'ഇന്ത്യന്‍ മുസ്‌ലീങ്ങളെ കാത്തിരിക്കുന്നത് മോശം ദിവസങ്ങള്‍; ഇനിയെങ്കിലും ഈ അട്ടകളില്‍ നിന്നും മോചനം നേടിയില്ലെങ്കില്‍...' മുന്നറിയിപ്പുമായി കട്ജു
national news
'ഇന്ത്യന്‍ മുസ്‌ലീങ്ങളെ കാത്തിരിക്കുന്നത് മോശം ദിവസങ്ങള്‍; ഇനിയെങ്കിലും ഈ അട്ടകളില്‍ നിന്നും മോചനം നേടിയില്ലെങ്കില്‍...' മുന്നറിയിപ്പുമായി കട്ജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th December 2018, 10:18 am

 

ന്യൂദല്‍ഹി: ഇന്ത്യന്‍ മുസ്‌ലീങ്ങളെ കാത്തിരിക്കുന്നത് മോശം ദിവസങ്ങളാണെന്നാണ് ഇന്ത്യയില്‍ സമീപകാലത്തുണ്ടായ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. ഇതിനു വലിയൊരു കാരണക്കാര്‍ ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയ നേതാക്കളും ബഹുഭൂരിപക്ഷം വരുന്ന മൗലവിമാരും മുഫ്തികളുമാണെന്നും കട്ജു ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

മുസ്‌ലിം രാഷ്ട്രീയക്കാരും മുഫ്തിമാരുമെല്ലാം അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി അട്ടകളെപ്പോലെ നിരപരാധികളായ മുസ്‌ലിം സമൂഹത്തിന്റെ ചോര ഊറ്റിക്കുടിക്കുകയാണെന്നും കട്ജു അഭിപ്രായപ്പെട്ടു.

ചില ഉദാഹരണങ്ങള്‍ നിരത്തി കട്ജു ഈ അഭിപ്രായം വിശദീകരിക്കുന്നുമുണ്ട്. 1985ല്‍ മുസ്‌ലിം പുരുഷന്മാര്‍ വിവാഹമോചിതയായ ഭാര്യയ്ക്ക് ജീവനാംശം നല്‍കണമെന്ന് 1985ല്‍ ഷാബാനു കേസില്‍ സുപ്രീം കോടതി വിധിച്ചു. മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ചുള്ള ഈ വിധി യുക്തിചിന്തയുള്ള എല്ലാവരും അംഗീകരിക്കുമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുക. എന്നാല്‍ ഒട്ടുമിക്ക മൗലാനമാരും മുസ്‌ലിം രാഷ്ട്രീയ നേതാക്കളും ഈ വിധിയ്‌ക്കെതിരെ രംഗത്തുവരികയാണ് ചെയ്തത്. ശരീഅത്ത് നിയമത്തിന് എതിരാണിതെന്നു പറഞ്ഞായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ഈ വിധിയ്‌ക്കെതിരെ നിയമമുണ്ടാക്കുകയാണ് ചെയ്തത്.

Also Read:ഫ്‌ലിപ്കാര്‍ട്ട് ചതിച്ചു; 1.25 ലക്ഷത്തിന്റെ ഐഫോണ്‍ എക്‌സ് ഓര്‍ഡര്‍ ചെയ്ത നടന് ലഭിച്ചത് വ്യാജ ഫോണ്‍

മുത്തലാഖിന്റെ കാര്യമാണ് അദ്ദേഹം മറ്റൊരു ഉദാഹരണമായി നിരത്തുന്നത്. മുത്തലാഖ് വിഷയത്തില്‍ മൗലാനമാരും സമാനചിന്താഗതിക്കാരായ ആളുകളും ഉള്‍ക്കൊണ്ട ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മുത്തലാഖിനെ അനുകൂലിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു.

നിലവിലെ സാമൂഹ്യസ്ഥിതിക്കും സാമൂഹ്യ മാറ്റങ്ങള്‍ക്കും അനുസരിച്ച് മാറ്റപ്പെടേണ്ടതാണ് നിയമങ്ങള്‍. ശരീഅത്ത് നിയമങ്ങള്‍ കാലഹരണപ്പെട്ടതാണ്. ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ അറേബ്യയില്‍ നിലനിന്നിരുന്ന നിയമം എങ്ങനെയാണ് 21ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ പ്രയോഗയോഗ്യമാകുകയെന്നും അദ്ദേഹം ചോദിക്കുന്നു.

ഹിന്ദു സമൂഹത്തില്‍ ഇന്ന് മനുസ്മൃതി പ്രയോഗിക്കുന്നതു പോലെയാണ് അത്. ശരീഅത്ത് ഇല്ലാതാക്കിയാല്‍ ഇസ്‌ലാം ഇല്ലാതാക്കപ്പെടുമെന്ന് പറയുന്നത് അസംബന്ധമാണെന്നും കട്ജു പറയുന്നു.

ശരീഅത്ത് നിയമത്തിനു പകരം ഏകീകൃത സിവില്‍ കോഡാണ് ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ക്ക് ഗുണം ചെയ്യുക. എന്നാല്‍ ഈ അട്ടങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ബുര്‍ഖ ധരിക്കുന്ന സമ്പ്രദായവും നിരോധിക്കണം. സ്ത്രീകളെ സംബന്ധിച്ച് അത് ഫ്യൂഡല്‍, പ്രാകൃത ആചാരമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read:ഇടത് കാലിന് ചെയ്യേണ്ട ശസ്ത്രക്രിയ വലതുകാലിന്; നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ പ്രതിഷേധം

ഈ അട്ടകളില്‍ നിന്നും മുസ് ലീം സമുദായം, പ്രത്യേകിച്ച് യുവജനങ്ങള്‍ മോചിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും കട്ജു പറയുന്നു. അതില്‍ പരാജയപ്പെട്ടാല്‍ ഹിന്ദു സമുദായത്തിലെ പിന്തിരിപ്പന്‍മാര്‍ക്ക് ഒരു ആയുധം നല്‍കലാകും അതെന്നും കട്ജു അഭിപ്രായപ്പെട്ടു.