| Friday, 5th April 2013, 11:06 am

ഭീകരക്കേസുകളില്‍ കുടുങ്ങുന്ന നിരപരാധികള്‍ക്കായി കട്ജുവിന്റെ പുതിയ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭീകരക്കേസുകളില്‍ കുടുങ്ങുന്ന നിരപരാധികളായ മുസ്ലിംകള്‍ക്ക് വേണ്ടി പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു സംഘടന ആരംഭിക്കുന്നു.

കൃത്യമല്ലാത്തതും വിശ്വസനീയമായ കുറ്റം ചുമത്താതെയും നിരവധി കാലമായി ജയിലില്‍ കഴിയുന്ന മുസ്ലിംകളുടെ കേസുകള്‍ കണ്ടെത്തുന്നതിന് “കോര്‍ട്ട് ഓഫ് ലാസ്റ്റ് റിസോര്‍ട്ട്” എന്ന പേരിലാണ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘത്തിന് കട്ജു രൂപം നല്‍കിയത്. []

വിവിധ അന്വേഷണ ഏജന്‍സികള്‍ രാജ്യവ്യാപകമായി മുസ്ലിംകളെ ഭീകരക്കേസുകളില്‍ കുരുക്കുന്നത് തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഘത്തിന് കട്ജു രൂപം നല്‍കിയത്.

മുംബൈയിലെ അഭിഭാഷകന്‍ മജീദ് മേമന്‍, സിനിമാ നിര്‍മാതാവ് മഹേഷ് ഭട്ട് എന്നിവര്‍ കട്ജുവിന്റെ സംഘത്തിലെ പ്രമുഖരാണ്.

വിചാരണയിലുള്ളതും കുറ്റം ചുമത്തിയതുമായ മുഴുവന്‍ ഭീകരക്കേസുകളുടെയും വിശദാംശങ്ങള്‍ സംഘം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളോടും ആവശ്യപ്പെടുമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ഈ കേസുകളില്‍ അന്യായം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ജാമ്യാപേക്ഷക്കുള്ള സാധ്യതകള്‍ ആരായുകയും ചെയ്യും. ആവശ്യമെങ്കില്‍ തടവ് കാലാവധി കുറക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ദയാഹരജി സമര്‍പ്പിക്കും.

ഇത്തരം കേസുകളില്‍ പൊലീസ് തെളിവ് കെട്ടിച്ചമക്കുകയാണെന്ന് കട്ജു പ്രസ്താവനയില്‍ പറഞ്ഞു.  നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഇവരെ നിരപരാധികളെന്ന് പറഞ്ഞ് കോടതി വിട്ടയക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരാണെന്നും ആ സമുദായക്കാരെല്ലാം ഭീകരരുമാണെന്ന സംശയത്തില്‍ നിന്നാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും കട്ജു പറഞ്ഞു.

എല്ലാ മുസ്ലിംകളും ഭീകരരല്ലെങ്കിലും എല്ലാ ഭീകരരും മുസ്ലിംകളാണെന്ന ഭയാനകമായ സാമാന്യതത്ത്വം 2001 മുതല്‍ ഇന്ത്യന്‍ മുഖ്യധാരയില്‍ സൃഷ്ടിച്ചുവെച്ചിരിക്കുകയാണ്. നിരപരാധികളെ എത്ര കാലം ജയിലിലിട്ടാലും പ്രശ്‌നമല്ലാതായിരിക്കുന്നു. ഈ സാഹചര്യം മാറിയില്ലെങ്കില്‍ തിരിച്ച് പ്രതികാരത്തിന്റെയും വെറുപ്പിന്റെയും പുതിയ വലയങ്ങള്‍ രൂപപ്പെടുമെന്ന് കട്ജു മുന്നറിയിപ്പ് നല്‍കി.

ഇത്തരം കേസുകള്‍ക്ക് പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും കേസുകളില്‍ മുസ്ലിം യുവാക്കളെ കുരുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി കൈക്കൊള്ളുമെന്നും നിരപരാധികളെന്ന് കണ്ട് വിട്ടയക്കപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

ഭീകരക്കേസുകളില്‍ കുരുക്കി ജയിലുകളിലിട്ട നിരപരാധികളായ മുസ്ലിം യുവാക്കള്‍ക്ക് നീതി ഉറപ്പുവരുത്താന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിറകെയാണ് രാജ്യമെമ്പാടുമുള്ള ഇത്തരം കേസുകള്‍ കണ്ടെത്തി പുറത്തെടുക്കാന്‍ കട്ജു തീരുമാനിച്ചത്.

We use cookies to give you the best possible experience. Learn more