കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ദുരന്തത്തിനാണ് കഴിഞ്ഞവര്‍ഷം നമ്മള്‍ സാക്ഷ്യംവഹിച്ചത്. അഞ്ഞൂറോളം മനുഷ്യരെയാണു കഴിഞ്ഞ ഓഗസ്റ്റില്‍ മഹാപ്രളയം വിതച്ച കെടുതിയില്‍ നാടിനു നഷ്ടപ്പെട്ടത്. ആ നടുക്കുന്ന ഓര്‍മകള്‍ മാറിവരുന്നതിനു മുന്‍പുതന്നെ അടുത്ത ദുരന്തവും കേരളത്തെ തേടിയെത്തി.
ഇത്തവണ പ്രളയമായി പ്രഖ്യാപിച്ചെങ്കിലും സമാനമായ സാഹചര്യം തന്നെയായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. അതില്‍ കഴിഞ്ഞതവണ പ്രളയം വലിയതോതില്‍ ബാധിക്കാതിരുന്ന മേഖലകളെയാണ് ഇത്തവണ കെടുതിയിലാക്കിയത്. അതില്‍ സമാനതകളില്ലാത്ത ദുരന്തമായി മാറിയത് മലപ്പുറം ജില്ലയിലെ നിലമ്പൂരുള്ള കവളപ്പാറയാണ്.
ഓഗസ്റ്റ് എട്ടിന് രാത്രി 7.50-ന് ഉരുള്‍പൊട്ടി കുതിച്ചെത്തിയ മണ്ണും മലവെള്ളവും എടുത്തുകൊണ്ടുപോയത് 59 ജീവനുകളെയാണ്. ഇന്നും എത്രപേര്‍ മരിച്ചുവെന്ന കൃത്യമായ കണക്കിലേക്കു പോലും നമുക്കെത്താന്‍ സാധിച്ചിട്ടില്ല. മണ്ണിനടിയിലായെന്നു വിശ്വസിക്കുന്ന 59 പേരില്‍ 48 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്.
ഓഗസ്റ്റ് ഇരുപതാം തീയതിക്കുശേഷം ഒരാളുടെ പോലും മൃതദേഹം ലഭിച്ചില്ലെന്നതും കാണാതായവരുടെ എണ്ണം അതേപടി നിലനില്‍ക്കുന്നുവെന്നതും ആശങ്കയുളവാക്കുന്നുണ്ട്. ദുരന്തത്തിനിരകളായവരുടെ കുടുംബങ്ങളില്‍ പലരും തിരച്ചില്‍ അവസാനിപ്പിക്കാന്‍ ഒരുക്കമാണെന്നു സര്‍ക്കാരിനെ അറിയിച്ചതോടെ ഓഗസ്റ്റ് 27-ന് അതവസാനിപ്പിച്ചു. 40 അടിയോളമുള്ള മണ്ണിനടിയില്‍ ഇപ്പോഴും ബാക്കി 11 പേര്‍ കിടപ്പുണ്ടെന്നതു ഞെട്ടിക്കുന്ന യാഥാര്‍ഥ്യമായിത്തന്നെ അവശേഷിക്കും.
ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍ എന്നിവരൊക്കെ സാധ്യമായ എല്ലാ രീതിയിലും ഇവിടെ തിരച്ചില്‍ നടത്തിയിരുന്നു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലവും പരിസരങ്ങളും ഇതിനകം രണ്ട് തവണകളായി മണ്ണു നീക്കി തിരഞ്ഞുകഴിഞ്ഞു. ഇനി കണ്ടെത്താനുള്ള 11 പേരില്‍ ഒമ്പതുപേര്‍ ആദിവാസികളാണ്. അപകടമുണ്ടായ മേഖല പട്ടികവര്‍ഗക്കാര്‍ താമസിച്ചിരുന്ന സ്ഥലം കൂടിയാണ്.
