| Monday, 11th January 2021, 6:57 pm

കത്രീന കൈഫ് വിജയ് സേതുപതിയുടെ നായികയായെത്തുന്നു?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരെ കൈയ്യിലെടുത്ത നടിയാണ് കത്രീന കൈഫ്. കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം ഒരു ബിഗ് ബജറ്റ് ചിത്രത്തിലൂടെ വീണ്ടും കത്രീന വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ്.

അന്ധാദൂന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീറാം രാഘവന്‍ ഒരുക്കുന്ന ചിത്രത്തിലാണ് കത്രീനയെത്തുന്നത്. കത്രീനയോടൊപ്പം തമിഴ് താരം വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ശ്രീറാമിനെ അടുത്ത ചിത്രത്തില്‍ വിജയ് സേതുപതി ഒരു സുപ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ കത്രീന-വിജയ് സേതുപതി കൂട്ടുകെട്ടില്‍ പിറക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്.

അതേസമയം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘മുംബൈകറി’ലും വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനുവരി ഒന്നിന് പുറത്തുവിട്ടിരുന്നു. ഒരിടവേളക്ക് ശേഷം സന്തോഷ് ശിവന്‍ ബോളിവുഡില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുംബൈകര്‍’.

തമിഴില്‍ ഹിറ്റായ മാനഗരത്തിന്റെ റീമേക്ക് ആണ് മുംബൈകര്‍. സംവിധായകന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു മാനഗരം.

വിക്രാന്ത് മസ്സേ, വിജയ് സേതുപതി, ടാനിയ മണിക്ടാല എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും.

സിനിമയുടെ ഭാഗമാകുന്നതില്‍ സന്തോഷം എന്നാണ് വിജയ് സേതുപതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 2008ല്‍ പുറത്തിറങ്ങിയ ‘തഹാന്‍’ ആണ് ഹിന്ദിയില്‍ മുമ്പ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്തത്.

സൂര്യവംശിയാണ് കത്രീനയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അക്ഷയ് കുമാറാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Katrina Kaif And Vijay Sethupathy Act Together

We use cookies to give you the best possible experience. Learn more