എല്ലാം നഷ്ടപ്പെട്ട നിലമ്പൂരിലെ ജനങ്ങള്‍ ദല്‍ഹിയിലേക്ക് എത്തണോ; ഉരുള്‍പൊട്ടലിലെ നാശനഷ്ടം വിശദീകരിക്കാന്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ സാധിച്ചില്ലെന്ന് പി.വി അന്‍വര്‍
നിലമ്പൂര്‍: വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണുവാനും നിലമ്പൂരില്‍ പ്രളയകാലത്ത് സംഭവിച്ച നഷ്ടം ബോധ്യപ്പെടുത്താനും ശ്രമിച്ചിട്ട് സാധിച്ചില്ലെന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പുനരധിവാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പിന്തുണ അഭ്യര്‍ത്ഥിക്കുന്നതിനായി ചെന്ന് കാണാന്‍ പറ്റാത്ത അനുഭവമാണ് അന്‍വര്‍ പങ്കുവെച്ചത്.
ഉരുള്‍പൊട്ടലില്‍ ഏറ്റവും നാശവും ജീവഹാനിയും ഉണ്ടായ കവളപ്പാറയിലെ ജനങ്ങളോടുള്ള ഉത്തരവാദിത്വം രാഹുല്‍ മറക്കുന്നെന്നും അന്‍വര്‍ കുറ്റപ്പെടുത്തുന്നു.
‘എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കല്ല,നിലമ്പൂരിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എം.പിയുടെ മുന്നില്‍ അവതരിപ്പിക്കാനാണ് അദ്ദേഹത്തെ തേടി പോയത്. നിലമ്പൂരിലെ ജനങ്ങള്‍ അദ്ദേഹത്തിനോട്,അല്ലെങ്കില്‍ അദ്ദേഹം വിശ്വസിക്കുന്ന നേതാക്കളോട് എന്ത് തെറ്റ് ചെയ്തു എന്ന് മനസ്സിലാകുന്നില്ല. മികച്ച ഭൂരിപക്ഷം നല്‍കിയ നിലമ്പൂരിലെ ജനങ്ങളോട് ധാര്‍മ്മികമായി എം.പിക്ക് യാതൊരുവിധ ബാധ്യതകളുമില്ലേ?’
രാഹുലിന്റെ പരിപാടികള്‍ ഒപ്പമുള്ള നേതാക്കന്മാര്‍ വഴിതിരിച്ചുവിടുന്നു എന്ന വിമര്‍ശനവും അന്‍വര്‍ പരോക്ഷമായി ഉന്നയിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ബഹു.വയനാട് എം.പി.ശ്രീ.രാഹുല്‍ ഗാന്ധിയെ കാണാന്‍ സമയം ചോദിച്ചിരുന്നു.ഇന്ന് രാവിലെ 8 മണിക്ക് സമയം അനുവദിച്ചിട്ടുള്ളതായി വ്യക്തമാക്കി കൊണ്ട് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ഇന്നലെ അറിയിപ്പ് എത്തിയിരുന്നു.മമ്പാട് ടാണയില്‍ എത്തി കാണണമെന്നാണ് അറിയിച്ചിരുന്നത്.അത് പ്രകാരം 7:45-ന് തന്നെ മമ്പാട് എത്തി.8:45 വരെ അദ്ദേഹത്തെ കാണാനായി കാത്തിരുന്നെങ്കിലും,ഉണര്‍ന്നിട്ടില്ല എന്ന അറിയിപ്പാണ് ലഭിച്ചത്.
എപ്പോള്‍ കാണാനാകും എന്നത് സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറായില്ല.പ്രളയദുരിതം അനുഭവിക്കുന്ന കൈപ്പിനി പ്രദേശത്തുള്ള ജനങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം 9 മണിക്ക് കൈപ്പിനിയില്‍ വച്ച് വിളിച്ചിരുന്നു.പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി,കൈപ്പിനിയിലെ ബഷീര്‍ എന്ന വ്യക്തിക്കായി നിര്‍മ്മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ ഈ സമയത്ത് തീരുമാനിച്ചിരുന്നു.ഇത് രണ്ടും ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍,മമ്പാട് നിന്നും മടങ്ങേണ്ടി വന്നു.
പ്രളയം തകര്‍ത്തെറിഞ്ഞ മണ്ഡലമാണ് നിലമ്പൂര്‍.61 പേര്‍ക്ക് നിലമ്പൂരില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.നൂറുകണക്കിനാളുകള്‍ ഭവനരഹിതരായിട്ടുണ്ട്.പുനരധിവാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍,പിന്തുണ അഭ്യര്‍ത്ഥിക്കാനാണ് എം.പിയുടെ അപ്പോയിന്‍മെന്റ് ആവശ്യപ്പെട്ടിരുന്നത്.