ആരുമറിയാതെ പോയ ദുരന്തം
കവളപ്പാറയിലെ മുത്തപ്പന്‍കുന്നിലുണ്ടായ ദുരന്തത്തെക്കുറിച്ചാണ് വൈകിയാണ് പൊതുസമൂഹം അറിയുന്നത്. ദുരന്തം അറിയിച്ചതാകട്ടെ, നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറും. അന്‍വറിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇതിനുകാരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
‘ഏറെ ദു:ഖകരമായ ഒരു വാര്‍ത്തയാണ് അറിയിക്കുവാനുള്ളത്. പോത്തുകല്ല് പഞ്ചായത്തില്‍ പെട്ട കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍,30-ഓളം വീടുകള്‍ മണ്ണിനടിയിലായിട്ടുണ്ട്.ഏകദേശം അന്‍പതിനും നൂറിനുമിടയില്‍ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികളില്‍ നിന്ന് ലഭ്യമായ വിവരം. മലയുടെ താഴ്വരയായ ഒരു പ്രദേശം ഒന്നാകെ ഉരുള്‍പൊട്ടലില്‍ പെട്ട് ഒലിച്ച് പോയി മണ്ണില്‍ അമരുകയാണുണ്ടായത്.
ദുരന്തപ്രദേശത്ത് നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. തിരച്ചില്‍ ഏറെ ദുഷ്‌ക്കരമാണ്. സൈന്യത്തിന്റെ സേവനം ഉണ്ടെങ്കില്‍ മാത്രമേ മണ്ണിനിടയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കില്‍,അവരെ രക്ഷിക്കാനാകൂ. പ്രദേശത്തേക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ട്. സിഗ്നല്‍ ലഭ്യതയുടെ അഭാവം മൂലം കമ്മ്യൂണിക്കേഷനിലും ബുദ്ധിമുട്ടുണ്ട്.
രാവിലെ മുതല്‍ തന്നെ,ഞാനുള്‍പ്പെടെ കവളപ്പാറയില്‍ ക്യാമ്പ് ചെയ്ത് സാധ്യമായ തരത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. സൈന്യത്തിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനപ്രകാരം പാലക്കാട് നിന്ന് ദേശീയ ദുരന്ത നിവാരണ സേന ഉടന്‍ കവളപ്പാറയില്‍ എത്തും. കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം. കവളപ്പാറയിലെ ജനങ്ങള്‍ക്കൊപ്പം ഈ നാട് ഒന്നാകെ ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു..’
പോസ്റ്റ്മോര്‍ട്ടം നടന്നത് പള്ളിമുറിയില്‍
കവളപ്പാറയില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടായതിനെത്തുടര്‍ന്ന് പോത്തുകല്ല് മഹല്ല് കമ്മിറ്റി പള്ളി ഇതിനായി തുറന്നുകൊടുക്കുകയായിരുന്നു. നമസ്‌കാരം നടക്കുന്ന ഹാളും അതിനോടു ചേര്‍ന്ന് കൈകാലുകള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സ്ഥലവുമായിരുന്നു പോസ്റ്റുമോര്‍ട്ടം നടത്താനായി സൗകര്യപ്പെടുത്തിയത്.
കണ്ടെടുക്കുന്ന മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം എവിടെ വെച്ച് നടത്തുമെന്നതായിരുന്നു മെഡിക്കല്‍ സംഘം ആദ്യം നേരിട്ട ആദ്യ വെല്ലുവിളി. പല സ്ഥലവും ഇതിനായി പരിഗണിച്ചെങ്കിലും ഒന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് പള്ളി വിട്ടുതരാന്‍ തയ്യാറാണെന്ന് അറിയിച്ച് പോത്തുകല്ല് മുജാഹിദ് പള്ളി മഹല്ല് കമ്മിറ്റി മുന്നോട്ടുവന്നത്. മദ്രസയില്‍ നിന്നുള്ള ബെഞ്ചും ഡെസ്‌കുകളും മയ്യത്ത് കഴുകാന്‍ ഉപയോഗിക്കുന്ന ടേബിളുമെല്ലാം നല്‍കി വലിയ സഹകരണമാണ് മഹല്ല് കമ്മിറ്റി നല്‍കിയത്.
