| Friday, 25th August 2023, 4:29 pm

കോടീശ്വരനില്‍ 'ആര്‍. അശ്വിന്‍' എന്ന ഉത്തരത്തിന്റെ വില 25 ലക്ഷം; വൈറല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് ആര്‍. അശ്വിന്‍. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും പന്ത് കൊണ്ടും പലപ്പോഴും ബാറ്റ് കൊണ്ടും അശ്വിന്‍ വിസ്മയം കാണിച്ചിരുന്നു.

മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മൂര്‍ച്ചയേറിയ ക്രിക്കറ്റ് ബ്രെയ്‌നിലൊന്നും അശ്വിന്റേതാണ്. ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ മുഹമ്മദ് നവാസിന്റെ പന്ത് വൈഡാക്കി മാറ്റിയതും വിജയം നേടിയെടുത്തതുമെല്ലാം അശ്വിന്റെ ക്രിക്കറ്റ് ബ്രെയ്‌നിന്റെ പവര്‍ തന്നെയാണ്.

ഇപ്പോള്‍ ക്രിക്കറ്റ് ഗ്രൗണ്ടിന് പുറത്തും ‘അശ്വിന്റെ മൂല്യം’ ചര്‍ച്ചയാകുകയാണ്. കോന്‍ ബനേഗാ ക്രോര്‍പതി എന്ന പരിപാടിയില്‍ അശ്വിനെ സംബന്ധിക്കുന്ന ചോദ്യമാണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങാവുന്നത്.

‘ടെസ്റ്റ് ഫോര്‍മാറ്റില്‍ അച്ഛനെയും മകനെയും പുറത്താക്കിയ ഏക ഇന്ത്യന്‍ ബൗളര്‍ ആര്’ എന്നതായിരുന്നു ചോദ്യം. രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരായിരുന്നു ഓപ്ഷന്‍സിലുണ്ടായിരുന്നത്. 25 ലക്ഷം രൂപയായിരുന്നു ഈ ചോദ്യത്തിനുള്ള സമ്മാനം.

ഇത് കണ്ടതോടെ ക്രിക്കറ്റ് ആരാധകരെല്ലാം ചോദ്യത്തിന് പിന്നാലെ കൂടുകയായിരുന്നു.

ആര്‍.അശ്വിനാണ് ഇത്തരത്തില്‍ ഒരു അച്ഛന്‍ – മകന്‍ കോംബോയെ പുറത്താക്കിയ ഏക ഇന്ത്യന്‍ ബൗളര്‍. വിന്‍ഡീസ് ഇതിഹാസം ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിനെയും അദ്ദേഹത്തിന്റെ മകന്‍ തഗനരെയ്ന്‍ ചന്ദര്‍പോളിനെയുമാണ് അശ്വിന്‍ മടക്കിയത്.

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റിലായിരുന്നു അശ്വിന്‍ തഗനരെയ്‌നെ പുറത്താക്കി ഈ നേട്ടം കൊയ്തത്. ക്ലീന്‍ ബൗള്‍ഡാക്കിയായിരുന്നു അശ്വിന്‍ താരത്തെ പുറത്താക്കിയത്.

ഈ നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യന്‍ താരവും ഏക ഇന്ത്യന്‍ താരവുമാണ് അശ്വിന്‍. വേള്‍ഡ് ക്രിക്കറ്റില്‍ ഇതിന് മുമ്പ് നാല് ബൗളര്‍മാര്‍ അച്ഛന്‍-മകന്‍ കോംബോയെ മടക്കിയിട്ടുണ്ട്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ അച്ഛനെയും മകനെയും പുറത്താക്കിയ ബൗളര്‍മാര്‍

(താരം – രാജ്യം – പുറത്താക്കിയ അച്ഛന്‍-മകന്‍ ഡുവോ എന്നീ ക്രമത്തില്‍)

ഇയാന്‍ ബോതം – ഇംഗ്ലണ്ട് – ലാന്‍സ് കെയ്ന്‍സ് & ക്രിസ് കെയ്ന്‍സ് (ന്യൂസിലാന്‍ഡ്)

വസീം അക്രം – പാകിസ്ഥാന്‍ – ലാന്‍സ് കെയ്ന്‍സ് & ക്രിസ് കെയ്ന്‍സ് (ന്യൂസിലാന്‍ഡ്)

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്ട്രേലിയ – ശിവ്നരെയ്ന്‍ ചന്ദര്‍പോള്‍ & തഗനരെയ്ന്‍ ചന്ദര്‍പോള്‍ (വെസ്റ്റ് ഇന്‍ഡീസ്)

സൈമണ്‍ ഹാര്‍മര്‍ – ശിവ്നരെയ്ന്‍ ചന്ദര്‍പോള്‍ & തഗനരെയ്ന്‍ ചന്ദര്‍പോള്‍ (വെസ്റ്റ് ഇന്‍ഡീസ്)

ആര്‍. അശ്വിന്‍ – ശിവ്നരെയ്ന്‍ ചന്ദര്‍പോള്‍ & തഗനരെയ്ന്‍ ചന്ദര്‍പോള്‍ (വെസ്റ്റ് ഇന്‍ഡീസ്)

അതേസമയം, ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടാന്‍ അശ്വിന് സാധിച്ചിരുന്നില്ല. സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാത്തതില്‍ പരിഭവമില്ലാതെ സെലക്ടര്‍മാരുടെ തീരുമാനത്തെ ശരിവെക്കുകയായിരുന്നു താരം ചെയ്തത്. ഇതിനൊപ്പം അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് മറ്റ് താരങ്ങളുടെ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Content Highlight: Kaun Banega Crorepati asks Ravichandran Ashwin-related question for ₹25 Lakh

We use cookies to give you the best possible experience. Learn more