| Monday, 16th October 2023, 5:35 pm

കത്വ ഫണ്ട് കേസ്: പരാതിക്കാരന്റെ സ്വകാര്യ അന്യായത്തില്‍ യൂത്ത് ലീഗ് നേതാക്കള്‍ക്ക് കോടതി സമന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കത്‌വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് നേതാക്കളായ സി.കെ. സുബൈര്‍, പി.കെ. ഫിറോസ് എന്നിവര്‍ക്ക് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവ്. പരാതിക്കാരനായ യൂസഫ് പടനിലം നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ചാണ്

കുന്ദമംഗലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നടപടി. കേസിലെ ഒന്നാം പ്രതി സി.കെ. സുബൈറിനോടും രണ്ടാം പ്രതി പി.കെ. ഫിറോസിനോടും അടുത്ത വര്‍ഷം ഫെബ്രുവരി രണ്ടിന് കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.

കേസില്‍ യൂത്ത് ലീഗ് നേതാക്കള്‍ക്ക് അനുകൂലമായിട്ടായിരുന്നു 2023 ജൂണില്‍ കോടതിയില്‍ നല്‍കിയ പൊലീസ് റിപ്പോര്‍ട്ട്. ഇതിന്റെ കോപ്പി ഇന്ന് പുറത്തുവന്നിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് എതിര്‍കക്ഷികള്‍ക്കെതിരെ വെറുതെ പരാതി നല്‍കിയെന്നാണ് കുന്ദമംഗലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുന്ദമംഗലം പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

കത്‌വ പെണ്‍കുട്ടിക്കായി ശേഖരിച്ച തുകയില്‍ 15 ലക്ഷം രൂപ പി.കെ. ഫിറോസും
സി.കെ. സുബൈറും വകമാറ്റി ചെലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗില്‍ നിന്ന് രാജിവെച്ച യൂസുഫ് പടനിലമായിരുന്നു പരാതിക്കാരന്‍. കത്‌വ -ഉന്നാവോ ഇരകള്‍ക്കായി പിരിച്ച പണം നേതൃത്വം തട്ടിയെടുത്തതായും യൂത്ത് ലീഗ് ദേശീയ സമിതി മുന്‍ അംഗം യൂസഫ് പടനിലത്തിന്റെ പരാതിയിലുണ്ടായിരുന്നു.

പരാതിയില്‍ സി.കെ. സുബൈര്‍, പി.കെ. ഫിറോസ് എന്നിവര്‍ക്കെതിരെ ഐ.പി.സി 420 അനുസരിച്ച് വഞ്ചനാകുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം വ്യാപകമായി ഉപയോഗിക്കപ്പെട്ട
ആരോപണമാണ് കള്ളമെന്ന് തെളിഞ്ഞതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിക്കുന്നത് ആരോഗ്യകരമായ രാഷ്ട്രീയ ശൈലിയല്ലെന്നും പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചു.

Content Highlight: Katwa fund case: Court summons to youth league leaders for personal wrongdoing of complainant

We use cookies to give you the best possible experience. Learn more