| Tuesday, 5th March 2013, 2:01 pm

കായംകുളം : പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി ആര്യാടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  കായംകുളം താപനിലയത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കക്കാട് ഡാമില്‍ നിന്നു ജലമെത്തിച്ച് വൈദ്യുതി ഉല്‍പാദനം സാധാരണനിലയിലാക്കുമെന്നും ആര്യാടന്‍ പറഞ്ഞു.[]

ശുദ്ധജല ക്ഷാമം മൂലം കായംകുളം താപനിലയം പ്രതിസന്ധി നേരിടുകയാണ്. മൂന്നു ദിവസം കൂടിയേ താപനിലയം പ്രവര്‍ത്തിക്കുകയുള്ളെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

ശുദ്ധജലക്ഷാമം മുന്നില്‍കണ്ട് ജനുവരിയില്‍ തന്നെ ജലസേചന വകുപ്പിന് അറിയിപ്പ് നല്‍കിയിരുന്നതായും എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടികള്‍ ഉണ്ടായില്ലെന്നും എന്‍.ടി.പി.സി അധികൃതര്‍ പറഞ്ഞു.

ദിവസങ്ങള്‍ക്കകം നിലയം പൂട്ടേണ്ടി വരും എന്ന അവസ്ഥ വന്നതോടെ ഉല്‍പാദനം 150 മെഗാവാട്ടായി വെട്ടിക്കുറച്ചതോടെയാണ് ഇത്രയും ദിവസമെങ്കിലും നിലയം പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചത്.

ഉല്‍പാദനശേഷി വെട്ടിക്കുറച്ചതിനാലാണ് ഇത്രയും ദിവസം നിലയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞത്.  ശുദ്ധജലക്ഷാമം മൂലം പ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്ന കായംകുളം താപനിലയത്തില്‍ നിന്നും 160 മെഗാവാട്ട് വാങ്ങിയിരുന്ന കെഎസ്ഇബി കഴിഞ്ഞ ആഴ്ച്ച മുതല്‍ 330 മെഗാവാട്ട് വാങ്ങി തുടങ്ങിയത് പ്രതിസന്ധിയുടെ ആക്കം കൂടാന്‍ കാരണമായി.

എന്‍.ടി.പി.സി യിലേക്ക് ജലം എത്തിക്കുന്ന അച്ചന്‍കോവിലാറ്റില്‍ ഉപ്പുരസത്തിന്റെ അളവ് കുറയാത്തതിനാല്‍ നിലയത്തിലെ ഒരു സംഭരണയില്‍ ശേഷിക്കുന്ന ജലം മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുക.

ഇത് ഉപയോഗിച്ച് പരിമിതമായ ദിവസങ്ങളിലെ മാത്രമെ ഉല്‍പാദനം നടത്താന്‍ സാധിക്കുകയുള്ളുവെന്ന് എന്‍.ടി.പി.സി ജനറല്‍ മാനേജര്‍ സിവി സുബ്രഹ്മണ്യം വ്യക്തമാക്കി.

ചെന്നിത്തല കാവുംപാട്ട് ഭാഗത്ത് ബണ്ട് നിര്‍മ്മിച്ചും കനാലുകളില്‍ നിന്നും വെള്ളം കയറ്റി വിട്ടും അച്ചന്‍കോവിലാറ്റിലെ ജല നിരപ്പ് ഉയര്‍ത്തി ഉപ്പു രസം കുറക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന ജലസേചന വകുപ്പ് അധികൃതരുടെ യോഗത്തില്‍ തീരുമാനമായിരുന്നു.

ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു തുടങ്ങിയതോടെ ജനുവരി 23ന് തന്നെ ജലസേചന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും എന്‍.ടി.പി.സി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ഇതാദ്യമായിട്ടാണ് എന്‍ടിപിസി ഇത്ര രൂക്ഷമായ പ്രതിസന്ധി നേരിടുന്നത്.

We use cookies to give you the best possible experience. Learn more