അഞ്ച് പോസ്റ്റുമോര്‍ട്ടം ടേബിളുകളാണ് മദ്രസയുടെ ഡെസ്‌കുകള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കിയത്. പോസ്റ്റുമോര്‍ട്ടം മുറിയില്‍ വച്ച് നടത്തുന്നത് പോലെയല്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഏറ്റവും പര്യാപ്തമായ സ്ഥലം തന്നെയാണ് പള്ളിയില്‍ ലഭ്യമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരിലൊരാളായ ഡോ. സഞ്ജയ് അന്നു പറഞ്ഞിരുന്നു.
മിക്ക മൃതദേഹങ്ങളും മണ്ണിലും ചേറിലും പൊതിഞ്ഞാണ് പോസ്റ്റ്മോര്‍ട്ടത്തിന് എത്തിയത്. പല മൃതദേഹങ്ങളുടേയും അവസ്ഥ അതിദയനീയമായിരുന്നു തിരിച്ചറിയാന്‍ ഉറ്റബന്ധുക്കള്‍ ഇല്ലാത്ത അവസ്ഥയും ഇവിടെയുണ്ട്. ഒരു മൃതദേഹം സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞത് അടിവസ്ത്രങ്ങള്‍ കണ്ടതുകൊണ്ടാണ്, അത്രയും അഴുകിയ അവസ്ഥയിലാണ് മൃതദേഹങ്ങള്‍. അണിഞ്ഞ ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം കണ്ടാണ് പലരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത്. ഒട്ടും തിരിച്ചറിയാന്‍ സാധിക്കാത്ത കേസുകളില്‍ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കുകയാണ് നിലവില്‍ ചെയ്യുന്നതെന്നും സഞ്ജയ് പറഞ്ഞു.
മരണം 15 സെക്കന്റുകള്‍ കൊണ്ട്
ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ അബോധാവസ്ഥയിലാകും മരണപ്പെട്ടിട്ടുണ്ടാവുകയെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ നേരത്തേ പറഞ്ഞിരുന്നു.
‘ഭാരമുള്ള എന്തോ ഒന്നു ദേഹത്തു വന്നടിഞ്ഞ രീതിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ശ്വസിക്കാന്‍ പറ്റാതെ, മണ്ണിനടിയില്‍ പെട്ട് 15 സെക്കന്റുകള്‍ കൊണ്ട് അവര്‍ മരിച്ചിട്ടുണ്ടാകും.
മിക്കവരുടെയും വായില്‍ മണ്ണും ചെളിയും കാണപ്പെട്ടിരുന്നു. പലതും ജീര്‍ണിച്ചിരുന്നു. ചിലതില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഒരുപാട് വേദന സഹിച്ചായിരിക്കില്ല അവര്‍ മരിച്ചത്. അതു മാത്രമാണ് ആശ്വാസം.’- ഡോക്ടര്‍മാരിലൊരാള്‍ പറഞ്ഞു.
മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ സഞ്ജയ്, അജേഷ്, പാര്‍ഥസാരഥി, ലെജിത്ത് എന്നിവരാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.
സൂചനകള്‍ മുന്‍പേ ലഭിച്ചിരുന്നു?
കവളപ്പാറയിലും തൊട്ടടുത്തു കിടക്കുന്ന പാതാറിലും വയനാട്ടിലെ പുത്തുമലയിലും ദുരന്തത്തിനു മുന്‍പ് കൃത്യമായ സൂചനകള്‍ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍, സൂചനകള്‍ തിരിച്ചറിയുന്നതിലും മുന്‍കരുതലുകളെടുക്കുന്നതിലും എത്രത്തോളം വിജയിച്ചുവെന്നത് ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്.
കവളപ്പാറയിലെ ദുരന്തത്തില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട രാജേഷ് എന്നയാള്‍ മലയാള മനോരമയോട് പറഞ്ഞതിങ്ങനെയാണ്-
‘ദുരന്തത്തിനു മൂന്നു ദിവസം മുന്‍പു തൊട്ട് തോരാത്ത മഴയായിരുന്നു. വൈദ്യുതിയും ഉണ്ടായിരുന്നില്ല. മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തനരഹിതമായി. മഴയില്‍ കൂണ്‍ മുളച്ചിട്ടുണ്ടോയെന്നു നോക്കാനാണ് കവളപ്പാറ കുന്നിന്‍ മുകളിലേക്കു പോയത്. ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു അത്. നാലോ അഞ്ചോ ആനകളുടെ കൂട്ടം ഓടി കാടിനു പുറത്തേക്കു വന്നതുകണ്ടതോടെ ഞാനും പേടിച്ചോടി. പകല്‍ ആനക്കൂട്ടം കാടിനു പുറത്തേക്കോടാറില്ല.
