ബെംഗളൂരു: കാവേരി നദിയില്‍ നിന്നും തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കാനുള്ള ഉത്തരവിന് പിന്നാലെ ചൊവ്വാഴ്ച കര്‍ണാടകയില്‍ ആഹ്വാനം ചെയ്ത ബന്ദ് ജനജീവിതത്തെ ബാധിച്ചേക്കും. നാളെ നടക്കുന്ന ബന്ദിന് കര്‍ണാടക ആര്‍.ടി.സി, തൊഴിലാളി യൂണിയനുകള്‍ ഉള്‍പ്പെടെ പിന്തുണ അറിയിച്ചതോടെ ഗതാഗതം തടസ്സപ്പെടും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
മെട്രോ പതിവുപോലെ സര്‍വീസ് നടത്തുമെന്ന് ബി.എം.ആര്‍.സി അറിയിച്ചു. എന്നാല്‍ മറ്റ് ബസുകളോ ടാക്‌സികളോ ഓടില്ല. കന്നഡ അനുകൂല സംഘടനകളും കര്‍ഷക സംഘടനകളും ആഹ്വാനം ചെയ്ത ബന്ദിന് വെബ് ടാക്‌സി, ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാരുടെ യൂണിയനുകള്‍ എന്നിവരും പിന്തുണ അറിയിച്ചിട്ടുണ്ട്.
ഐ.ടി കമ്പനി തൊഴിലാളികള്‍ക്ക് വര്‍ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. വ്യാപാര വ്യവസായ സ്ഥാപനങ്ങളോ സ്‌കൂള്‍, കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളോ തുറക്കരുതെന്ന് കന്നഡ അനുകൂല സംഘടനകള്‍ അഭ്യര്‍ത്ഥിച്ചു. നഗരത്തില്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.
നാളത്തെ ബന്ദ് ജനജീവിതം സ്തംഭിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തിലേക്കുള്ള യാത്രകളെ ഇത് കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്, കര്‍ണാടക ആര്‍.ടി.സിക്കും ടാക്‌സി യൂണിയനുകള്‍ക്കും പുറമെ ഹോട്ടല്‍ ഉടമകളുടെ സംഘടനയായ ബൃഹത് ബെംഗളൂരു ഹോട്ടല്‍ അസോസിയേഷന്റെയും പിന്തുണ ഉള്ളതിനാല്‍ ഹോട്ടലുകളും തുറക്കില്ല.
ഇതിന് പുറമെ ബി.ജെ.പി, ജനതാ ദള്‍-എസ്, ആം ആദ്മി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ 150 കന്നഡ അനുകൂല സംഘടനകളും ബന്ദിന് പിന്തുണയറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വരള്‍ച്ച വ്യാപകമാകുന്നതിനിടെ തമിഴ്‌നാടിന് കൂടുതല്‍ ജലം വിട്ടുനല്‍ണമെന്നുള്ള കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റി ഉത്തരവില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. ഉത്തരവില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ താമസിക്കുന്ന ഇടങ്ങളിലും തമിഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലും പൊലീസ് പ്രത്യേക സുരക്ഷ സന്നാഹം ശക്തമാക്കി. അക്രമസംഭവങ്ങള്‍ തടയാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ബി. ദയാനന്ദ് അറിയിച്ചു.
അതേസമയം, തമിഴ് സിനിമകളുടെ പ്രദര്‍ശനത്തിന് കര്‍ണാടകയില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് കന്നഡ അനുകൂല സംഘടനയായ കന്നഡ ചലാവലി വട്ടാല്‍ പക്ഷ നേതാവും മുന്‍ എം.എല്‍.എയുമായ വട്ടാല്‍ നാഗരാജ് ആവശ്യപ്പെട്ടു.
ബന്ദ് ബാധിക്കാത്ത മേഖലകള്‍
ആശുപത്രികളും മെഡിക്കല്‍ സേവനങ്ങളെയും ബന്ദ് ബാധിക്കില്ല. പൊതുജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആശുപത്രികള്‍, മരുന്ന് ഷോപ്പുകള്‍, മറ്റ് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും.
ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാന്‍ പോലീസ്, അഗ്നിശമനസേന, അടിയന്തര സേവനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത് തുടരും. ചില സര്‍ക്കാര്‍ ഓഫീസുകളെ ബന്ദ് ബാധിക്കാന്‍ സാധ്യതയുണ്ടെങ്കിലും അവശ്യ സേവനങ്ങള്‍ പ്രവര്‍ത്തനക്ഷമമായി തുടരും.
Content Highlight: Kaveri Issue, The bandh in Karnataka on Tuesday will bring life to a standstill