Entertainment
സ്ത്രീ സൗഹൃദങ്ങളുടെയും യാത്രകളുടെയും കഥ പറയാനൊരുങ്ങി ബോളിവുഡ്; പ്രിയങ്കയും കത്രീനയും ആലിയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 10, 07:28 am
Tuesday, 10th August 2021, 12:58 pm

ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത് ബോളിവുഡിലെ വമ്പന്‍ താരനിര. റോഡ് മൂവിയായി ഒരുക്കുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, കത്രീ കൈഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ജീ ലേ സരാ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. റോഡ് മൂവികളായ ദില്‍ ചാഹ്‌തേ ഹെ, സിന്ദഗി നാ മിലേഗി ദൊബാര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എക്‌സല്‍ മൂവീസ് നിര്‍മ്മിക്കുന്ന ചിത്രമാണിത്.

മുന്‍ ചിത്രങ്ങളില്‍ മൂന്ന് ആണ്‍സുഹൃത്തുക്കളായിരുന്നു പ്രധാന കഥാപാത്രങ്ങളായതെങ്കില്‍ ജീ ലേ സരായില്‍ സ്ത്രീ സൗഹൃദത്തിലൂന്നിയാകും കഥയുടെ യാത്രയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പത്ത് വര്‍ഷത്തിന് ശേഷം ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജീ ലേ സരാ. 2011ലിറങ്ങിയ ഡോണ്‍ 2 ആയിരുന്നു ഫര്‍ഹാന്‍ അവസാമായി സംവിധാനം ചെയ്ത ചിത്രം.

പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കത്രീനയും പ്രിയങ്കയും ആലിയയും ഫര്‍ഹാനും തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചു.

നടിമാരുടെ പേരും ഒരു കാറിന്റെ ആനിമേറ്റഡ് രൂപവുമാണ് പോസ്റ്ററിലുള്ളത്. പുതിയ യാത്രക്കായി ആവേശപൂര്‍വ്വം കാത്തിരിക്കുന്നുവെന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പ്രിയങ്കയെഴുതിയത്.

ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. സ്ത്രീസൗഹൃദങ്ങളുടെ കഥകള്‍ സിനിമകള്‍ക്ക് പ്രമേയമാകുന്നത് സന്തോഷം നല്‍കുന്നുവെന്നാണ് നിരവധി കമന്റുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Katrina Kaif, Alia Bhatt, Priyanka Chopra new road movie Jee Le Zaraa directed by Farhan Akhtar