താഴെ വീടിനടുത്ത് എത്തിയപ്പോഴായിരുന്നു ഇരുവശത്തുമുള്ള തോടുകള്‍ നിറഞ്ഞൊഴുകിത്തുടങ്ങിയതു കണ്ടത്. തൊഴുത്തിലെ മൂന്നു പശുക്കളും പതിവില്ലാത്തവിധം അമറി കയറ് പൊട്ടിച്ചോടാന്‍ ശ്രമിക്കുന്നു. സംഭവം പന്തികേടാണെന്നു മനസ്സിലായി. മലയുടെ മുകളില്‍ എവിടെയോ ഉരുള്‍ പൊട്ടിയിട്ടുണ്ടെന്നു തോന്നി. അമ്മ ഓടിവന്ന് മൂന്നു പശുക്കളെയും കെട്ടിയ കയര്‍ അറുത്തുവിട്ടു. സാധാരണ താഴെ റോഡിലേക്കിറങ്ങിയാണ് പശുക്കള്‍ മേയാന്‍ പോവുക. പക്ഷേ, അന്ന് അവര്‍ കുന്നിന്‍ മുകളിലേക്കാണു പാഞ്ഞത്. ഞങ്ങളുടെ പഴയ ഒരു വീടുണ്ടായിരുന്നു അവിടെ. അവിടെയെത്തിയാണു പശുക്കള്‍ നിന്നത്.
അധികം കഴിയുന്നതിനു മുന്‍പ് വീടിന്റെ താഴത്തെ നിലയില്‍ വെള്ളം കയറിത്തുടങ്ങി. രണ്ടാം നിലയിലായിരുന്നു അച്ഛനും അമ്മയും ഭാര്യയും മക്കളും. ഇനിയും നിന്നാല്‍ വീട് മുങ്ങുമെന്ന് ഉറപ്പായപ്പോള്‍ ഞങ്ങള്‍ എല്ലാവരും മുറ്റത്തെ വെള്ളത്തിലേക്കിറങ്ങി. സമീപത്തുള്ളവരെയും മാറ്റി. കുറച്ചു കഷ്ടപ്പെട്ടെങ്കിലും കുന്നിന്‍ മുകളിലുള്ള പഴയ വീട്ടിലെത്തി രാത്രി മുഴുവന്‍ അവിടെ കഴിഞ്ഞു. രാവിലെ താഴേക്കിറങ്ങിയപ്പോഴാണ് വന്‍ദുരന്തം കാണുന്നത്.’
ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ട ചാത്തന്‍ മൂപ്പന്‍ പറഞ്ഞത്-
‘നാലുമണിയോടെ വീടിനടുത്തുള്ള ചെറിയ തോട്ടില്‍ മലയുടെ മുകളില്‍ നിന്നു വെള്ളം കുത്തിയൊലിച്ചുവരാന്‍ തുടങ്ങി. പതിവില്ലാതെ വെള്ളം കലങ്ങിവരുന്നതു കണ്ടപ്പോള്‍ കുറച്ചു വെള്ളം കൈയ്യിലെടുത്ത് മണത്തുനോക്കി. വെന്ത മണ്ണിന്റെ മണം കിട്ടി. അപ്പോള്‍ത്തന്നെ എല്ലാവരോടും പറഞ്ഞു. ഞാനും ഭാര്യയും വീട്ടില്‍ നിന്നിറങ്ങിയോടി തോടിന് ഇക്കരെയെത്തി. അധികം കഴിയും മുന്‍പ് വീട് മുഴുവനും മണ്ണിനടിയിലായി. ബന്ധുക്കളില്‍ പലരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ദുരന്തത്തില്‍ തകര്‍ന്ന വീടുകളിലെ പട്ടികള്‍ രണ്ടു ദിവസം മുന്‍പു തന്നെ തോട് കടന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള ആലിന്‍ചുവട് എന്ന സ്ഥലത്തു തമ്പടിച്ചിരുന്നു. അന്ന് അക്കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ല. ദുരന്തത്തിനു ശേഷമാണു പട്ടികള്‍ വീടുകളിലേക്കു മടങ്ങിയത്. കെട്ടിയിട്ട ഒരു പട്ടിയുടെ മൃതദേഹം മാത്രമേ ദുരന്തസ്ഥലത്തു നിന്ന് ഇതുവരെ കിട്ടിയുള്ളൂ.’
