| Wednesday, 19th October 2016, 10:09 am

പച്ചക്കറിമാഫിയക്കെതിരെ പ്രതിഷേധിച്ച യുവാവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു: മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കായംകുളത്ത് പച്ചക്കറി വില്‍പ്പന നടത്തുന്ന നൗഷാദ് പച്ചക്കറി വിപണിയിലെ മാഫിയക്കെതിരെ രംഗത്തെത്തിയിരുന്നു. കായംകുളത്തെ മാര്‍ക്കറ്റില്‍ കൊള്ളവിലയ്ക്ക് പച്ചക്കറി വില്‍പ്പന നടത്തുന്നവരുടെ കള്ളത്തരം ഫേസ്ബുക്ക് െൈലവിലൂടെ വരെ നൗഷാദ് വെളിപ്പെടുത്തിയിരുന്നു.


കായംകുളം : കായംകുളത്തെ പച്ചക്കറി മാഫിയയുടെ കള്ളത്തരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുകൊണ്ടുവരുകയും അതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്ത യുവാവ് വാഹാനാപകടത്തില്‍ കൊല്ലപ്പെട്ടു.

കായംകുളത്തെ പച്ചക്കറി കച്ചവടക്കാരനായ നൗഷാദ് എന്ന യുവാവാവാണ് തമിഴ്‌നാട്ടിലെ തിരുനല്‍വേലിക്ക് അടുത്ത് വെച്ച് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്.

നൗഷാദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി. മരണത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം.

കായംകുളത്ത് പച്ചക്കറി വില്‍പ്പന നടത്തുന്ന നൗഷാദ് പച്ചക്കറി വിപണിയിലെ മാഫിയക്കെതിരെ രംഗത്തെത്തിയിരുന്നു. കായംകുളത്തെ മാര്‍ക്കറ്റില്‍ കൊള്ളവിലയ്ക്ക് പച്ചക്കറി വില്‍പ്പന നടത്തുന്നവരുടെ കള്ളത്തരം ഫേസ്ബുക്ക് െൈലവിലൂടെ വരെ നൗഷാദ് വെളിപ്പെടുത്തിയിരുന്നു.

ഇക്കഴിഞ്ഞ ഓണക്കാലത്താണ് ഫേസ്ബുക് ലൈവ് വഴി കച്ചവടമാഫിയയുടെ കള്ളത്തരം നൗഷാദ് പുറംലോകത്തെ അറിയിച്ചത്. പച്ചക്കറി വില്‍പ്പനക്കാരുടെ കള്ളത്തരം തുറന്നുകാട്ടിയ ആ വീഡിയോ അന്ന് വലിയ വിവാദമാവുകയും ചെയ്തു.  തുടര്‍ന്ന് വ്യാപാരികള്‍ നൗഷാദിനെതിരെ കായംകുളം പൊലീസിനെ സമീപിക്കുകയും പോലീസ് നൗഷാദിനെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു..

ഓണം, റംസാന്‍ ഉള്‍്‌പ്പെടെയുള്ള ഉത്സവസീസണുകളില്‍ വലിയ വിലയിലാണ് കായംകുളത്ത് പല പച്ചക്കറി കടക്കാരും വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ ന്യായമായ വിലയില്‍മാത്രമായിരുന്നു നൗഷാദ് പച്ചക്കറി വിറ്റിരുന്നത്. ഇടനിലക്കാരില്ലാതെ നേരിട്ട് ചെന്നാണ് താന്‍ പച്ചക്കറി വാങ്ങുന്നതെന്നും അത് വിലകുറച്ച് വില്‍ക്കുക തന്നെ ചെയ്യുമെന്നും നൗഷാദ് വീഡിയോയില്‍ പറഞ്ഞിരുന്നു.

സാധാരണക്കാരെ കൊള്ളയടിക്കാന്‍ തന്നെ കിട്ടില്ലെന്നും അഞ്ച് രൂപയുടെ സാധനം 50 രൂപയ്ക്ക് വില്‍ക്കുന്നവരാണ് തനിക്കെതിരെ കേസ് കൊടുത്തതെന്നും എന്തുവന്നാലും തോല്‍ക്കാന്‍ മനസ്സില്ലെന്നും നൗഷാദ് വീഡീയോയില്‍ പറയുന്നുണ്ട്.

ഇടനിലക്കാരില്ലാതെ ഇവിടെയെത്തിക്കുന്ന സാധനങ്ങള്‍ ലാഭം കിട്ടുന്ന തരത്തിലാണ് വില്‍ക്കുന്നത്. സാധനങ്ങള്‍ വിറ്റ് വന്‍ ലാഭം ഉണ്ടാക്കേണ്ട. വിലകുറച്ച് വില്‍ക്കുമ്പോഴും ജീവിക്കാനുള്ള ലാഭം കിട്ടുന്നുണ്ടെന്നും കായംകുളമല്ല മായംകുളമാണ് ഈ നാടെന്നും നൗഷാദ് അഹമ്മദ് വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.

നാട്ടിലെ കൊള്ളയ്ക്കും പൂഴ്ത്തിവെപ്പിനുമെതിരെ വ്യത്യസ്തമായ രീതിയിലുള്ള പ്രതിഷേധമായിരുന്നു നൗഷാദ് പലപ്പോഴും നടത്തിയിരുന്നത്. ഓരോ സാധനത്തിന്റെയും യഥാര്‍ത്ഥ വില മൈക്കിലൂടെ അനൗണ്‍സ് ചെയ്യുകയും തീവെട്ടിക്കൊള്ളക്കെതിരെ ജനങ്ങള്‍ തന്നെ രംഗത്തെത്തണമെന്ന് ജനങ്ങളോട് മൈക്കിലൂടെ ആവശ്യപ്പെട്ടുമായിരുന്നു നൗഷാദിന്റെ ഇടപെടല്‍.

നൗഷാദിന്റെ ഈ നീക്കങ്ങള്‍ കായംകുളം മാര്‍ക്കറ്റിലെ മറ്റ് കച്ചവടക്കാര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. പലര്‍ക്കും പച്ചക്കറികള്‍ വിലകുറച്ച് വില്‍ക്കേണ്ടിയും വന്നു. ഇതോടെ കായംകുളത്തെ കച്ചവടക്കാര്‍ക്ക് നൗഷാദ് ശത്രുവായി മാറുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് നൗഷാദിന്റെ പെട്ടെന്നുള്ള മരണത്തില്‍ നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിക്കുന്നതും.

വലിയ മനുഷ്യസ്‌നേഹിയായ നൗഷാദ് കായംകുളത്തെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. തന്റെ കച്ചവടത്തിലൂടെ ലഭിക്കുന്ന ചെറിയ ലാഭം പോലും സേവനപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച യുവാവായിരുന്നു നൗഷാദ്.

We use cookies to give you the best possible experience. Learn more