| Thursday, 28th June 2018, 2:38 pm

കയ്യൂര്‍ സമരസേനാനിയുടെ കുടുംബത്തിന് വീണ്ടും ഊരുവിലക്ക്; തേങ്ങപറിക്കാനെത്തിയ തങ്ങളെ സി.പി.ഐ.എമ്മുകാര്‍ തടഞ്ഞെന്ന് കുടുംബം

ആര്യ. പി

നീലേശ്വരം: കയ്യൂര്‍ സമരസേനാനിയുടെ കുടുംബത്തിന് വീണ്ടും സി.പി.ഐ.എം ഊരുവിലക്ക്. പൊലീസ് കാവല്‍ ഉണ്ടായിട്ടും വീട്ടമ്മയ്ക്ക് സ്വന്തം ഭൂമിയിലെ തെങ്ങില്‍ നിന്നും തേങ്ങ പറിക്കാനായില്ല.

പറമ്പില്‍ നിന്നും തേങ്ങ പറിക്കുന്നത് തടഞ്ഞ പ്രശ്‌നം രണ്ടാം വട്ട ചര്‍ച്ച നടത്തി പരിഹരിക്കാനൊരുങ്ങുകയാണ് പൊലീസ്. സി.പി.ഐ.എം പ്രാദേശിക നേതാക്കള്‍ തങ്ങള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയെന്ന് വ്യക്തമാക്കിക്കൊണ്ട് നേരത്തെ തന്നെ കയ്യൂര്‍ സമരസേനാനിയുടെ പൗത്രിയും സ്വാതന്ത്ര്യസമരസേനാനി പി.പി കുമാരന്റെ മകളുമായ എം.കെ രാധ രംഗത്തെത്തിയിരുന്നു.

നാട്ടിലെ തെങ്ങുകയറ്റതൊഴിലാളികള്‍ രാധയുടെ പറമ്പില്‍ തേങ്ങയിടാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാധ കരിവെള്ളൂരിലെ മകളുടെ വീടിനടുത്തുനിന്നാണ് തെങ്ങുകയറ്റത്തൊഴിലാളികളുമായി പാലായില്‍ എത്തിയത്.


ഇടതുപക്ഷ ജനപ്രതിനിധികള്‍ A.M.M.A വിടുക, അല്ലെങ്കില്‍ എല്‍.ഡി.എഫ് ഇവരെ പുറത്താക്കുക: പാര്‍ട്ടിക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു


നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ ചെന്ന് രാധയും മകളും വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ എം.വി ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഇവര്‍ക്കൊപ്പം പാലായില്‍ എത്തിയിരുന്നു. മൂന്ന് തെങ്ങുകളില്‍ നിന്ന് തേങ്ങ പറിച്ചുകഴിഞ്ഞപ്പോഴാണ് ഒരു സംഘം സ്ഥലത്തെത്തിയതെന്നും മറ്റ് തെങ്ങുകളില്‍ കയറുന്നത് ഇവര്‍ തടയുകയായിരുന്നെന്നും രാധ പറയുന്നു.

പിന്നീട് സി.ഐ ഉണ്ണികൃഷ്ണന്‍ സ്ഥലത്തെത്തിയെങ്കിലും നാട്ടിലുള്ള തൊഴിലാളികള്‍ തേങ്ങ പറിച്ചാല്‍ മതിയെന്നും അല്ലാത്തവര്‍ തെങ്ങില്‍ കയറേണ്ട എന്നുമുള്ള നിലപാടില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയുമായിരുന്നു. സി.ഐയുടേയും എസ്.ഐയുടേയും നേതൃത്വത്തില്‍ പൊലീസ് സംഘം ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് രണ്ട് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് രാധ മടങ്ങുകയായിരുന്നു.

കാസര്‍ഗോഡ് നീലേശ്വരം മുന്‍സിപ്പാലിറ്റിയില്‍ പേരോല്‍ വില്ലേജിലെ പാലായിയില്‍ തേജസ്വനി പുഴയില്‍ സ്ഥാപിക്കുന്ന ഷട്ടര്‍ കം ബ്രിഡ്ജിന്റെ അപ്രോച് റോഡുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഒരു കുടുംബത്തിന് തന്നെ ഊരുവിലക്ക് ഏര്‍പ്പെടുത്തുന്ന നിലയിലേക്ക് എത്തിച്ചേര്‍ന്നത്.