ആശ്വാസമായി ആ രക്ഷാതുരുത്ത്
ഒരു നാടിനെ മുഴുവന്‍ നടുക്കിക്കൊണ്ട് ദുരന്തഭൂമികയായി മാറിയ കവളപ്പാറയില്‍ ആശ്വാസമായത് അമ്പതോളം ജീവനുകളെ രക്ഷപ്പെടുത്തിയ ഒരു തുരുത്തായിരുന്നു. മുഖ്യധാരാ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും അടക്കം ആ തുരുത്തിനെക്കുറിച്ച് ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
തുരുത്തിനുള്ളില്‍ ഒമ്പത് വീടുകളാണുള്ളത്. കൂട്ടുകുടുംബങ്ങളെപ്പോലെയാണ് ഇവിടെ ആളുകള്‍ താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ അമ്പതോളം പേര്‍ ഇവിടെയുണ്ടായിരുന്നു. കൂടാതെ ഒരു ക്ഷേത്രവും.
തുരുത്തിലുള്ളിലായതിനാല്‍ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ട കവളപ്പാറ സ്വദേശി സുകുമാരന്‍ ഡൂള്‍ന്യൂസിനോടു പറയുന്നു-
‘ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയത്താണ് ഉരുള്‍പൊട്ടലുണ്ടായത്. നല്ല ശബ്ദത്തോടുകൂടിയിട്ടാണ് എല്ലാം ഇടിഞ്ഞുപൊളിഞ്ഞു പോന്നത്. കുഞ്ഞുങ്ങളെയും കൊണ്ട് ആ ഭാഗത്തേക്കു പോയപ്പോള്‍ അവിടെയെല്ലാം ഇടിഞ്ഞുപൊളിഞ്ഞു പോയിട്ട് ആകാശം മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ. പിന്നെ ഈ ഭാഗത്തേക്ക് പോകാമെന്നു വെച്ചപ്പോള്‍ ഈ ഭാഗവും ഇടിഞ്ഞുകിടപ്പുണ്ട്. അന്നു രാത്രി തോടിലാണെങ്കില്‍ പെരുംവെള്ളവും. മുകളിലേക്കും പറ്റില്ല. രണ്ട് സൈഡിലേക്കും പറ്റില്ല.
അന്ന് പിന്നെ ഇവിടെയുള്ള ഒമ്പത് കുടുംബങ്ങളും മുകളിലുള്ള വീട്ടില്‍ രാത്രി മുഴുവനിരുന്നു. കൈക്കുഞ്ഞുങ്ങളടക്കം ഉണ്ടായിരുന്നു. ഫോണ്‍ വിളിച്ചറിയിക്കാനോ വെട്ടോ വെളിച്ചമോ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു ദിവസം മുന്‍പേ കറന്റൊക്കെ പോയിരുന്നു ഫോണൊക്കെ ചാര്‍ജ് തീര്‍ന്നു കിടക്കുകയായിരുന്നു. വല്ലാത്തൊരവസ്ഥ തന്നെയായിരുന്നു അത്. പിന്നെ ഈ പൊട്ടും പൊട്ടും എന്നുപറഞ്ഞ് ഞങ്ങള്‍ കൈക്കുഞ്ഞുങ്ങളെയടക്കം കൊണ്ട് നില്‍ക്കുമ്പോള്‍ മരണത്തെ മുഖാമുഖം കാണുകയായിരുന്നു. ഇനിയും അതു പൊട്ടില്ലെന്നു നമുക്കു പറയാനാകില്ലല്ലോ.’
