ഹൈദരാബാദ്: കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് നേരിടുകയും പിന്നീട് ബി.ജെ.പിയിലെത്തിയതോടെ റെയ്ഡുകളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്ത നേതാക്കളുടെ ചിത്രങ്ങളുള്ള പോസ്റ്ററുമായി ഹൈദരാബാദ്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും ബി.ആര്‍.എസ് എം.എല്‍.സിയുമായ കവിതയെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണിത്.
കവിതയുടെ ഫോട്ടോയും ബി.ജെ.പിയിലേക്ക് കൂറുമാറിയ മറ്റ് നേതാക്കളുടെ ഫോട്ടോയുമാണ് പോസ്റ്ററിലുള്ളത്. സോപ്പുപൊടിയുടെ പരസ്യത്തിന്റെ മാതൃകയിലാണ് പോസ്റ്ററുകള്‍ ഒരുക്കിയിരിക്കുന്നത്.
‘റെയ്ഡ് ഡിറ്റര്‍ജന്റ്’ നേതാക്കളുടെ ടീ-ഷര്‍ട്ടിന്റെ നിറം വെളുപ്പില്‍ നിന്നും കാവിയിലേക്ക് മാറുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. കവിതയുടെ വസ്ത്രങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതും പോസ്റ്ററില്‍ കാണാം.
ബൈ ബൈ മോദി എന്ന ഹാഷ്ടാഗും പോസ്റ്ററിന് താഴെ നല്‍കിയിട്ടുണ്ട്. പോസ്റ്ററിന്റെ വലതുവശത്ത് നല്‍കിയിരിക്കുന്ന കവിതയുടെ ചിത്രത്തോടൊപ്പം ശരിയായ നിറങ്ങള്‍ മാറില്ല (True colors never face) എന്നും എഴുതിയിട്ടുണ്ട്.