പ്രിയങ്ക ചോപ്രയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചും ഒരുമിച്ച് കഥക് നൃത്തം പഠിച്ചിരുന്ന സമയത്തെ അനുഭവങ്ങളും പങ്കുവെച്ച് നടി കത്രീന കൈഫ്.
ഫിലിം കമ്പാനിയന് നല്‍കിയ ഒരു അഭിമുഖത്തില്‍ ആലിയ ഭട്ടും പ്രിയങ്കയുമായുള്ള തന്റെ ഫ്രണ്ട്ഷിപ്പിനെ കുറിച്ച് സംസാരിക്കവെയാണ് പഴയകാല ഓര്‍മകള്‍ താരം പങ്കുവെച്ചത്. കത്രീന സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
”ആലിയയും പ്രിയങ്കയും ശരിക്കും എന്റെ നല്ല സുഹൃത്തുക്കളാണ്. ഞാന്‍ എന്റെ നല്ല രണ്ട് സുഹൃത്തുക്കളായാണ് അവരെ കാണുന്നത്. സിനിമയില്‍ വന്നതിന്റെ തുടക്കത്തില്‍ ഒരുമിച്ച് കഥക് പഠിക്കുന്ന സമയത്ത് തന്നെ എനിക്ക് പി.സിയെ (പ്രിയങ്ക ചോപ്ര) അറിയാം.
ഞങ്ങള്‍ ഒരു ഗുരുജിയുടെ അടുത്തുനിന്നായിരുന്നു ഒരുമിച്ച് കഥക് പഠിച്ചിരുന്നത്.
അവിടെ എന്തായിരുന്നു സംഭവിച്ചുകൊണ്ടിരുന്നതെന്ന് ഞാന്‍ നിങ്ങളോട് പറയാം. പ്രിയങ്ക എന്നെക്കാള്‍ കുറച്ച് സീനിയറായിരുന്നു. ഞങ്ങള്‍ ക്ലാസില്‍ വരും, കാലില്‍ ചിലങ്ക കെട്ടും. എന്നിട്ട് എല്ലാവരും ക്ലാസിന്റെ ഒരു കോര്‍ണറില്‍ നില്‍ക്കും.
അതുകഴിഞ്ഞ് ക്ലാസിന്റെ നടുവില്‍ നിന്ന് പെര്‍ഫോം ചെയ്യാനായി ഗുരുജി ഓരോരുത്തരെയായി വിളിക്കും. ആ ചെറിയ റൂമില്‍ ചുറ്റും മറ്റ് കുട്ടികളായിരിക്കും, എ.സിയൊന്നുമില്ല, മുകളില്‍ ഒരു ഫാന്‍ മാത്രം. നമ്മള്‍ ഒരു സിംപിള്‍ സല്‍വാര്‍ കമ്മീസ് ധരിച്ചായിരിക്കും നില്‍ക്കുന്നുണ്ടാകുക.
ഗുരുജി വിളിക്കുന്ന ഉടനെ തന്നെ പ്രിയങ്ക ചാടിയെണീറ്റ് പിന്നെ ഒരു ഫയറാണ്. പിന്നെ ഫുള്‍ അവളുടെ ഡാന്‍സാണ് (കത്രീന പ്രിയങ്കയെ ഇമിറ്റേറ്റ് ചെയ്യുന്നു). പ്രിയങ്ക ഡാന്‍സ് ചെയ്യുന്നത് കാണുന്ന ഗുരുജി ‘വാഹ്, വാഹ് വൗ’ എന്നൊക്കെയായിരിക്കും പറയുക.
അതുകഴിഞ്ഞ് കത്രീനാ, എന്ന് എന്നെ വിളിക്കും. ഓക്കെ എന്നുംപറഞ്ഞ് ഞാനിങ്ങനെ പേടിച്ച് താഴേക്കൊക്കെ നോക്കി, കൈ രണ്ടും കൂട്ടിപ്പിടിച്ച്, സംശയിച്ചുകൊണ്ടാണ് പെര്‍ഫോം ചെയ്യാന്‍ പോകുന്നത് തന്നെ.
ജസ്റ്റ് കൈ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കുറച്ച് ആക്ഷന്‍സ് കാണിച്ച് ഒരു പോസുമിട്ട് ഞാന്‍ നിര്‍ത്തും, കണ്ണില്‍ പൊടിയിടാനുള്ള ഒരു പെര്‍ഫോമന്‍സ് പോലെ. ‘ശരി മോളേ, പ്രശ്‌നമൊന്നുമില്ല. അവിടെ പോയി നിന്നോ, അടുത്ത ആള് വരൂ,’ എന്ന് പറയും,” കത്രീന ചിരിച്ചുകൊണ്ട് പറഞ്ഞു.
അതേസമയം, പ്രിയങ്കയെയും ആലിയയെയും കത്രീനയെയും പ്രധാന കഥാപാത്രങ്ങളാക്കി അണിയറയിലൊരുങ്ങുന്ന ചിത്രമാണ് ജീ ലേ സറാ. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രം 2023ല്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Katrina Kaif talks about Priyanka Chopra