| Saturday, 4th January 2020, 12:19 pm

പള്ളി മുറ്റത്ത് അഞ്ജുവിനും ശരതിനും കല്ല്യാണം ; ചിലവുകള്‍ ഏറ്റെടുത്ത് ചേരാവള്ളി മുസ്‌ലിം ജമാഅത്ത് കമ്മറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കായംകുളം ചേരാവള്ളിക്കാര്‍ മുഴുവന്‍ ജനുവരി 19 ന് ചേരാവള്ളി മുസ്‌ലിം ജമാഅത്ത് പള്ളിയില്‍ എത്തും. ഒരു കല്ല്യാണം കൂടാനാണത്. ചേരാവള്ളിയില്‍ വാടകയ്ക്കു താമസിക്കുന്ന അമൃതാ ഞ്ജലിയില്‍ പരേതനായ അശോകന്റെയും ബിന്ദുവിന്റേയും മകള്‍ അഞ്ജു അശോകന്റെ കല്ല്യാണത്തിനാണ് ചേരാവള്ളി മുസ്‌ലിം ജമാ അത്ത് പള്ളിയില്‍ പന്തലുയരുന്നത്.

ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ വേര്‍തിരിക്കുന്ന കാലത്താണ് മനുഷ്യത്വത്തിനെ മുന്‍നിര്‍ത്തി ചേരാവള്ളി മുസ്‌ലിം ജമാഅത്ത് മാതൃകയാവുന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അഞ്ജുവിന്റെ പിതാവ് അശോകന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. തുടര്‍ന്ന് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന ബിന്ദു അയല്‍വാസിയും ജമാ അത്ത് കമ്മറ്റി സെക്രട്ടറിയുമായ നുജുമുദ്ദീന്റെ നിര്‍ദ്ദേശ പ്രകാരം മാസങ്ങള്‍ക്ക് മുമ്പാണ് മകളുടെ കല്ല്യാണം നടത്തുന്നതിന് സഹായം നല്‍കണമെന്ന് ജമാ അത്ത് കമ്മറ്റിയോട് അഭ്യര്‍ത്ഥിച്ചത്.

തുടര്‍ന്ന് ജമാ അത്ത് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടിലിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ഒത്തുചേര്‍ന്ന് അഞ്ജുവിന്റെ വിവാഹം നടത്തുന്ന ചുമതല ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു ആവശ്യമായ ചെലവുകള്‍ ജമാഅത്ത് വഹിക്കും. പെണ്‍കുട്ടിക്ക് അനുയോജ്യനായ വരനെ കണ്ടെത്താന്‍ പള്ളി കമ്മറ്റി നിര്‍ദ്ദേശിക്കുകയുമായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് അഞ്ജുവും കാപ്പില്‍ കിഴക്ക് തെട്ടേ തെക്കടുത്ത് തറയില്‍ ശശിധരന്റേയും മിനിയുടേയും മകന്‍ ശരതും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. ബിന്ദുവിന്റെ ബന്ധുവാണ് ശരത്. പെണ്‍കുട്ടിക്ക് പത്ത് പവന്‍ സ്വര്‍ണവും വസ്ത്രങ്ങളും പള്ളി കമ്മറ്റി നല്‍കുമെന്ന് ജമാ അത്ത് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടില്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ഇതിന് പുറമെ വരന്റെയും വധുവിന്റെയും പേരില്‍ രണ്ട് ലക്ഷം രൂപയും പള്ളിക്കമ്മറ്റി ബാങ്കില്‍ നിക്ഷേപിക്കും.

വിവാഹ സഹായത്തിന് ബിന്ദു ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കല്ല്യാണം നടത്തിക്കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു സഹോദരിക്ക് ചെയ്ത് കൊടുക്കേണ്ട നന്മയാണെന്ന് തിരിച്ചറിഞ്ഞാണ് കമ്മറ്റി തീരുമാനം എടുത്തത്. കല്ല്യാണത്തിന്റെ ചെലവ് ഏറ്റെടുക്കാന്‍ ഒരു ജമാഅത്ത് അംഗം മുന്നോട്ട് വരികയും ചെയ്‌തെന്നും നുജുമുദ്ദീന്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ജുമു അ കഴിഞ്ഞ ശേഷം വിശ്വാസികളുടെ മുന്നില്‍ ഈക്കാര്യം അറിയിച്ചപ്പോള്‍ അവരും ജമാ അത്ത് കമ്മറ്റിയുടെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു.

