| Tuesday, 13th August 2019, 8:00 am

കവളപ്പാറയില്‍ ഉരുള്‍പൊട്ടലിന് നടുവില്‍ പോറല്‍പോലുമേല്‍ക്കാതെ ഒരു തുരുത്ത്; ദുരന്തം അതിജീവിച്ചത് എട്ട് വീടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: ദുരന്തഭൂമിയായി മാറിയ കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ നിന്ന് ഒരു പോറല്‍പോലുമേല്‍ക്കാതെ അതിജീവിച്ചത് എട്ട് വീടുകള്‍. വ്യാഴാഴ്ച രാത്രിയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മുത്തപ്പന്‍കുന്ന് വിണ്ടുകീറി കുത്തിയൊലിച്ചുപോയപ്പോള്‍ ഒരു തുരുത്തിനെ മാത്രം ബാക്കിയാക്കി.

വഴിയിലെ സകല വീടുകളെയും തുടച്ചുനീക്കി കുത്തിയൊലിച്ചുപോയ ഉരുള്‍ പകുതിവഴി പിന്നിട്ടപ്പോള്‍ രണ്ടായിപ്പിരിഞ്ഞു. നടുവില്‍ ഒരു തുരുത്തിനെ മാത്രം അവശേഷിപ്പിച്ച് വീണ്ടും കൂടിച്ചേര്‍ന്നു പരന്നൊഴുകി.

മലയാള മനോരമ ദിനപത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവസമയത്ത് വീടുകളില്‍ ആളുകളുമുണ്ടായിരുന്നു. ഉരുള്‍പൊട്ടലിന്റെ വലിയ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയെങ്കിലും നാല് ഭാഗത്തും വെള്ളവും ചെളിയും വന്ന് നിറഞ്ഞിരുന്നുവെന്ന് ആ പ്രദേശത്തെ താമസക്കാരിലൊരാളായ പുഷ്പ പറഞ്ഞു.

പുഷ്പയുടെ വാക്കുകളിലേക്ക്:

”രാത്രി വീട്ടിലിരിക്കുമ്പോഴാണ് കുന്നിനുമുകളില്‍ വലിയ ശബ്ദം കേട്ടത്. ഒപ്പം ചെളിയും വെള്ളവും താഴേക്കൊഴുകിയെത്തി. ഓടിക്കോ എന്നെല്ലാം അലറിവിളിക്കുന്നത് കേള്‍ക്കാമായിരുന്നു. ഞങ്ങളും വീട്ടില്‍നിന്നിറങ്ങിയോടി.

അധികം മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. മുന്നിലെ തോട് നിറഞ്ഞുകവിഞ്ഞിരുന്നു. വീടിന്റെ വശങ്ങളിലൂടെ ഭയങ്കര ശബ്ദത്തോടെ മണ്ണ് ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുന്നുമില്ല. വശങ്ങളില്‍നിന്ന് ചെളിയും വെള്ളവും ഞങ്ങള്‍ നിന്ന ഭാഗത്തേക്ക് അടിച്ചു കയറി. പിന്നില്‍ വീടുനില്‍ക്കുന്ന ഭാഗത്തു മാത്രമാണ് പ്രശ്‌നമില്ലാതെ കണ്ടത്. ഞങ്ങള്‍ തിരിഞ്ഞോടി. രാത്രി വീടിനു സമീപം ഭയന്നു വിറച്ച് ഉറങ്ങാതിരുന്നു.”

മണ്ണിടിഞ്ഞുവന്ന രണ്ടുചാലുകള്‍ക്ക് നടുവിലായി പച്ചപ്പിന്റെ ഈ കുഞ്ഞുതുരുത്തിലുള്ളവര്‍ക്ക് ചുറ്റുമുണ്ടായിരുന്നവരൊക്കെ ഇന്നില്ല. കവളപ്പാറയിലെ ദുരന്തമുണ്ടായ മുത്തപ്പന്‍കുന്നിന് എതിര്‍വശത്തുള്ള മലയില്‍ നിന്നാല്‍ അറിയാം സംഭവിച്ച ദുരന്തത്തിന്റെ ഭീകരത. മുത്തപ്പന്‍കുന്നിന്റെ ഏറ്റവും മുകള്‍ഭാഗത്തുനിന്ന് രണ്ടുഭാഗത്തുകൂടെയായി മണ്ണിടിഞ്ഞ് താഴ്ഭാഗത്ത് എത്തുകയായിരുന്നു.

കുത്തിയൊലിച്ചെത്തിയ മണ്ണില്‍ ജീവനും ജീവിതവും നഷ്ടമായത് നിരവധി പേര്‍ക്ക്. ഒരിക്കല്‍ ഇതേസ്ഥലത്ത് സന്തോഷത്തോടെ ജീവിച്ച നിരവധി പേരുടെ ശരീരങ്ങള്‍ സ്വന്തം വീടിനും മണ്ണിനും അടിയിലാണ് ഇപ്പോള്‍. ഇവരുടെ ശരീരങ്ങള്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. മണ്ണുവന്നടിഞ്ഞ താഴ്‌വാരത്തിലും സമാനമായ രീതിയില്‍ നിരവധി വീടുകള്‍ ഉണ്ടായിരുന്നു.

കവളപ്പാറയില്‍ നിന്ന് ഇനിയും 40 പേരെ കൂടി കണ്ടെത്താനുണ്ട്. ഇന്നലെ കവളപ്പാറയില്‍ നിന്ന് ആറ് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

അതേസമയം കവളപ്പാറയില്‍ കാണാതായവരുടെ പട്ടികയിലെ നാലു പേര്‍ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു. മണ്ണിലകപ്പെട്ടെന്നു കരുതിയ ചീരോളി പ്രകാശനും കുടുംബവും സുരക്ഷിതരെന്നു പോത്തുകല്ല് പഞ്ചായത്ത് അധികൃതര്‍ സ്ഥിരീകരിച്ചു. പ്രകാശനും ഭാര്യയും 2 മക്കളും അടങ്ങിയ കുടുംബം എടക്കര വഴിക്കടവിലുള്ള ബന്ധുവീട്ടില്‍ അഭയം തേടിയിരുന്നു.

വ്യാഴാഴ്ച രാത്രി കുന്നിനു മുകളില്‍നിന്നു വലിയ ശബ്ദം കേട്ടതിനു പിന്നാലെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയതാണ് ഇവര്‍ക്കു രക്ഷയായത്. തൊട്ടുപിന്നാലെ വീടു മുഴുവന്‍ മണ്ണു മൂടി. അന്നു രാത്രി ഭൂദാനത്തെ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞ കുടുംബം വെള്ളിയാഴ്ച രാവിലെയാണു ബന്ധുവീട്ടിലേക്കു പോയത്.

ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്തതിനാല്‍ 3 ദിവസത്തേക്ക് ആരെയും വിളിച്ചില്ല. ഞായറാഴ്ച വൈകിട്ടാണു പഞ്ചായത്ത് അംഗത്തെ ഫോണില്‍ വിളിച്ച് സുരക്ഷിതരാണെന്ന് അറിയിച്ചത്.

ചിത്രം കടപ്പാട്- മലയാള മനോരമ

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more