1957 ല്‍ കമ്മിഷന്‍ ചെയ്ത ഷട്ടര്‍ കം ബ്രിഡ്ജ് പദ്ധതി ഇക്കാലമത്രയും സാക്ഷാത്കരിക്കാതെ മുടങ്ങി കിടക്കുകയും ഇപ്പോള്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ തയ്യാറെടുക്കുമ്പോള്‍ രാധയും വീട്ടുകാരും അതിന് എതിരുനില്‍ക്കുകയാണെന്നുമാണ് സി.പി.ഐ.എം ഇവര്‍ക്ക് നേരെ ഉന്നയിക്കുന്ന പരാതി.

എന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദി ഞങ്ങളാണെന്ന രീതിയിലുള്ള പ്രചരണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ഇതൊന്നുമല്ല യാഥാര്‍ത്ഥ്യമെന്നും രാധയുടെ മകള്‍ ബിന്ദു ഡൂള്‍ന്യൂസിനോട് പറഞ്ഞു

കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചു മരിച്ചവരുടെ കുടുംബമായിട്ടുപോലും ഈ വിഷയത്തില്‍ തങ്ങളെ പരമാവധി ദ്രോഹിക്കാന്‍ പ്രാദേശിക നേതാക്കള്‍ ശ്രമിക്കുമ്പോള്‍ അതിനെതിരേ സ്ഥലം എംപിക്കും എം.എല്‍.എയ്ക്കും മുഖ്യമന്ത്രിക്കും വരെ പരാതി നല്‍കിയിട്ടും പ്രയോജനം ലഭിച്ചില്ലെന്നും ബിന്ദു പറയുന്നു.

ചില പ്രാദേശിക നേതാക്കളുടെ സ്വാര്‍ത്ഥ താത്പര്യങ്ങളാണ് എല്ലാത്തിനും പിന്നിലെന്നും എവിടെ നിന്നും നീതി കിട്ടാതെ വന്നതോടെയാണ് പാര്‍ട്ടിക്കെതിരേ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇടവന്നതെന്നും എന്നാല്‍ പാര്‍ട്ടിയെ മൊത്തം പാര്‍ട്ടിയെ ഈ കാര്യത്തില്‍ തങ്ങള്‍ കുറ്റപ്പെടുത്തുന്നില്ലെന്നും ബിന്ദു പറയുന്നു.

“”കഴിഞ്ഞ ആറ് വര്‍ഷമായി നടക്കുന്ന പീഡനമാണ് ഇത്. 2012 ല്‍ ഇ.എം.എസ് ഭവനപദ്ധതി പ്രകാരം തേജസ്വനി പുഴയില്‍ സ്ഥാപിക്കുന്ന ഷട്ടര്‍ കം ബ്രിഡ്ജും അതിന് നിര്‍മിക്കാന്‍ പോകുന്ന അപ്രോച്ച് റോഡുമാണ് പ്രശ്നത്തിന്റെ തുടക്കം. ഈ പാലം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ 70 മീറ്റര്‍ അകലെകൂടെ മുനിസിപ്പാലിറ്റി റോഡ് കടന്നുപോകുന്നുണ്ട്. അത് ചെയ്യാതെ വളഞ്ഞവഴിയില്‍ കൂടി ചിലരുടെ സ്വാര്‍ത്ഥ താത്പര്യപ്രകാരം ഞങ്ങളുടെ പറമ്പിലൂടെ റോഡ് വെട്ടുകയായിരുന്നു””- ബിന്ദു ഡൂള്‍ന്യൂസിനോട് വിശദീകരിച്ചു.


