കവിത കൃഷ്ണനെ സി.പി.ഐ(എം.എല്‍) നേതൃസ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തു; പാര്‍ട്ടി അംഗമായി തുടരുമെന്ന് കവിത
national news
കവിത കൃഷ്ണനെ സി.പി.ഐ(എം.എല്‍) നേതൃസ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തു; പാര്‍ട്ടി അംഗമായി തുടരുമെന്ന് കവിത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd September 2022, 9:02 am

ന്യൂദല്‍ഹി: സി.പി.ഐ(എം.എല്‍) ലിബറേഷന്‍ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണനെ പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ നിന്നും മറ്റ് ഉത്തരവാദിത്തങ്ങളില്‍ നിന്നും നീക്കം ചെയ്തു. ഇരുപത് വര്‍ഷത്തിലധികമായി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു കവിത കൃഷ്ണന്‍.

പാര്‍ട്ടി നേതൃത്വവുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്. കവിത കൃഷ്ണന്റെ അഭ്യര്‍ത്ഥന പ്രകാരം തന്നെയാണ് നേതൃ സ്ഥാനങ്ങളില്‍ നിന്നുള്ള മാറ്റി നിര്‍ത്തല്‍.

അതേസമയം താന്‍ പ്രാഥമികമായി പാര്‍ട്ടി അംഗമായി തുടരുമെന്നും, തന്നെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് നേരത്തെ കേന്ദ്ര കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നെന്നും ദ ഹിന്ദുവിന് നല്‍കിയ പ്രതികരണത്തില്‍ കവിത കൃഷ്ണന്‍ പറഞ്ഞു.

”പാര്‍ട്ടി കേന്ദ്ര കമ്മിറ്റി എന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചു, ഇത് രാജിയല്ല, പരസ്പര ധാരണ പ്രകാരം ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറിനില്‍ക്കലാണ്. പാര്‍ട്ടിയുമായി ഒരു പിണക്കവുമില്ല,” അവര്‍ പറഞ്ഞു.

ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും പാര്‍ലമെന്ററി ജനാധിപത്യത്തെ അവയുടെ എല്ലാ പോരായ്മകളോടും കൂടി തന്നെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും തിരിച്ചറിയുന്നു. ഇപ്പോള്‍ നിലവിലുള്ളതോ കഴിഞ്ഞ് പോയതോ ആയ സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍, നിലവിലുള്ള മുതലാളിത്ത ജനാധിപത്യത്തെക്കാള്‍ ഭീകരമായ സമഗ്രാധിപത്യങ്ങളായിരുന്നുവെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും കവിത കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

”സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യത്തേക്കാള്‍ വളരെ മോശമായ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളായിരുന്നു,” എന്ന തരത്തില്‍ ഉക്രൈന്‍- റഷ്യ വിഷയത്തില്‍ അവര്‍ ട്വീറ്റ് ചെയ്തിരുന്നു.

ബുദ്ധിമുട്ടേറിയ ചില രാഷ്ട്രീയ ചോദ്യങ്ങളെ പിന്തുടരേണ്ടതുണ്ടെന്നും എന്നാല്‍ സി.പി.ഐ.എം.എല്ലിന്റെ സ്ഥാനങ്ങളില്‍ നിന്നുകൊണ്ട് അതിന് സാധിക്കില്ലെന്നും അവര്‍ പ്രതികരിച്ചു.

ഓഗസ്റ്റ് 25 മുതല്‍ 27 വരെ സി.പി.ഐ(എം.എല്‍) സെന്‍ട്രല്‍ കമ്മിറ്റി യോഗം വിജയവാഡയില്‍ വെച്ച് ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വെച്ചായിരുന്നു കവിതയെ, അവരുടെ അഭ്യര്‍ത്ഥന പ്രകാരം പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചത്.

Content Highlight: Kavita Krishnan removed from CPI(ML) leadership