തിരുവനന്തപുരം: കവിയൂര്‍ കേസില്‍ തുടരന്വേഷണം ആവശ്യമാണെന്ന് കോടതി. അതേസമയം സി.ബി.ഐ സമര്‍പ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളി. മരിച്ച അനഘ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ ശരിയായ രീതിയില്‍ അന്വേഷണം വേണമെന്നും. അനഘയെ അച്ഛന്‍ തന്നെ പീഡിപ്പിച്ചു എന്ന വാദം അംഗീകരിക്കാനാവില്ലെന്നും മൂന്നാം തുടരന്വേഷണം പ്രഹസനമാണെന്നും കോടതി പറഞ്ഞു.
കേസില്‍ അനഘയെ പീഡിപ്പിച്ചത് പിതാവാകാമെന്നായിരുന്നു സി.ബി.ഐയുടെ മുന്നാം തുടരന്വേഷണ റിപ്പോര്‍ട്ടിലെ നിഗമനം. അനഘയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിന്റേയും സാക്ഷിമൊഴിയുടേയും അടിസസ്ഥാനത്തിലായിരുന്നു ഈ നിഗമനം. അതേസമയം കേസില്‍ മറ്റ് പ്രതികള്‍ ഉണ്ടെന്നുള്ളത് കണ്ടത്താനായില്ലെന്നും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയുന്നു. സി.ബി.ഐയുടെ ഈ റിപ്പോര്‍ട്ടാണ് കോടതി ഇപ്പോള്‍ തള്ളിയിരിക്കുന്നത്.
നേരത്തെയുള്ള രണ്ട് അന്വേഷണ റിപ്പോര്‍ട്ടിലും അനഘയെ അച്ഛനായ നാരായണന്‍ നമ്പൂതിരിയാണ് പീഡിപ്പിച്ചതെന്ന് സി.ബി.ഐ. വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ രണ്ട് റിപ്പോര്‍ട്ടുകളും പ്രത്യേക സി.ബി.ഐ. കോടതി തള്ളിയിരുന്നു.
പോസ്റ്റുമോര്‍ട്ടംചെയ്ത ഡോ. സരിതയുടെ റിപ്പോര്‍ട്ടില്‍ അനഘ ആത്മഹത്യയ്ക്ക് മുമ്പ് 24നും 72 മണിക്കൂറിനും ഇടയില്‍ പിഡിപ്പിക്കപ്പെട്ടതായി വ്യക്തമാക്കുന്നതായും അഡീഷണല്‍ പോലീസ് സൂപ്രണ്ട് എ.നന്ദകുമാരന്‍ നായര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2004 സപ്തംബര്‍ 27നാണ് കവിയൂര്‍ ക്ഷേത്രത്തിന് കിഴക്കേനടക്ക് സമീപമുള്ള വാടകവീട്ടില്‍ താമസിച്ചിരുന്ന ക്ഷേത്രപൂജാരി കെ.എ. നാരായണന്‍ നമ്പൂതിരി, ഭാര്യ ശോഭന, മക്കളായ അനഘ (15), അഖില (ഏഴ്), അക്ഷയ് (അഞ്ച്) എന്നിവരെ 2004 സെപ്തംബര്‍ 28നാണ് ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. മരണത്തിന് മണിക്കൂറുകള്‍ മുമ്പ്തന്നെ അനഘ പീഡനത്തിന് ഇരയായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
ഈ കേസില്‍ കിളിരൂര്‍ കേസിലെ മുഖ്യപ്രതി ലതാനായരെ മാത്രമാണ് സി.ബി.ഐ പ്രതിസ്ഥാനത്ത് ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്. അതേസമയം അനഘയെ സി.പി. എം നേതാക്കളുടെ മക്കളും പ്രമുഖരും പീഡിപ്പിച്ചിട്ടുണ്ടെന്നും കേസ് അട്ടിമറിക്കപ്പെടുകയാണെന്നുമുള്ള ആരോപണങ്ങളുമുയര്‍ന്നിരുന്നു.