[] മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കരെയുടെ ഭാര്യ കവിത കര്‍ക്കരെ(57) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം.
മസ്തിഷ്‌കാഘാതം മൂലം കോമ അവസ്ഥയില്‍ കഴിയുകയായിരുന്നു അവര്‍. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ ബോധക്ഷയമുണ്ടായതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോളജ് അധ്യാപികയായിരുന്ന അവരുടെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുകൊടുക്കും.
മികച്ച ആയുധങ്ങളും സജ്ജീകരണങ്ങളും നല്‍കിയിരുന്നെങ്കില്‍ മുംബൈ ഭീകരാക്രമണത്തില്‍ തന്റെ ഭര്‍ത്താവ് കൊല്ലപ്പെടില്ലായിരുന്നുവെന്ന കവിതയുടെ പ്രസ്താവന വാര്‍ത്തയായിരുന്നു. കര്‍ക്കരെയുടെ മരണത്തില്‍ അനുശോചനം അറിയിക്കാന്‍ എത്തിയ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ കവിത വിസമ്മതിച്ചതും മാധ്യമ ശ്രദ്ധ നേടിയിരുന്നു.
2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിനിടെ കാമാ ആശുപത്രിയിലുണ്ടായ ഏറ്റുമുട്ടലിലാണ് കര്‍ക്കരെ കൊല്ലപ്പെട്ടത്. അഡീഷണല്‍ പോലീസ് കമ്മീഷണര്‍ അശോക് കാംതേ, സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിജയ് സലസ്‌കര്‍ എന്നിവരും കര്‍ക്കരെക്കൊപ്പം കൊല്ലപ്പെട്ടിരുന്നു.