” ദ കമിങ് സെക്കന്റ് എമര്‍ജന്‍സി” എന്ന തലക്കെട്ടില്‍ സത്യം ബ്രൂയാത് എന്ന അദ്ദേഹത്തിന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലാണ് കട്ജു ഈ മുന്നറിയിപ്പു നല്‍കുന്നത്.
അഞ്ച് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അടിയന്തരാവസ്ഥയിലേക്കാണ് നമ്മുടെ പോക്കെന്ന് കട്ജു സമര്‍ത്ഥിക്കുന്നത്. കാരണങ്ങള്‍ ഇവയാണ്
1. വികസനം എന്ന മുദ്രാവാക്യമുയര്‍ത്തി വന്‍ പ്രതീക്ഷ നല്‍കിക്കൊണ്ടാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ലക്ഷക്കണക്കിനു യുവാക്കള്‍ക്കു തൊഴില്‍, ബിസിനസുകാരെ സഹായിക്കാന്‍ വ്യാവസായിക വളര്‍ച്ച, പൊതുവെ സമൃദ്ധി എന്നിവയുണ്ടാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു.
2. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഏഴുമാസമായിട്ടും വികസനത്തിന്റെ സൂചനപോലും നല്‍കാനായിട്ടില്ല. അതിനു പകരം സ്വച്ഛ് ഭാരത്, ഘര്‍ വാപസി, സദ് ഭരണ ദിനം തുടങ്ങിയ ചെപ്പടി വിദ്യകളാണു നടക്കുന്നത്.
സര്‍ക്കാര്‍ ഇപ്പോള്‍ പിന്തുടരുന്ന സാമ്പത്തിക നയങ്ങള്‍ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും പോഷകാഹാര കുറവിലേക്കും, കര്‍ഷക ആത്മഹത്യയിലേക്കും ദാരിദ്ര്യത്തിലേക്കുമാണു നയിക്കുക. വിരലിലെണ്ണാവുന്ന വന്‍കിട ബിസിനസുകാര്‍ക്കുമാത്രമാണ് സാമ്പത്തിക നയം കൊണ്ട് ഗുണമുള്ളത്.
3. ദിവസം കഴിയുന്തോറും സര്‍ക്കാറിന്റെ ജനപ്രീതി നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. യുവജനതയ്ക്കിടയിലാണ് രോഷം വര്‍ധിച്ചുവരുന്നത്. അമാനുഷികനായ ഒരാള്‍ ഭൂമിയില്‍ സ്വര്‍ഗം സൃഷ്ടിക്കും എന്ന മട്ടിലായിരുന്നു ഇവരുടെ സ്വപ്‌നങ്ങള്‍. അതു തകര്‍ന്നടിച്ചു.
ഇപ്പോള്‍ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ജയിക്കുന്നുണ്ട്. അത് കോണ്‍ഗ്രസിന്റെ കെടുകാര്യസ്ഥത കൊണ്ടാണ്. ജനപിന്തുണയില്ലാത്ത സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തു തുടരുന്നതു കൊണ്ടാണ്. അല്ലാതെ ബി.ജെ.പി തെരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ചതു കൊണ്ടല്ല.
4. ഇന്ത്യന്‍ ജനത നേരിടുന്ന കടുത്ത സാമ്പത്തിക പ്രശ്‌നം, വിലക്കയറ്റം, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, കര്‍ഷക ആത്മഹത്യ എന്നിവയ്‌ക്കൊപ്പം ഈ ഇച്ഛാഭംഗവും നൈരാശ്യവും കൂടി ചേരുമ്പോള്‍ അത് രാജ്യ വ്യാപകമായ പ്രതിഷേധങ്ങളിലേക്കും ബഹളത്തിലേക്കും നയിക്കും.
5. ഈ പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 1975-77 കാലഘട്ടത്തില്‍ കണ്ട അതേ രീതിയിലുള്ള അടിയന്തരാവസ്ഥ ഇവിടെ കൊണ്ടുവരും. കട്ജു വ്യക്തമാക്കുന്നു.
മോദിയ്‌ക്കെതിരെ ഒന്നും പറയരുത്, പറഞ്ഞാല്‍ ജോലി പോകുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുണ്ട്: കട്ജു
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ഒന്നും പറയരുതെന്ന് ടി. വി ചാനല്‍ മാനേജ്‌മെന്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായും കട്ജു പറഞ്ഞു. ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് കഴിഞ്ഞ ദിവസം തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ചാനലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പത്രമാധ്യമങ്ങള്‍ക്ക് കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സ്‌ക്രൂ കുറച്ചുകൂടി ഉറപ്പിച്ചാല്‍ അവരുടെ കൈകളിലും വിലങ്ങുവീഴുമെന്നും കട്ജു പറയുന്നു.
മോദിയ്‌ക്കെതിരെ വാ തുറന്നാല്‍ ജോലി പോകുമെന്ന ഭീഷണി പത്ര, ദൃശ്യ മാധ്യമങ്ങളിലെ മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം ഉണ്ട്. താന്‍ പ്രവചിച്ച രണ്ടാം അടിയന്തരാവസ്ഥ വരുന്നു എന്നതിന്റെ സൂചനയാണ് ഇതെല്ലാമെന്നും അദ്ദേഹം ബ്ലോഗില്‍ വ്യക്തമാക്കി.