| Tuesday, 19th October 2021, 1:04 pm

മഞ്ജു മാം അടക്കം വിളിച്ച് പറ്റിക്കുകയാണെന്നാണ് കരുതിയത്; ആദ്യ ചിത്രത്തിന് ലഭിച്ച പുരസ്‌കാരത്തെ കുറിച്ച് ചന്ദ്രു സെല്‍വരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വന്തമായി ക്യാമറ ചെയ്ത ആദ്യ ചിത്രത്തിന് തന്നെ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചന്ദ്രു സെല്‍വരാജ്. പൂര്‍ണമായി ഐഫോണില്‍ ചിത്രീകരിച്ച കയറ്റം എന്ന ചിത്രത്തിന്റെ ക്യാമറക്കാണ് ചന്ദ്രുവിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.

ഈയൊരു പുരസ്‌കാരം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് ചന്ദ്രു സെല്‍വരാജ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആദ്യ സിനിമാ അനുഭവം ചന്ദ്രു പങ്കുവെച്ചത്.

‘നല്ല സന്തോഷമുണ്ട്. പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സന്തോഷം കൂട്ടുന്ന കാര്യം. മുഴുവനായും ഫോണില്‍ ചിത്രീകരിച്ച ഒരു സിനിമ ഇങ്ങനെ അംഗീകരിക്കപ്പെടുമെന്ന് കരുതിയില്ല. വലിയ സന്തോഷം.

അവാര്‍ഡിന്റെ കാര്യം ഞാന്‍ അറിഞ്ഞേ ഇല്ലായിരുന്നു. അവസാന വര്‍ഷം ഒരുപാട് നല്ല സിനിമകള്‍ വന്നല്ലൊ. ശനിയാഴ്ച ബിനേഷാണ് ആദ്യം വിളിച്ചത്. അഭിനന്ദനങ്ങള്‍ അറിയിച്ചു. അപ്പോഴും എനിക്ക് വിശ്വാസമായില്ല.

പിന്നെ മഞ്ജു മാം വിളിച്ചു. ഇവരെല്ലാം എന്നെ വിളിച്ച് പറ്റിക്കുകയാണ് എന്നാ ആദ്യം കരുതിയത്. യാഥാര്‍ത്ഥ്യമാണെന്ന് മനസ്സിലാക്കാന്‍ കുറച്ച് സമയമെടുത്തു,’ ചന്ദ്രു പറയുന്നു.

ചിത്രത്തിന്റെ ഷൂട്ട് മുഴുവന്‍ ഹിമാലയത്തിലായിരുന്നെന്നും അവിടെ വലിയ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതില്‍ ഉണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിച്ച് സനല്‍കുമാര്‍ ശശിധരന്‍ ആണ് ഐ ഫോണില്‍ ഷൂട്ട് ചെയ്യാം എന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചതെന്നും ചന്ദ്രു പറയുന്നു.

ഒന്നു പരീക്ഷിച്ച് നോക്കാം എന്ന് സനലേട്ടന്‍ പറഞ്ഞു. സിനിമയ്ക്ക് ആവശ്യമായ കാഴ്ച അനുഭവം നഷ്ടപ്പെടാതെ ഫോണില്‍ ഷൂട്ട് ചെയ്യല്‍ വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. അതിന് ശ്രമിച്ചു. അത് കഴിഞ്ഞെന്ന് കരുതുന്നു.

മൊബൈലില്‍ ഷൂട്ട് ചെയ്ത സിനിമയ്ക്ക് ഇങ്ങനെയൊരു പരിഗണന കിട്ടിയത് ചെറിയ ചെറിയ സിനിമകള്‍ ചെയ്യുന്നവര്‍ക്ക് വലിയ പ്രചോദനമാകും. സര്‍ഗാത്മകതയുണ്ട് എങ്കില്‍ അത് അംഗീകരിക്കപ്പെടും എന്ന ബോധ്യം ആളുകളില്‍ ഉണ്ടായെന്നും ചന്ദ്രു അഭിമുഖത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kayattam Movie Chandru Sevaraj Cameraman State Award

We use cookies to give you the best possible experience. Learn more