| Tuesday, 27th October 2020, 2:44 pm

കശ്മീരും രാമക്ഷേത്രവുമല്ലാതെ ബീഹാറിന് മുന്നില്‍ വെക്കാന്‍ മോദിയുടെ കയ്യില്‍ എന്തുണ്ട്? തൊഴിലെവിടെയെന്ന് ചോദിച്ചാല്‍ മൗനമെന്നും കവിതാ കൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ മോദിയുടെ കയ്യില്‍ ഒന്നുമില്ലെന്ന് സി.പി.ഐ.എം.എല്‍ ലിബറേഷന്‍ നേതാവ് കവിതാ കൃഷ്ണന്‍. അവരിപ്പോഴും സംസാരിച്ച് കൊണ്ടിരിക്കുന്നത് കശ്മീരിനെക്കുറിച്ചും രാമക്ഷേത്രനിര്‍മാണത്തെക്കുറിച്ചും മാത്രമാണെന്നും കവിത പറഞ്ഞു. മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മോദിയുടെ ജനപ്രീതിയ്ക്ക് പ്രശ്‌നമൊന്നുമില്ലെന്നത് അബദ്ധ ധാരണയാണെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. നിതീഷിനെതിരെയാണ് ജനവികാരമെന്നും വിധി തങ്ങള്‍ക്കനുകൂലമാണെന്നാണല്ലോ ബി.ജെ.പി പറയുന്നതെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

‘അവര്‍ക്കങ്ങിനെ വിചാരിക്കാം. പക്ഷേ, അതല്ല വസ്തുത. മോദിയുടെ ജനപ്രീതിക്ക് പ്രശ്‌നമൊന്നുമില്ലെന്നത് അബദ്ധധാരണയാണ്. മോദിക്ക് ബീഹാറിലെ ജനങ്ങള്‍ക്ക് നല്‍കാനൊന്നുമില്ലെന്നതാണ് വാസ്തവം. കശ്മീരിനെക്കുറിച്ചും 370-ാം വകുപ്പിനെക്കുറിച്ചും രാമക്ഷേത്രത്തിനെക്കുറിച്ചുമൊക്കെയാണ് മോദി സംസാരിക്കുന്നത്. തൊഴിലെവിടെ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഇതിന് മോദിക്ക് ഉത്തരമില്ല,’ കവിതാ കൃഷ്ണന്‍ പറഞ്ഞു.

ജെ.ഡി.യുവിന് സീറ്റ് കുറഞ്ഞാലും നിതീഷ് കുമാര്‍ തന്നെയാകും മുഖ്യമന്ത്രിയെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഈ വാദത്തിനെതിരെയും കവിതാ കൃഷ്ണന്‍ പ്രതികരിച്ചു.

‘അത് വളരെ രസകരമാണ്. നിതീഷിന് സീറ്റ് കുറഞ്ഞാല്‍ എന്താകും അവസ്ഥയെന്ന ചോദ്യത്തിനാണ് ഷാ ഇങ്ങനെ മറുപടി പറഞ്ഞത്. വാസ്തവത്തില്‍ നിതീഷിന് സീറ്റ് കുറയില്ല എന്നായിരുന്നു ഷാ മറുപടി പറയേണ്ടിയിരുന്നത്. നിതീഷിന് സീറ്റ് കുറയുമ്പോള്‍ ബി.ജെ.പിക്ക് സീറ്റ് കൂടുന്നതെങ്ങനെയാണ്? അവര്‍ സഖ്യമായാണ് മത്സരിക്കുന്നത്. അപ്പോള്‍ നിതീഷിന് സീറ്റ് കുറയുകയും ബി.ജെ.പിക്ക് സീറ്റ് കൂടുകയും ചെയ്യണമെങ്കില്‍ അതില്‍ എന്തെങ്കിലും കള്ളക്കളിയുണ്ടാവണം,’ കവിതാ കൃഷ്ണന്‍ പറഞ്ഞു.

‘അങ്ങനെയെങ്കില്‍, പക്ഷെ’ എന്നൊന്നുമില്ല, നിതീഷ് കുമാറായിരിക്കും ബീഹാറിലെ അടുത്ത മുഖ്യമന്ത്രി. മൂന്നില്‍ രണ്ട് ഭാഗം വോട്ടും എന്‍.ഡി.എയ്ക്ക് ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം പുറത്ത് വന്ന സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം ആളുകളും ബി.ജെ.പിയും എല്‍.ജെ.പിയും തമ്മില്‍ രഹസ്യ ധാരണയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.

‘എല്‍.ജെ.പിയും ബി.ജെ.പിയും യഥാര്‍ത്ഥത്തില്‍ പരസ്പരം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ എന്ന ചോദ്യത്തിന് 61 ശതമാനം പേരും ഉണ്ട് എന്നാണ് ഉത്തരം പറഞ്ഞത്.വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ചിരാഗ് ഇത്തരത്തില്‍ ഒരു നീക്കം തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയതെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രയാപ്പെട്ടു.

ചിരാഗ് പാസ്വാന്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍, പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുകയും തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുമായി സഖ്യം ഉണ്ടാക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 57.7 ശതമാനം പേര്‍ ഉണ്ടെന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്. നേരത്തെയും ആര്‍.എസ്.എസ് ചിരാഗ് പാസ്വാന് അനുകൂലമായ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ബി.ജെ.പി നിലവില്‍ ചിരാഗ് പാസ്വാന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും ഏതെങ്കിലും ഘട്ടത്തില്‍ എല്‍.ജെ.പിക്ക് അനുകൂലമായ നിലപാടെടുത്താല്‍ നിതീഷ് കുമാറിന് കനത്ത തിരിച്ചടിയായിരിക്കും.

ബീഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kavitha Krishnan says Modi has nothing to put forward to Bihar people

We use cookies to give you the best possible experience. Learn more