കോഴിക്കോട്: പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യം നിഷേധിച്ച ബെഞ്ചില്‍ ഉണ്ടായിരുന്നുവെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. 2011ല്‍ മഅ്ദനിയുടെ ജാമ്യം പരിഗണിച്ച സുപ്രീം കോടതിയുടെ രണ്ട് അംഗ ബെഞ്ചില്‍ താനും ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചതില്‍ ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടെയുണ്ടായിരുന്ന ജൂനിയര്‍ ജഡ്ജി വിയോജിച്ചതോടെ കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് വിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിറ്റിസണ്‍ ഫോറം ഫോര്‍ മഅ്ദനി ഉത്തരമേഖലാ കമ്മിറ്റി സംഘടിപ്പിച്ച മഅ്ദനി: ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘1998 മുതല്‍ 2007 വരെ കൊയമ്പത്തൂര്‍ സ്‌ഫോടന കേസിലും 2008 മുതല്‍ ബെംഗളൂരു സ്‌ഫോടന കേസിലും വിചാരണത്തടവുകാരനായി കഴിയുന്ന അദ്ദേഹം കരുതല്‍ തടങ്കലിലാണ്. കൊയമ്പത്തൂര്‍ കേസില്‍ ഒമ്പത് വര്‍ഷങ്ങള്‍ ആര് തിരിച്ച് നല്‍കും. ബെംഗളൂരു കേസ് നീണ്ടു പോകുന്നത് ദൗര്‍ഭാഗ്യകരമാണ്.
ഒരു കാല്‍ നഷ്ടപ്പെട്ട മഅ്ദനിക്ക് വീല്‍ ചെയര്‍ സഹായമില്ലാതെ ഒന്ന് നീങ്ങാന്‍ പോലുമാകില്ല. കിഡ്നി സംബന്ധമായ അസുഖങ്ങള്‍ മഅ്ദനിയെ അലട്ടുന്നുണ്ട്. ഡയാലിസിസ് വേണ്ട സ്ഥിതിയാണ്. കൂടാതെ, ഒരു കണ്ണിന്റെ കാഴ്ച പകുതി നഷ്ടമായിട്ടുമുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്‍ കിടപ്പിലാണെന്നുള്ള അവസ്ഥ കൂടെ പരിഗണിക്കണം,’ കട്ജു പറഞ്ഞു.
വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന മഅ്ദനിയെ മോചിപ്പിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി കര്‍ണാടക ഗവര്‍ണറോട് ആവശ്യപ്പെടണമെന്നും ഇതിന് കേരള മുഖ്യമന്ത്രിയുടെ സമ്മര്‍ദവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ 161ാം വകുപ്പ് അനുസരിച്ച് നിയമസഭ അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍ ആ അധികാരം ഉപയോഗിച്ച് മഅ്ദനിയെ വിട്ടയക്കാമെന്നും കട്ജു കൂട്ടിച്ചേര്‍ത്തു.
അതേസമയം മഅ്ദനിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും താന്‍ കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ നാട്ടില്‍ ശാസ്ത്രീയ രീതിയിലല്ല കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മുടെ നാട്ടില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നത് ശാസ്ത്രീയ രീതിയിലല്ല. പൊലീസുകാരുടെ മേല്‍ വരുന്ന സമ്മര്‍ദങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌ഫോടനക്കേസുകള്‍ ആരുടെയെങ്കിലും തലയില്‍ കെട്ടിവെക്കുന്നു. ഇത്തരം കേസന്വേഷണത്തിന്റെ ഇരയാണ് മഅ്ദനി,’ കട്ജു പറഞ്ഞു.
2011 മെയ്യില്‍ ആയിരുന്നു കട്ജു അടങ്ങുന്ന രണ്ടംഗ ബെഞ്ച് ബെംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യാപേക്ഷ പരിഗണിച്ചത്. മഅ്ദനിക്ക് ജാമ്യം അനുവദിക്കണമെന്ന് കട്ജു അഭിപ്രായപ്പെട്ടപ്പോള്‍ ജഡ്ജി ഗ്യാന്‍ സുധ മിശ്ര അതിനെ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കേസ് അന്നത്തെ ചീഫ് ജസ്റ്റിസായ എസ്.എച്ച് കപാഡിയക്ക് കൈമാറി. മഅ്ദനിക്കെതിരെ മതിയായ തെളിവുകളില്ലെന്ന് പറഞ്ഞാണ് കട്ജു ജാമ്യം നല്‍കാന്‍ ആവശ്യപ്പെട്ടത്.
കാരാട്ട് റസാഖ് അധ്യക്ഷനായ പരിപാടിയില്‍ വര്‍ക്കല രാജ്, കാസിം ഇരിക്കൂര്‍, കെ.എ. ഷഫീഖ്, സി.ടി. ശുഹൈബ് തുടങ്ങിയവരും സംസാരിച്ചു.
content highlight: katju about maadani