ആരാധകര്‍ ഏറെയുള്ള ബോളിവുഡ് നായികയാണ് കത്രീന കൈഫ്. കത്രീനയുടെ ആരാധകരില്‍ മലയാളികളും ഏറെയാണ്. ലോക്ക്ഡൗണ്‍ കാലത്തെ കത്രീനയുടെ ചില പ്രവൃത്തികള്‍ക്ക് കൈയ്യടിക്കുകയാണിപ്പോള്‍ സോഷ്യല്‍മീഡിയ.
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലുള്ള ഗോത്രവിഭാഗത്തില്‍പെട്ട പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് കത്രീന മുന്നിട്ടിറങ്ങിയത്. കത്രീന പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ഇതിനോടകം 750000ത്തിലധികം കുട്ടികളെ സ്‌കൂളുകളില്‍ ചേര്‍ത്തിട്ടുണ്ട്. കൂടാതെ പതിമൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും എന്‍.ജി.ഒ സഹായകരമായെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ലോക്ക്ഡൗണിന് മുമ്പ് മദ്ധ്യപ്രദേശിലെ ഒരു ഉള്‍ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് കത്രീന വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങിയത്. ആ ഗ്രാമത്തില്‍ വിദ്യാഭ്യാസമില്ലാത്ത ഒട്ടനവധി വിദ്യാര്‍ത്ഥികളെ താന്‍ കാണാനിടയായെന്നും ലിംഗവിവേചനം വലിയ രീതിയില്‍ നടക്കുന്ന പ്രദേശങ്ങളായിരുന്നു അതെല്ലാമെന്നും കത്രീന നേരത്തേ പറഞ്ഞിരുന്നു.
പ്രത്യേകമായും പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും കത്രീന പറഞ്ഞിരുന്നു. രാജ്യത്തെ ഏതെല്ലാം പ്രദേശങ്ങളിലെ കുട്ടികളാണ് വിദ്യാഭ്യാസം ലഭിക്കാതെ പുറകോട്ടു നില്‍ക്കുന്നതെന്ന് കത്രീനയും എന്‍.ജി.ഒയും കണ്ടെത്തുകയും ചെയ്തിരുന്നു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസസംബന്ധമായ രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്‌സില്‍ കത്രീന മാറ്റം വരുത്തി എന്ന തരത്തിലുള്ള അഭിനന്ദനങ്ങളാണ് സമൂഹ്യമാധ്യമങ്ങളിലൂടെ നടിക്ക് കിട്ടികൊണ്ടിരിക്കുന്നത്.
സിനിമാ അഭിനയത്തിനൊപ്പം തന്നെയാണ് കത്രീന ഇത്തരം സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നത്. ഗുര്‍മീത് സിങ് സംവിധാനം ചെയ്ത ഫോണ്‍ ബൂട്ട് ആണ് കത്രീന കൈഫിന്റെ വരാനിരിക്കുന്ന ചിത്രം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക