സി.പി.ഐ കൗണ്‍സിലര്‍ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തതായി ആരോപണം
കൊല്ലം: സി.പി.ഐ കൗണ്‍സിലര്‍ കള്ളവോട്ടു ചെയ്തതായി ആരോപണം. കായംകുളം കൗണ്‍സിലരായ മുഹമ്മദ് ജലീലാണ് കള്ളവോട്ടു ചെയ്തതായി യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നത്.
മുഹമ്മദ് ജലീല്‍ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തതായാണ് ആരോപിക്കുന്നത്. കായകുളത്തെ 89ാം ബൂത്തിലും 82ാം ബൂത്തിലും ജലീല്‍ വോട്ട് ചെയ്തുവെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നു.
82ാം ബൂത്തില്‍ 636 ക്രമനമ്പറായും 89ാം ബൂത്തില്‍ 800ാം ക്രമനമ്പറായുമാണ് ജലീല്‍ വോട്ട് രേഖപ്പെടുത്തിയതെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. ജലീലിനെതിരെ വോട്ടിംഗ് വിവരങ്ങള്‍ സഹിതം യു.ഡി.എഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം പാല്‍കുളങ്ങര യു.പി സ്‌കൂളിലെ 37ാം ബൂത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന പരാതിയുണ്ട്. പൊന്നമ്മാള്‍ ഭഗവതി എന്ന 78 കാരിയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. വോട്ടിന് കൈയില്‍ മഷി പുരട്ടിയതിന് ശേഷം മറ്റൊരാള്‍ വോട്ട് ചെയ്‌തെന്ന് ബൂത്ത് ഏജന്റുമാര്‍ അറിയിക്കുകയായിരുന്നു എന്ന് പൊന്നമ്മാള്‍ പറയുന്നു.
കൊല്ലത്തും കള്ളവോട്ട് ചെയ്തെന്ന ആരോപണമുണ്ട്. പട്ടത്താനം എസ്.എ.ന്‍ഡി.പി യു.പി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് കള്ളവോട്ട് ചെയ്തെന്ന പരാതി ഉയര്‍ന്നത്.
മഞ്ജു എന്ന യുവതിയുടെ വോട്ടാണ് മറ്റാരോ രേഖപ്പെടുത്തിയത്. ബൂത്തിലുണ്ടായിരുന്ന പോളിംഗ് ഓഫീസര്‍ സംശയം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പരിശോധിക്കുകയാണ്. പരിശോധനയിലാണ് മഞ്ജുവിന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായി തെളിഞ്ഞത്.