന്നുണ്ട്.
അതേസമയം കസാഖിസ്ഥാന്‍ വിമാനാപകടവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് റഷ്യന്‍ സര്‍ക്കാര്‍ ഇന്നലെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ കാത്തിരിക്കണമെന്നുമാണ് ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചിരുന്നത്.
അസര്ബൈജാന് എയര്‍ലൈന്‍സ് നടത്തുന്ന വിമാനം റഷ്യന്‍ റിപ്പബ്ലിക്ക് ഓഫ് ചെച്നിയയ്ക്ക് മുകളിലൂടെ വ്യോമ സംവിധാനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് ചില വ്യോമയാന വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.
67 യാത്രക്കാരുമായി പോയ അസര്ബൈജാന് വിമാനമായ എംബ്രയര്‍ 190 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. കസാഖിസ്ഥാനില്‍ അടിയന്തരമായ ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ യാത്രക്കാരായ 38 പേര് മരിക്കുകയും 29 പേര് രക്ഷപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് വടക്കന്‍ കോക്കസിലെ റഷ്യന്‍ നഗരമായ ഗ്രോസാനിയിലേക്ക് പോവുകയായിരുന്നു വിമാനം. വിമാനം വഴി തിരിച്ചുവിട്ടതിനെ തുടര്‍ന്ന് കസാഖിസ്ഥാനിലെ അക്തൗ നഗരത്തില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ അടിയന്തര ലാന്‍ഡിങ്ങിനെ തുടര്‍ന്നാണ് തകര്‍ന്നതെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിമാനം ബാക്കുവിനും ഗ്രോസ്നിക്കും ഇടയിലുള്ള വഴി മാറ്റുകയും അക്താവു വിമാനത്താവളത്തിലേക്ക് പോവുകയുമായിരുന്നു. പിന്നാലെ ഉണ്ടായ അടിയന്തിര ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നുവീണതായാണ് അസര്‍ബൈജാനി പ്രസിഡന്റ് ഇല്‍ഹാം അലിയേവ് പറഞ്ഞത്.
Content Highlight: Kazakhstan plane crash blamed on external interference: Azerbaijan Airlines