Also Read A.M.M.A യെ തിരിഞ്ഞുകൊത്തി അന്നത്തെ മമ്മൂട്ടിയുടെ വാക്കുകള്‍ ; ദിലീപിനെ പുറത്താക്കുമ്പോള്‍ പറഞ്ഞത് ഇങ്ങനെ


ഞങ്ങളുടെ സമ്മതമില്ലാതെ 2012 ല്‍ ഇവര്‍ റോഡിന് വേണ്ടി പതിനൊന്ന് മീറ്റര്‍ അകലത്തില്‍ കുറ്റിയടിച്ചു. ഇറിഗേഷന്‍ ഡിപാര്‍ട്മെന്റായിരുന്നു അത് ചെയ്തത്. അപ്പോള്‍ തന്നെ ഞങ്ങള്‍ കാഞ്ഞങ്ങാട് മുന്‍സിഫ് കോടതിയില്‍ പരാതി ഫയല്‍ ചെയ്ത് ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ വാങ്ങിച്ചു. എന്നാല്‍ ആ ഓര്‍ഡര്‍ നിലനില്‍ക്കെ തന്നെ 2016 ഏപ്രില്‍ 26 ാം തിയതി ഇവിടുത്തെ ലോക്കല്‍ കമ്മിറ്റിയുടെ പിന്തുണയോടെ അമ്പലക്കമ്മിറ്റിയും ചേര്‍ന്ന് പൂരക്കളി കളിക്കുന്ന പറമ്പിലൂടെ അവര്‍ റോഡ് വെട്ടി. “- ബിന്ദു പറയുന്നു.

ഞങ്ങള്‍ മൂന്ന് പെണ്‍മക്കളാണ്. എല്ലാവരും വിവാഹിതരാണ്. റോഡ് വെട്ടിയതിന് ശേഷം ഇവര്‍ പറമ്പില്‍ നിന്ന് തേങ്ങ പറിക്കാനും ആദായം എടുക്കാനും തുടങ്ങി. ഞങ്ങളെ ഒന്നും എടുക്കാനും സമ്മതിച്ചില്ല.


Dont Miss പ്രതിഷേധം “പിണക്ക”മാക്കി മനോരമ; തലക്കെട്ടില്‍ സ്ത്രീവിരുദ്ധതയും


നിങ്ങള്‍ ഒരുപാട് കേസ് കൊടുത്തിട്ടുണ്ടെന്നും ആ കേസ് നടത്താന്‍ ഈ പറമ്പിലെ തേങ്ങയും ആദായവും ഞങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും പറഞ്ഞാണ് അവര്‍ ഇതെടുക്കുന്നത്. പൂട്ടുപൊളിച്ച് അവര്‍ തേങ്ങയൊക്കെ കൊണ്ടുപോയി. വീട്ടിലെ പ്ലബ്ബിങ്ങിന്റെ പൈപ്പുകള്‍ കട്ട് ചെയ്തുകളയുകയും കിണറ്റില്‍ മാലിന്യങ്ങള്‍ കൊണ്ടുതള്ളിയും എല്ലാമാണ് ഉപദ്രവിക്കുന്നത്. ആ വിഷയത്തില്‍ ഞങ്ങള്‍ പൊലീസില്‍ പരാതി കൊടുത്തതാണ്.

എന്നാല്‍ രാധയും കുടുംബങ്ങളും ആരോപിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് സി.പി.ഐ.എം പോരോട് ലോക്കല്‍ കമ്മിറ്റിയംഗവും വാര്‍ഡ് കൗണ്‍സിലറുമായ ടി. കുഞ്ഞികൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. ” അവരുടെ കുടുംബം വികസനത്തിന് എതിരായിട്ടുള്ള രീതിയിലാണ് സംസാരിക്കുന്നത്. ജനങ്ങളുടെ വികാരവുമായി ബന്ധമില്ലാത്ത കാര്യമാണ് അവര്‍ പത്രസമ്മേളനം നടത്തി പറഞ്ഞിരിക്കുന്നത്. 100 കോടി രൂപയുടെ വികസന പദ്ധതിയാണ് ഇത്. രണ്ട് വര്‍ഷമായി ഇവര്‍ കാരണം അത് മുടങ്ങിക്കിടക്കുകയാണ്”- അദ്ദേഹം പറയുന്നു.


Also Read സ്വന്തം വീട്ടില്‍ നിന്നും അമ്മയെ അവര്‍ തല്ലിയോടിച്ചു; മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്തി; എന്തുതെറ്റാണ് ഞങ്ങള്‍ ചെയ്തത്: കയ്യൂര്‍ സമര സേനാനിയുടെ കുടുംബം ചോദിക്കുന്നു


ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more