തുരുത്തിലെ താമസക്കാരിയായ പുഷ്പ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്-
‘രാത്രി വീട്ടിലിരിക്കുമ്പോഴാണ് കുന്നിനുമുകളില്‍ വലിയ ശബ്ദം കേട്ടത്. ഒപ്പം ചെളിയും വെള്ളവും താഴേക്കൊഴുകിയെത്തി. ഓടിക്കോ എന്നെല്ലാം അലറിവിളിക്കുന്നത് കേള്‍ക്കാമായിരുന്നു. ഞങ്ങളും വീട്ടില്‍നിന്നിറങ്ങിയോടി.
അധികം മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. മുന്നിലെ തോട് നിറഞ്ഞുകവിഞ്ഞിരുന്നു. വീടിന്റെ വശങ്ങളിലൂടെ ഭയങ്കര ശബ്ദത്തോടെ മണ്ണ് ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുന്നുമില്ല. വശങ്ങളില്‍നിന്ന് ചെളിയും വെള്ളവും ഞങ്ങള്‍ നിന്ന ഭാഗത്തേക്ക് അടിച്ചു കയറി. പിന്നില്‍ വീടുനില്‍ക്കുന്ന ഭാഗത്തു മാത്രമാണ് പ്രശ്നമില്ലാതെ കണ്ടത്. ഞങ്ങള്‍ തിരിഞ്ഞോടി. രാത്രി വീടിനു സമീപം ഭയന്നു വിറച്ച് ഉറങ്ങാതിരുന്നു.’
രണ്ടേ രണ്ട് മിനിറ്റ്.. എല്ലാം കഴിഞ്ഞു
ഉരുള്‍പൊട്ടലില്‍ ഭാര്യയും മകനും അടക്കം കുടുംബത്തിലെ എട്ടുപേരെ നഷ്ടപ്പെട്ട കവളപ്പാറ സ്വദേശി സുനില്‍ ഡൂള്‍ന്യൂസിനോടു പറയുന്നു-
‘വെള്ളം കയറുന്നതുമാത്രമേ ഓര്‍മയുള്ളൂ. അതു പേടിച്ച് അവിടെയിരിക്കുകയായിരുന്നു. മലയിടിയുമെന്നുള്ള പേടിയൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഒരു അഞ്ച്, അഞ്ചര വരെ പോയി നോക്കിയതാ. കുഴപ്പമില്ലായിരുന്നു.
പക്ഷേ, രണ്ട് മിനിറ്റ് കൊണ്ട് എല്ലാം കഴിഞ്ഞു. എന്റെ പെങ്ങളുടെ ചെറിയ കൊച്ചിനെ കൊണ്ടുവിടാന്‍ വേണ്ടിയിട്ട് എന്റെ ഭാര്യയും മകനും കൂടി തറവാട്ടിലേക്കു പോയതാണ്. അവിടെച്ചെന്ന് കയറിയിട്ടേ ഉണ്ടാവൂ. അപ്പോഴേക്കും അടിച്ചു. ഭാര്യയും പോയി, മോനും പോയി. പെങ്ങളുടെ മൂന്നു കൊച്ചുങ്ങളും പോയി. പെങ്ങളും പോയി. അച്ഛനും പോയി, അളിയനും പോയി.’
ഉരുള്‍പൊട്ടലില്‍ തകരാതെനിന്ന തുരുത്തിലെ വീട്ടിലായതിനാലാണ് സുനിലും ഇളയമകളും രക്ഷപ്പെട്ടത്. ഭാര്യ ശാന്തകുമാരി, മകന്‍ സുജിത്, അച്ഛന്‍ ബാലന്‍, സഹോദരി സുശീല, സുശീലയുടെ മക്കള്‍ കണ്ണന്‍, കിഷോര്‍, സഹോദരീഭര്‍ത്താവ് ബാലന്‍ എന്നിവരാണ് മരിച്ചത്. എട്ടുവയസ്സുകാരിയായ മകള്‍ ശരണ്യയോടൊപ്പമാണ് സുനില്‍ ഉരുള്‍പൊട്ടലില്‍ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ടത്. അതേക്കുറിച്ച് സുനില്‍ പറയുന്നത്-
‘ഞങ്ങള്‍ ചെറിയൊരു വീട്ടിലായിരുന്നു, അപ്പുറത്ത്. അതിനകത്തുനിന്ന് രണ്ട് മിനിറ്റ് കൊണ്ട് ചെറിയ കൊച്ചും ഞാനും കൂടി രക്ഷപ്പെട്ടു. മുകളിലേക്കോടിയപ്പോള്‍ അവിടെനിന്ന് ആളുകള്‍ ഇങ്ങോട്ട് ഓടിവരുന്നു. നോക്കിയപ്പോള്‍ അവിടെ മുകളിലും പൊട്ടിയിരിക്കുവാണ്. താഴെ വെള്ളവും കയറി. അങ്ങോട്ട് കയറാനും പറ്റില്ല. താഴേക്കു പോകാനും പറ്റില്ല.
