Advertisement
Kayamkulam Kochunni
അടവുകള്‍ പയറ്റി, പ്രണയം പറഞ്ഞ് കായംകുളം കൊച്ചുണ്ണി ട്രെയിലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Jul 09, 03:49 pm
Monday, 9th July 2018, 9:19 pm

മലയാളികള്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അഭിനയമുഹൂര്‍ത്തങ്ങള്‍ക്കൊപ്പം സംഘട്ടനരംഗങ്ങള്‍ക്ക് കൂടി പ്രധാന്യം നല്‍കികൊണ്ടാണ് നിവിന്‍ പോളി ചിത്രത്തില്‍ കൊച്ചുണ്ണിയായി എത്തുന്നത്.

1830ല്‍ ജീവിച്ചിരുന്ന കേരളത്തിന്റെ വീരനായകനായ കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലറില്‍ സിനിമയിലെ ഒട്ടുമിക്ക താരങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്.

പ്രിയ ആനന്ദ്, സണ്ണി വെയ്ന്‍, മണികണ്ഠന്‍ ആചാരി, ബാബു ആന്റണി, തെസ്നി ഖാന്‍, ഷൈന്‍ ടോം ചാക്കോ, സുദേവ് നായര്‍ എന്നിവരാണ് ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്.

ALSO READ: രണ്ട് പേരുടെ രാജിക്കത്ത് മാത്രമേ ലഭിച്ചിട്ടുള്ളു; ‘അമ്മ’യിലേക്ക് തിരിച്ച് എടുക്കുമോ എന്നത് തനിക്ക് ഒറ്റയ്ക്ക് പറയാന്‍ കഴിയില്ലെന്നും മോഹന്‍ലാല്‍

കൊച്ചുണ്ണിയുടെ ബാല്യകാലം മുതലുള്ള കഥ പറയുന്ന ചിത്രത്തില്‍ അന്നത്തെ കാലഘട്ടത്തിലെ സാമൂഹ്യാന്തരീക്ഷം പ്രധാന വിഷയമായെത്തുന്നുണ്ടെന്നാണ് ട്രെയിലറിലെ സൂചനകള്‍.

ബ്രിട്ടീഷ് ആധിപത്യവും ജാതീയമേല്‍ക്കോയ്മയുമെല്ലാം ചിത്രത്തില്‍ ചര്‍ച്ചയാകുന്നുണ്ട് എന്നാണ് ട്രെയിലറിലെ ഭാഗങ്ങളില്‍ നിന്നും മനസിലാകുന്നത്. കൊച്ചുണ്ണിയുടെ പ്രണയം പറയുന്ന ഗാനശകലങ്ങളും ട്രെയിലറിലുണ്ട്.

ALSO READ: ഷാരുഖ് ഖാന്റെ വാക്കുകള്‍ ട്വിറ്ററില്‍ പങ്കുവെച്ച് ജോണ്‍സിന

ഇത്തിക്കര പക്കിയായി അതിഥിവേഷത്തിലെത്തുന്ന മോഹന്‍ലാല്‍ ട്രെയിലറിന്റെ അവസാന നിമിഷങ്ങളിലെത്തുന്നു.

ബോബി-സഞ്ജയ് കൂട്ടുകെട്ടിലെ തിരക്കഥ റോഷന്‍ ആന്‍ഡ്രൂസ് ആണ് സംവിധാനം ചെയ്യുന്നത്. 45 കോടി മുതല്‍ മുടക്കില്‍ 161 ദിവസം കൊണ്ട് പൂര്‍ത്തീകരിച്ച കായംകുളം കൊച്ചുണ്ണിയുടെ പ്രാഥമിക ചര്‍ച്ചകള്‍ മുതലുള്ള വാര്‍ത്തകള്‍ വലിയ ആവേശത്തോടെയാണ് മലയാളി സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചത്.

ഗോകുലം ഗോപാലനാണ് മലയാളത്തിലെ ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.