വരുന്ന ജനുവരി 19- ന് രാവിലെ 11.30- നും 12.30- നും മധ്യേ ചേരാവള്ളി ജമാ അത്ത് പള്ളിക്ക് സമീപം ഫിത്വറ ഇസ്‌ലാമിക് അക്കാദമിയില്‍ വെച്ചാണ് വിവാഹം. ഹിന്ദു വിശ്വാസ ആചാര പ്രകാരമായിരിക്കും വിവാഹം നടക്കുകയെന്നും നജുമുദ്ദീന്‍ ഡൂള്‍ ന്യൂസിനോട് വ്യക്തമാക്കി.

വീട്ടുകാര്‍ക്കൊപ്പം ജമാ അത്ത് കമ്മിറ്റിയും വിവാഹ ക്ഷണക്കത്ത് എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. ജമാ അത്ത് ലെറ്റര്‍പാഡിലാണ് ക്ഷണക്കത്ത്. സമൂഹ മാധ്യമങ്ങളില്‍ ഈ കത്ത് വൈറലായിട്ടുണ്ട്.

‘2020 ജനവരി 19 -ാം തീയതി ഞായറാഴ്ച പകല്‍ 11.30നും 12.30 നും മധ്യേ (കായംകുളം) ചേരാവള്ളി ജമാഅത്ത് പള്ളി അങ്കണത്തില്‍ വച്ച് (ചേരാവള്ളി ക്ഷേത്രത്തിന് തെക്ക് വശം ‘അമൃതാജ്ഞലി’യില്‍ പരേതനായ അശോകന്റെയും ശ്രീമതി ബിന്ദുവിന്റെയും മകള്‍) ബിന്ദു അശോകന്റെയും കാപ്പില്‍ കിഴക്ക്, തൊട്ടേ തെക്കെടുത്ത് തറയില്‍ ശ്രീ.ശശിധരന്‍ ശ്രീമതി മിനി ശശി ദമ്പതികളുടെ മകന്‍ ശരത് ശശിയുടേയും വിവാഹം നടത്തപ്പെടുകയാണ്.

അനുഗൃഹീതമായ മംഗളകര്‍മ്മത്തിന് സാക്ഷ്യം വഹിച്ച് ചടങ്ങ് ധന്യമാക്കുവാന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിച്ച് കൊള്ളുന്നു’
സ്‌നേഹപൂര്‍വ്വം,

നജുമുദ്ദീന്‍ ആലുംമൂട്ടില്‍,
സെക്രട്ടറി,
ചേരാവള്ളി മുസ്ലീം ജമാഅത്ത് കമ്മിറ്റി’ എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കത്ത് പങ്കുവെച്ചതും പള്ളി കമ്മറ്റിക്ക് അഭിനന്ദങ്ങളുമായി രംഗത്ത് എത്തിയതും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

താന്‌‍  ജമാ അത്ത് കമ്മറ്റി സെക്രട്ടറി എന്ന നിലയിലാണ് കത്ത് തയ്യാറാക്കിയത്. പിന്നീട് ആരോ സോഷ്യല്‍ മീഡിയയില്‍ കത്ത് പങ്കുവെയ്ക്കുകയും വൈറലാകുകയായിരുന്നെന്നും നജുമുദ്ദീന്‍ പറഞ്ഞു.

രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തിനുള്ള മറുപടി കൂടിയാണ് വിവാഹച്ചടങ്ങിലൂടെ ലക്ഷ്യമാക്കുന്നതെന്ന് നുജുമുദ്ദീന്‍ പറഞ്ഞു. കത്ത് സോഷ്യല്‍ മീഡിയയില്‍ കണ്ടതിനെ തുടര്‍ന്ന് നിരവധിയാളുകളാണ് അഭിനന്ദനങ്ങളുമായി വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് മക്കളാണ് ബിന്ദുവിനുള്ളത്.  മക്കളായ അഞ്ജുവും സഹോദരി അമൃതാഞ്ജലിയും സാമ്പത്തിക പ്രയാസം കാരണം പ്ലസ് ടു കഴിഞ്ഞ ശേഷം പഠനം നിര്‍ത്തുകയായിരുന്നു. പ്ലസ് ടുവിന് പഠിക്കുന്ന ആനന്ദാണ് അഞ്ജുവിന്റെ ഇളയ സഹോദരന്‍.

വിവാഹത്തില്‍ ആലപ്പുഴ എം. പി ആരിഫ്,  കായംകുളം എം. എല്‍. എ യു പ്രതിഭ തുടങ്ങിയവരും പങ്കെടുക്കും.

DoolNews Video

We use cookies to give you the best possible experience. Learn more