നേരം വെളുക്കുംവരെ അവിടെയുള്ള കൃഷ്ണന്‍കുട്ടിയുടെ വീട്ടിലിരിക്കുവായിരുന്നു. നേരം വെളുക്കുമ്പോള്‍ അക്കരെയുള്ള ചെറുക്കന്മാര്‍ വന്ന് ഞങ്ങള്‍ അമ്പത് പേരെ രക്ഷപ്പെടുത്തി. രാവിലെ ക്യാമ്പില്‍ പോകുമ്പോഴാണ് ഇത്രയും പൊട്ടിയത് കണ്ടത്.’
ദുരന്തം മനുഷ്യനിര്‍മിതം?
കവളപ്പാറയില്‍ ഉരുള്‍പൊട്ടിയ മലയ്ക്കു മുകളിലുള്ള ഭാഗം മുഴുവന്‍ 1973-ലെ സര്‍വേയില്‍ വനഭൂമിയാണെന്നു കണ്ടെത്തിയിരുന്നു. ഈ പ്രദേശത്തിന്റെ ഒരുഭാഗത്തെ മരങ്ങള്‍ മുഴുവന്‍ വെട്ടിക്കളഞ്ഞ് നാലുവര്‍ഷം മുന്‍പ് നിലമ്പൂരുള്ള ഒരു സ്വകാര്യവ്യക്തി ഇത് റബ്ബര്‍തോട്ടമാക്കി. അതേക്കുറിച്ച് പ്രദേശവാസിയായ അയ്യപ്പന്‍ ഡൂള്‍ന്യൂസിനോടു പറയുന്നു-
‘നാലുവര്‍ഷം മുന്‍പായിരുന്നു ഇത്. അന്ന് കൈകൊണ്ടാണ് പണിയെടുത്തത്. പിന്നീട് വനംവകുപ്പുകാര്‍ വന്ന് അവിടെ തൈ വെയ്ക്കാന്‍ പാടില്ലെന്നു പറഞ്ഞു. ആ വര്‍ഷം പിന്നെ അവിടെ പണിയൊന്നും എടുത്തിട്ടില്ല. 2017-ലാണ് നിയമപ്രശ്‌നങ്ങളൊക്കെ തീര്‍ത്തെന്നു പറഞ്ഞ് അവര്‍ വന്ന് ജെ.സി.ബി കൊണ്ട് ഇവിടെ പണിയെടുത്തത്.
അതിനുശേഷം കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി ഇവിടെ ചെറിയൊരു ഇടിച്ചിലുണ്ടായത്, പ്രളയസമയത്ത്. നിര്‍മാണം നടന്ന സ്ഥലത്താണത്. ജിയോളജി വകുപ്പ് വന്ന് മണ്ണ് പരിശോധന നടത്തി. ചെറിയൊരു വിള്ളല്‍ കാണുന്നുണ്ട്, പക്ഷേ അതു കുഴപ്പമില്ല, താമസയോഗ്യമാണ് എന്നവര്‍ പറഞ്ഞു.’
കുന്ന് കൈയ്യേറി പരിസ്ഥിതിലോല മേഖലകളെ വെല്ലുവിളിക്കുന്നത് തുടര്‍ന്നുമുണ്ടായാല്‍ ദുരന്തശേഷം എത്ര വിലപിച്ചിട്ടും കണ്ണീരൊഴുക്കിയിട്ടും കാര്യമുണ്ടാകില്ല.