[] ന്യൂദല്‍ഹി: അഴിമതി ആരോപണ വിധേയനായ ജഡ്ജിയെ സംരക്ഷിച്ചതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.സി.ലഹോട്ടിക്കെതിരെ ആറു ചോദ്യങ്ങളുമായി പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കഠ്ജു. ബ്ലോഗിലൂടെയാണ് ലഹോട്ടിയോട് ആറു ചോദ്യങ്ങള്‍ കഠ്ജു ഉന്നയിച്ചിരിക്കുന്നത്.
1. അഴിമതി ആരോപണം നേരിടുന്ന മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെ രഹസ്യാന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആദ്യം കത്തിലൂടേയും പിന്നീട് നേരിട്ട് കണ്ടും ഞാന്‍ ആവശ്യപ്പെട്ടിരുന്നില്ലേ?
2. എന്റെ അഭ്യര്‍ത്ഥന പ്രകാരം ജഡ്ജിക്കെതിരെ ചീഫ് ജസ്റ്റീസായിരുന്ന ലഹോട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നോ?
3. ഐ.ബി. അന്വേഷണത്തില്‍ ജഡ്ജി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി ചീഫ് ജസ്റ്റിസ് എന്നെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നോ?
4. രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം സുപ്രീംകോടതി കൊളീജിയത്തിന്റെ യോഗം വിളിച്ചുചേര്‍ത്ത് ആരോപണവിധേയനായ ജഡ്ജിയുടെ സര്‍വീസ് കാലാവധി നീട്ടേണ്ടതില്ലെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നുവോ?
5.കൊളീജിയത്തിലെ മറ്റംഗങ്ങളുമായി ആലോചിക്കാതെ ആരോപണ വിധേയനായ ജഡ്ജിയുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടിക്കൊടുക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നുവോ?
6. ഐ.ബി റിപ്പോര്‍ട്ട് എതിരായിരുന്നിട്ടും എന്തുകൊണ്ടാണ് ആരോപണവിധേയനായ ജഡ്ജിയുടെ സര്‍വീസ് ഒരു വര്‍ഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്?
എന്നീ ചോദ്യങ്ങളാണ് ജസ്റ്റീസ് ആര്‍.സി.ലഹോട്ടിക്കെതിരെ കഠ്ജു ചോദിച്ചിരിക്കുന്നത്.
അഴിമതി കണ്ടെത്തിയിട്ടും യുപിഎ സര്‍ക്കാരിന്റെ കടുത്ത സമര്‍ദ്ദം മൂലം മദ്രാസ് ഹൈക്കോടതി ജഡ്ജിയ്ക്ക് ആര്‍.സി ലഹോട്ടി കാലാവധി നീട്ടിനല്‍കിയിരുന്നതായി കഠ്ജു ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. കഠ്ജുവിന്റെ വിവാദവെളിപ്പെടുത്തലുകളെ തുടര്‍ന്ന് പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാണ്.