| Sunday, 3rd May 2020, 3:04 pm

കായംകുളത്ത് ഡി.വൈ.എഫ്.ഐയില്‍ കൂട്ടരാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയില്‍ കൂട്ടരാജി. 21അംഗ കമ്മിറ്റിയില്‍ 19 പേരും രാജിവെച്ചു. കായംകുളം എം.എല്‍.എ യു. പ്രതിഭയുമായുണ്ടായ തര്‍ക്കമാണ് പ്രവര്‍ത്തകരുടെ രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കായംകുളത്തെ പൊലീസ് നിരന്തരമായി ഉപദ്രവിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ബ്ലോക്ക് പ്രസിഡന്റ് സാജിദിന്റെ വീട്ടില്‍ നിരന്തരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും രാജിക്കത്തില്‍ വിശദീകരിക്കുന്നു.

എം.എല്‍.എ യു പ്രതിഭയുടെ ഓഫീസ് സെക്രട്ടറി സി.ഐയെക്കൊണ്ട് എന്തു വിലകൊടുത്തും സാജിദിനെ അറസ്റ്റു ചെയ്യിക്കുമെന്ന് പറഞ്ഞിരുന്നതായും കത്തില്‍ പറയുന്നു.

സാജിദിനെ അറസ്റ്റു ചെയ്യാനും ഉപദ്രവിക്കാനും സി.ഐ ശ്രമിച്ചു കൊണ്ടിരിക്കുകായണെന്നും സി.ഐക്കെതിരെ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിയാത്ത സാഹചര്യത്തിലുമാണ് പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തനത്തില്‍ നിന്നും പിന്‍മാറുന്നതെന്നും രാജിക്കത്തില്‍ വിശദീകരിക്കുന്നു.

കായംകുളത്ത് എം.എല്‍.എ യു. പ്രതിഭയും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നു.

കൊവിഡ് പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ എം.എല്‍എ വീട്ടില്‍ അടച്ചിട്ടിരിക്കുകയാണെന്ന് ഡി. വൈ. എഫ്‌.ഐ പ്രാദേശിക നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

അതേസമയം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഉള്‍പ്പെടയുള്ളവര്‍ എം.എല്‍.എയുടെ പ്രവര്‍ത്തനങ്ങളെ കളിയാക്കി സാമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ ചിലര്‍ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം മിനിസ ജബ്ബാര്‍, ഏരിയ വൈസ് പ്രസിഡന്റ് സാജിദ് ഷാജഹാന്‍ എന്നിവരുടെ ഫേസ്ബുക് പേജുകളിലാണ് എം.എല്‍.എയ്ക്കെതിരായ പോസ്റ്റുകള്‍ വന്നിരുന്നത്.

എന്നാല്‍ തര്‍ക്കം വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്കെതിരെ മോശമായ പ്രതികരണവുമായി പ്രതിഭ എം.എല്‍.എ രംഗത്തെത്തിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more