ആള്‍നാശം ഒന്നും ഉണ്ടായിട്ടില്ലാത്ത,വണ്ടൂര്‍ മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം എം.പി ഇന്ന് മമ്പാട് വച്ച് വിളിച്ച് ചേര്‍ത്തിരുന്നു.ഏറനാട് മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം ഇന്നലെ അരീക്കോട്ടും എം.പി വിളിച്ച് ചേര്‍ത്തിരുന്നു.നിലമ്പൂരില്‍ ഇത്തരത്തില്‍ ഒരു യോഗം വിളിച്ചിട്ടില്ല.കഴിഞ്ഞ തവണ എത്തിയപ്പോള്‍ ഉള്‍പ്പെടെ,നിലമ്പൂരിലെ സ്ഥിതിഗതികള്‍ എം.പി.എന്ന നിലയ്ക്ക് അദ്ദേഹം അന്വേഷിച്ചില്ല.അതിനാലാണ് ഇത്തവണ മുന്‍കൂട്ടി അനുവാദം വാങ്ങി അദ്ദേഹത്തെ കാണുവാന്‍ ശ്രമിച്ചത്.സ്വന്തം മണ്ഡലത്തില്‍ നടക്കുന്നത് എന്തെന്ന് എം.പിക്ക് കാര്യമായ ധാരണയില്ലെന്ന് വ്യക്തമാണ്.ചുറ്റും നടക്കുന്ന ഉപഗ്രഹങ്ങളായ നേതാക്കള്‍ പറയുന്നതില്‍ മാത്രമായി ജനങ്ങള്‍ തിരഞ്ഞെടുത്ത എം.പിയുടെ റോള്‍ ഒതുങ്ങിയിരിക്കുന്നു.
എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കല്ല,നിലമ്പൂരിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എം.പിയുടെ മുന്നില്‍ അവതരിപ്പിക്കാനാണ് അദ്ദേഹത്തെ തേടി പോയത്.നിലമ്പൂരിലെ ജനങ്ങള്‍ അദ്ദേഹത്തിനോട്,അല്ലെങ്കില്‍ അദ്ദേഹം വിശ്വസിക്കുന്ന നേതാക്കളോട് എന്ത് തെറ്റ് ചെയ്തു എന്ന് മനസ്സിലാകുന്നില്ല.മികച്ച ഭൂരിപക്ഷം നല്‍കിയ നിലമ്പൂരിലെ ജനങ്ങളോട് ധാര്‍മ്മികമായി എം.പിക്ക് യാതൊരുവിധ ബാധ്യതകളുമില്ലേ?
എല്ലാ നഷ്ടപ്പെട്ട നിലമ്പൂരിലെ ജനങ്ങള്‍ ഇനി എന്ത് വേണം?ദില്ലിയിലേക്ക് എത്തണോ?
ഓഫീസ് ഉദ്ഘാടനം മധുരം വിതരണം ചെയ്ത് ആഘോഷിക്കുന്ന നിങ്ങള്‍ ഒന്ന് ഓര്‍ക്കണം.ചവിട്ടി നില്‍ക്കുന്ന മണ്ണില്‍ ഇന്നും കുറച്ച് മൃതദേഹങ്ങള്‍ കണ്ടെടുക്കാനാകാതെ,ബാക്കിയുണ്ട്.
രാഷ്ട്രീയം കാണിക്കേണ്ടത് ദുരന്തമുഖത്തല്ല.ഇന്നത്തെ കൂടിക്കാഴ്ച്ച നടക്കാതെ പോയത് ചില തല്‍പ്പര കക്ഷികളുടെ ശ്രമങ്ങളുടെ ഭാഗമായാണെന്ന് വ്യക്തമായ ധാരണയുണ്ട്.അവരില്‍ പലരേയും മമ്പാട് കാണുകയും ചെയ്തിരുന്നു.പ്രളയം തുടങ്ങിയ നാള്‍ മുതല്‍ ഇന്ന് വരെ ജനങ്ങള്‍ക്കൊപ്പം ഉണ്ട്.കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്.ഇനിയും അത് അങ്ങനെ തന്നെ തുടരും.ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ അറിയാം.
ഡിസാസ്റ്റര്‍ ടൂറിസത്തിനിടയില്‍,ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനൊന്നും ഒരു സ്ഥാനവുമില്ലെന്ന് വ്യക്തമായി.