ന്യൂദല്‍ഹി: സൈനിക പരിശീലന കരിക്കുലത്തില്‍ ഭഗവത് ഗീതയും കൗടില്യന്റെ അര്‍ത്ഥ ശാസ്ത്രവും ഉള്‍പ്പെടുത്താന്‍ നീക്കം. പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18 നാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍ നിന്നുള്ള പാഠഭാഗങ്ങള്‍ സൈനിക സിലബസില്‍ ഉള്‍പ്പെടുത്തണമെന്നാണ് കോളെജ് ഓഫ് ഡിഫന്‍സ് മാനേജ്‌മെന്റ് ആഭ്യന്തരമായി നടത്തിയ പഠനത്തില്‍ ശുപാര്‍ശ ചെയ്യുന്നത്. പ്രാചീന ഇന്ത്യന്‍ സംസ്‌കാരവും യുദ്ധമുറകളും ഉള്‍പ്പെടുത്തി ഇന്നത്തെ പരിശീലനം മെച്ചപ്പെടുത്തുക എന്ന പദ്ധതിയാണ് പഠനം മുന്നോട്ടുവെക്കുന്നത്.
അര്‍ത്ഥശാസ്ത്രത്തില്‍ ‘കാലാള്‍ പടയാളി’ മുതല്‍ ജനറല്‍ ഓഫീസര്‍ വരെയുള്ളവര്‍ക്കുള്ള പാഠഭാഗങ്ങള്‍ ഉണ്ടെന്നാണ് പഠനത്തില്‍ അവകാശപ്പെടുന്നത്. പാകിസ്ഥാനും ചൈനയും ഉള്‍പ്പെടുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സ്റ്റഡി ഫോറം രൂപീകരിക്കണമെന്നും പഠനത്തില്‍ പറയുന്നു.
രണ്ട് വര്‍ഷത്തേക്ക് മനുസ്മൃതി, നീതിസാര, മഹാഭാരതം തുടങ്ങിയ പുരാതന ഗ്രന്ഥങ്ങളെക്കുറിച്ചും പ്രബന്ധത്തെക്കുറിച്ചും പഠനം നടത്തണമെന്നും അതോടൊപ്പം പുരാതന ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള വര്‍ക്ക് ഷോപ്പുകളും വാര്‍ഷിക സെമിനാറുകളും സായുധ സേനയ്ക്കുള്ള പാഠങ്ങളും സംഘടിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നുണ്ട്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സൈന്യത്തില്‍ ‘ഇന്ത്യാവല്‍ക്കരണം’ കൊണ്ടുവരണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഗുജറാത്തില്‍ നടന്ന ഒരു പരിപാടിയ്ക്കിടെ സൈനിക ഉപകരണങ്ങളിലും സേനയുടെ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിലും സ്വദേശിവല്‍ക്കരണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kautilya’s Arthashastra, Bhagavad Gita, Mahabharata, Manusmriti May Soon Be Part of India’s Military Training