ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറയിലും വയനാട് പുത്തുമലയിലും ഇന്നും തെരച്ചില്‍ തുടരും. ഇത് വരെ 46 മൃതദേഹങ്ങളാണ് കവളപ്പാറയിയില്‍ നിന്ന് കണ്ടെത്തിയിട്ടുള്ളത്. ഇന് 13 പേരെക്കൂടിയാണ് കണ്ടെത്താനുള്ളത്. ഭൂഗര്‍ഭ റഡാറുപയോഗിച്ചുള്ള തെരച്ചിലായിരുന്നു ഇന്നലെ നടത്തിയത്. എന്നാല്‍, ഭൂഗര്‍ഭ റഡാറുപയോഗിച്ച് തെരച്ചില്‍ നടത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
നിലവില്‍ മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ പതിവ് രീതിയില്‍ തന്നെ തെരച്ചില്‍ തുടരാന്‍ തീരുമാനമായി. ഇതിനായി ജെ.സി.ബി അടക്കമുള്ളവ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും.
അതേസമയം, വയനാട് പുത്തുമലയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല. ആരുടെ മൃതദേഹമാണ് ഇതെന്നറിയാന്‍ ഡി.എന്‍.എ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കാണാതായ പുത്തുമല സ്വദേശി അണ്ണയ്യയുടേയും പൊള്ളാച്ചി സ്വദേശി ഗൗരീശങ്കറിന്റെയും ബന്ധുക്കള്‍ മൃതദേഹത്തില്‍ അവകാശവാദമുന്നയിച്ചതോടെയാണ് ഡി.എന്‍.എ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
അണ്ണയ്യയുടെ മൃതദേഹമെന്ന് ഒദ്യോഗിക സ്ഥിരീകരണം നല്‍കി ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്ത ശേഷമാണ് ഗൗരിശങ്കറിന്റെ ബന്ധുക്കള്‍ തര്‍ക്കവുമായി എത്തിയത്. അതോടെ ദഹിപ്പിക്കുന്നതിന് തൊട്ട് മുമ്പ് മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു.