ആലപ്പുഴ: ചേരവള്ളി പള്ളിമുറ്റത്ത് അഞ്ജുവിന്റെയും ശരതിന്റെയും വിവാഹം നടന്നു. ഞായറാഴ്ച രാവിലെ 11.30നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ജമാഅത്ത് പള്ളിയില്‍ വെച്ച് ശരത് അഞ്ജുവിനെ താലി ചാര്‍ത്തിയത്.
ചേരാവള്ളിയില്‍ വാടകയ്ക്കു താമസിക്കുന്ന അമൃതാഞ്ജലിയില്‍ പരേതനായ അശോകന്റെയും ബിന്ദുവിന്റേയും മകള്‍ അഞ്ജു അശോകന്റെ കല്ല്യാണത്തിനാണ് ചേരാവള്ളി മുസ്ലിം ജമാ അത്ത് പള്ളിയില്‍ പന്തലുയര്‍ന്നത്.
ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ വേര്‍തിരിക്കുന്ന കാലത്താണ് മനുഷ്യത്വത്തിനെ മുന്‍നിര്‍ത്തി ചേരാവള്ളി മുസ്ലിം ജമാഅത്ത് മാതൃകയായത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അഞ്ജുവിന്റെ പിതാവ് അശോകന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. തുടര്‍ന്ന് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന ബിന്ദു അയല്‍വാസിയും ജമാ അത്ത് കമ്മറ്റി സെക്രട്ടറിയുമായ നുജുമുദ്ദീന്റെ നിര്‍ദ്ദേശ പ്രകാരം മാസങ്ങള്‍ക്ക് മുമ്പാണ് മകളുടെ കല്ല്യാണം നടത്തുന്നതിന് സഹായം നല്‍കണമെന്ന് ജമാ അത്ത് കമ്മറ്റിയോട് അഭ്യര്‍ത്ഥിച്ചത്.
തുടര്‍ന്ന് ജമാ അത്ത് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടിലിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ഒത്തുചേര്‍ന്ന് അഞ്ജുവിന്റെ വിവാഹം നടത്തുന്ന ചുമതല ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു ആവശ്യമായ ചെലവുകള്‍ ജമാഅത്ത് വഹിക്കും. പെണ്‍കുട്ടിക്ക് അനുയോജ്യനായ വരനെ കണ്ടെത്താന്‍ പള്ളി കമ്മറ്റി നിര്‍ദ്ദേശിക്കുകയുമായിരുന്നു.
രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് അഞ്ജുവും കാപ്പില്‍ കിഴക്ക് തെട്ടേ തെക്കടുത്ത് തറയില്‍ ശശിധരന്റേയും മിനിയുടേയും മകന്‍ ശരതും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. ബിന്ദുവിന്റെ ബന്ധുവാണ് ശരത്. പെണ്‍കുട്ടിക്ക് പത്ത് പവന്‍ സ്വര്‍ണവും വസ്ത്രങ്ങളും പള്ളി കമ്മറ്റി നല്‍കും ഇതിന് പുറമെ വരന്റെയും വധുവിന്റെയും പേരില്‍ രണ്ട് ലക്ഷം രൂപയും പള്ളിക്കമ്മറ്റി ബാങ്കില്‍ നിക്ഷേപിക്കും.
വിവാഹ സഹായത്തിന് ബിന്ദു ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കല്ല്യാണം നടത്തിക്കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു സഹോദരിക്ക് ചെയ്ത് കൊടുക്കേണ്ട നന്മയാണെന്ന് തിരിച്ചറിഞ്ഞാണ് കമ്മറ്റി തീരുമാനം എടുത്തത്. വിവാഹത്തിന് ജമാഅത്ത് കമ്മറ്റി തയ്യാറാക്കിയ വിവാഹക്ഷണകത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
DoolNews Video