| Sunday, 1st July 2018, 3:45 pm

കവാസാക്കി നിഞ്ച ഇസഡ്.എക്‌സ്-10 ആര്‍, ഇസഡ്.എക്‌സ്-10 ആര്‍.ആര്‍ വിപണിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പുതിയ കവാസാക്കി നിഞ്ച ഇസഡ്.എക്‌സ്-10 ആര്‍, ഇസഡ്. എക്‌സ്-10 ആര്‍.ആര്‍ ബൈക്കുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 12.80 ലക്ഷം രൂപക്കാണ് ഇന്ത്യന്‍ നിര്‍മിത ഇസഡ്.എക്‌സ്-10 ആര്‍ വില്‍പനയ്ക്ക് എത്തുന്നത്. 16.10 ലക്ഷം രൂപയാണ് ഇസഡ്.എക്‌സ്-10 ആര്‍.ആറിനു വില.

ഈ മാസം മാത്രമെ ഈ വിലയ്ക്ക് മോഡലുകള്‍ ലഭ്യമാവുകയുള്ളു. ആഗസ്റ്റില്‍ ബൈക്കുകളുടെ വില കൂട്ടുമെന്ന് കവാസാക്കി വ്യക്തമാക്കി. കവാസാക്കി ഡീലര്‍ഷിപ്പുകളില്‍ നിന്നും ഇസഡ്.എക്‌സ്-10 ആര്‍, ഇസഡ്. എക്‌സ്-10 ആര്‍.ആര്‍ ബൈക്കുകള്‍ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.

ആഗോളതലത്തില്‍ പേരുകേട്ട സൂപ്പര്‍ ബൈക്കുകളില്‍ ഒന്നാണ് കവാസാക്കി നിഞ്ച ഇസഡ്.എക്‌സ്-10 ആര്‍. ഇതുവരെയും പൂര്‍ണ ഇറക്കുമതി മോഡലായാണ് നിഞ്ച ഇസഡ്.എക്‌സ്-10 ആറിനെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്.


Also Read:  7 സീറ്റ് വാഗണ്‍ ആര്‍ നവംബറില്‍ നിരത്തുകളില്‍ എത്തും


എന്നാല്‍ ഇക്കുറി ഇന്ത്യന്‍ നിര്‍മ്മിത നിഞ്ച ഇസഡ്.എക്‌സ്-10 ആര്‍, ഇസഡ്. എക്‌സ്-10 ആര്‍.ആര്‍ സൂപ്പര്‍ ബൈക്കുകളാണ് വില്‍പനയ്ക്കെത്തുന്നത്. പച്ചനിറത്തില്‍ പ്രത്യേക കെ.ആര്‍.ടി എഡിഷന്‍ കവാസാക്കി നിഞ്ച ഇസഡ്.എക്‌സ്-10 ആറില്‍ ലഭ്യമാണ്.

അതേസമയം, കറുപ്പ് നിറത്തില്‍ മാത്രമെ ഇസഡ്. എക്‌സ്-10 ആര്‍.ആര്‍ ലഭ്യമാവുകയുള്ളു. 998 സി.സി ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എന്‍ജിനാണ് ഇരു മോഡലുകളിലും ഉപയോഗിച്ചിട്ടുള്ളത്. 197 ബി.എച്ച്.പി കരുത്തും 113.4 എന്‍.എം ടോര്‍ക്കും എന്‍ജിന് കരുത്തേകും.

ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. അലൂമിനിയം പെരിമീറ്റര്‍ ഫ്രെയിം ഒരുങ്ങുന്ന ബൈക്കുകളില്‍ യഥാക്രമം 120/70 ഇസഡ്.ആര്‍ 17, 190/55 ഇസഡ്.ആര്‍ 17 ടയറുകള്‍ മുന്നിലും പിന്നിലും ഇടംപിടിക്കും.

മോട്ടോ ജി.പി മോഡലുകള്‍ ഉപയോഗിക്കുന്ന ഷോവ 43 എം.എം ബാലന്‍സ് ഫ്രീ ഫോര്‍ക്ക് സസ്‌പെന്‍ഷന്‍ ഇരു ബൈക്കുകളിലും ഉപയോഗിച്ചിട്ടുണ്ട് . മുന്നില്‍ 330 എം.എം ബ്രെമ്പോ സെമി- ഫ്‌ളോട്ടിംഗ് ഡിസ്‌ക്കുകള്‍ ബ്രേക്കിംഗ് ഒരുക്കും. പിന്നില്‍ 220 എം.എം ഡിസ്‌ക്കാണ് ബ്രേക്കിംഗ്. കവാസാക്കി ഇന്റലിജന്റ് ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനവും മോഡലുകളിലുണ്ട്.

സ്‌പോര്‍ട് കവാസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍, കവാസാക്കി ലോഞ്ച് കണ്‍ട്രോള്‍ മോഡല്‍, കവാസാക്കി എന്‍ജിന്‍ ബ്രേക്കിംഗ് കണ്‍ട്രോള്‍, കവാസാക്കി ക്വിക്ക് ഷിഫ്റ്റര്‍, കവാസാക്കി കോര്‍ണര്‍ മാനേജ്‌മെന്റ് ഫംങ്ഷന്‍, ബോഷ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് എന്നിവയുടെ പിന്തുണയും ഇസഡ്.എക്‌സ്-10 ആര്‍, ഇസഡ്. എക്‌സ്-10 ആര്‍.ആര്‍ ബൈക്കുകള്‍ അവകാശപ്പെടുന്നുണ്ട്.


Also Read:  തോമസ് ചാണ്ടി നികത്തിയ സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതി; കളക്ടറുടെ കണ്ടെത്തലുകള്‍ പൂര്‍ണമായും ശരിവെച്ചു


പവര്‍ മോഡുകളാണ് മറ്റൊരു വിശേഷം. ഫുള്‍, മിഡില്‍, ലോ എന്നീ മൂന്നു പവര്‍ മോഡുകള്‍ യഥാക്രമം 100, 80, 60 ശതമാനം കരുത്തുല്‍പ്പാദിപ്പിക്കും. രാജ്യാന്തര വിപണികളില്‍ മൂന്നു വകഭേദങ്ങളില്‍ നിഞ്ച ഇസഡ്.എക്‌സ്-10 ആര്‍ ലഭ്യമാണ്.

ബി.എം.ഡബ്ല്യു എസ് 1000 ആര്‍.ആര്‍ യമഹ വൈ.ഇസഡ്.എഫ്-ആര്‍ 1, ഹോണ്ട സി.ബി.ആര്‍ 1000 ആര്‍.ആര്‍ മോഡലുകളാണ് കവാസാക്കി പുതിയ നിഞ്ചയുടെ എതിരാളികള്‍.

Latest Stories

We use cookies to give you the best possible experience. Learn more