ന്യൂദല്‍ഹി: ഇന്ത്യയും പാകിസ്ഥാനും ഒന്നാണെന്നും അവര്‍ വീണ്ടും ഒരുമിക്കുകയാണ് വേണ്ടതെന്നും സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ വിദ്വേഷം കൃത്രിമമായി സൃഷ്ടിച്ചതാണെന്നു പറഞ്ഞുകൊണ്ടാണ് കട്ജു ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് കട്ജുവിന്റെ അഭിപ്രായ പ്രകടനം.
ജര്‍മ്മനി, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുടെ മാതൃകയില്‍ ഇന്ത്യ-പാക് ലയനം സംഭവിക്കണമെന്നാണ് കട്ജു അഭിപ്രായപ്പെടുന്നത്.
“വിഭജനം 70 വര്‍ഷം മുമ്പുണ്ടായ കാര്യമല്ലേയെന്നും ഇരുഭാഗത്തും ഒട്ടേറെ ശത്രുതാപരമായ നീക്കങ്ങള്‍ ഉണ്ടായതിനാല്‍ പുനരൈക്യം സാധ്യമല്ലെന്നും പറയുന്നു. എന്നാല്‍ 45വര്‍ഷം വേര്‍പിരിഞ്ഞശേഷം 1990കളിലാണ് ജര്‍മ്മനി ഒന്നിച്ചുചേര്‍ന്നത്. 30വര്‍ഷത്തെ വിഭജനത്തിനുശേഷമാണ് വിയറ്റ്‌നാ ഒരുമിച്ചത്. ” അദ്ദേഹം പറയുന്നു.
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുണ്ടെന്നു പറയുന്ന വിദ്വേഷം കൃത്രിമമായി സൃഷ്ടിച്ചതാണെന്നും യഥാര്‍ത്ഥത്തില്‍ അത്തരമൊന്ന് നിലനില്‍ക്കുന്നുല്ലെന്നും പറഞ്ഞുകൊണ്ടാണ് പുനരൈക്യം സാധ്യമാണെന്ന വാദത്തെ കട്ജു അവതരിപ്പിക്കുന്നത്.
“ഇരുഭാഗത്തും ഏറെ വിദ്വേഷപരമായ നീക്കമുണ്ടായിട്ടുള്ളതിനാല്‍ പുനരൈക്യം സാധ്യമല്ലെന്നു പറയുന്നുണ്ട്. എന്നാല്‍ വിദ്വേഷം കൃത്രിമമായി സൃഷ്ടിച്ചതാണെന്നതാണ് വസ്തുത. ഇന്ത്യക്കാര്‍ പാകിസ്ഥാനിലേക്കു പോകുമ്പോള്‍ അവര്‍ക്ക് പാകിസ്ഥാനില്‍ നിന്നും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. തിരിച്ച് പാകിസ്ഥാനികള്‍ ഇങ്ങോട്ടുവരുമ്പോള്‍ അവര്‍ക്കും ഇതേരീതിയിലുള്ള വരവേല്‍പ്പാണ് ലഭിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഒന്നാണ്. അതിനാല്‍ നമ്മള്‍ ഒരുമിക്കണം.” കട്ജു കുറിക്കുന്നു.
രണ്ട് ഇന്ത്യന്‍ ജവാന്മാരെ കൊലപ്പെടുത്തി മൃതദേഹം വികലമാക്കിയെന്ന വാര്‍ത്തകളോട് പ്രതികരിച്ചുകൊണ്ടാണ് കട്ജുവിന്റെ ഈ കുറിപ്പ്. ജവാന്മാരെ ആരാണ് കൊലപ്പെടുത്തിയതെന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്.
“ഇന്ത്യക്കാര്‍ പാക് സേനയാണ് ഇത് ചെയ്തതെന്നു പറയുന്നു. പാക് സേന അതു നിഷേധിച്ചിട്ടുമുണ്ട്. ടാം റേറ്റിങ്ങിനുവേണ്ടി ഇന്ത്യന്‍ മാധ്യമങ്ങള്‍ പാകിസ്ഥാനികളെ പിശാചുക്കളാക്കി മുദ്രകുത്തുന്നു. പാക് മാധ്യമങ്ങള്‍ നേരെ തിരിച്ചും. യഥാര്‍ത്ഥത്തില്‍ ഈ രണ്ടു രാജ്യങ്ങളും ഒന്നാണ്. ഒരേ സംസ്‌കാരമാണ് പിന്തുടരുന്നത്.” അദ്ദേഹം പറയുന്നു.
മുഗളന്മാരുടെ കാലം മുതല്‍ ഒന്നായി കഴിഞ്ഞിരുന്ന ഈ രാജ്യത്തെ ബ്രിട്ടീഷുകാരാണ് വിഭജിച്ചത്. ഈ വിഭജനം ശാശ്വതമല്ലെന്നു പറയുന്ന കട്ജു ഒരു മതനിരപേക്ഷ സര്‍ക്കാറിനു കീഴില്‍ ഈ രണ്ടു രാജ്യങ്ങളും ഒരിക്കല്‍ ഒരുമിക്കുമെന്നും പറയുന്നു.