നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്തു; നിര്‍ഭയ കേസിനേക്കാള്‍ പ്രഹര ശേഷിയുള്ളതാണ് നടിക്കെതിരായ ആക്രമണമെന്ന് പ്രോസിക്യൂഷന്‍
Daily News
നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്തു; നിര്‍ഭയ കേസിനേക്കാള്‍ പ്രഹര ശേഷിയുള്ളതാണ് നടിക്കെതിരായ ആക്രമണമെന്ന് പ്രോസിക്യൂഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th July 2017, 7:15 pm

കൊച്ചി: നടി ആക്രമണത്തിനിരയായ കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ പൊലീസ് ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലുള്ള വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കാവ്യാ മാധവനേയും അമ്മയേയും ചോദ്യം ചെയ്യുമെന്ന വിധത്തില്‍ നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ഇന്ന് പൊലീസ് സംഘമെത്തി കാവ്യയെ ചോദ്യം ചെയ്തത്.

രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകീട്ട് അഞ്ചു മണിവരെ നീണ്ടു. കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കാവ്യാ മാധവനില്‍ നിന്നും ലഭിച്ചതായാണ് വിവരം. ചോദ്യം ചെയ്യലുമായി സഹകരിക്കാമെന്നും എന്നാല്‍ ആലുവയിലെ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും കാവ്യ പറഞ്ഞിരുന്നു.

ചോദ്യം ചെയ്യലിന് കാവ്യ പറയുന്നിടത്ത് എത്താമെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതേത്തുടര്‍ന്നാണ് ആലുവയിലെ വസതിയില്‍ പൊലീസ് എത്തിയത്.ചോദ്യം ചെയ്യലുമായി കാവ്യാ മാധവന്‍ പൂര്‍ണ്ണമായും സഹകരിച്ചതായി പൊലീസ് പറഞ്ഞു.


Also Read:  ‘എന്തിനാണ് ഞാന്‍ അങ്ങനെയൊരു പരാതി നല്‍കുന്നത്’; ലാല്‍ ജൂനിയറിനെതിരെ പരാതി നല്‍കിയത് താനാണെന്ന സോഷ്യല്‍ മീഡിയ പ്രചരണത്തിനെതിരെ തുറന്നടിച്ച് ആര്യ 


നേരത്തെ നടി ആക്രമിക്കപ്പെട്ട കേസ് ന്യൂദല്‍ഹിയിലെ നിര്‍ഭയ കേസിനെക്കാള്‍ ഗൗരവതരമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. നിര്‍ഭയ സംഭവത്തിലേതിനെക്കാള്‍ പ്രഹരശേഷിയുള്ള തെളിവുകള്‍ ഈ കേസിലുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കേസിലെ നടപടികള്‍ തുറന്ന കോടതിയില്‍ ആകരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. നേരത്തെ ലൈംഗിക അതിക്രമം നടത്താന്‍ ക്വട്ടേഷന്‍ നല്‍കുന്നത് നിയമ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു.