കഠിനംകുളം ബലാത്സംഗകേസ്; മുഖ്യപ്രതി നൗഫല്‍ പിടിയില്‍
keralanews
കഠിനംകുളം ബലാത്സംഗകേസ്; മുഖ്യപ്രതി നൗഫല്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th June 2020, 10:00 am

തിരുവനന്തപുരം: കഠിനംകളം ബലാത്സംഗക്കേസിലെ പ്രതി നൗഫല്‍ പിടിയില്‍. യുവതിയെ ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ചത് ചാന്നാങ്കര സ്വദേശിയായ നൗഫലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി.

കേസില്‍ ഭര്‍ത്താവടക്കം ആറുപേര്‍ നേരത്തെ പിടിയിലായിരുന്നു. സംഭവത്തിന് ശേഷം നൗഫല്‍ ഒളിവിലായിരുന്നു.

കഠിനംകുളം സ്വദേശികളായ മന്‍സൂര്‍, അര്‍ഷാദ്, രാജന്‍, അക്ബര്‍ഷാ, അന്‍സാര്‍ എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പ്രതികളില്‍ നാലുപേരെ ഇന്ന് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിക്കും.

പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം കൂടി വന്നശേഷമായിരിക്കും അപേക്ഷ സമര്‍പ്പിക്കുകയെന്ന് അന്വേഷണ സംഘം അറിയിച്ചു.

വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ഭര്‍ത്താവ് വീട്ടുടയില്‍ നിന്നും പണം വാങ്ങിയിരുന്നത് കണ്ടതായി യുവതി മൊഴിനല്‍കിയിരുന്നു.

ഭര്‍ത്താവ് മദ്യം നല്‍കിയിരുന്നതായും ശേഷം സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നെന്നും യുവതി പറഞ്ഞു. ബലാത്സംഗത്തിന് മുമ്പ് യുവതിക്ക് മദ്യം നല്‍കുമ്പോള്‍ മറ്റ് പ്രതികള്‍ വീട്ടുടമ രാജന്റെ പുതുക്കുറുച്ചിയിലെ വീടിന് പരിസരത്തുണ്ടായിരുന്നെന്നും യുവതി വെളിപ്പെടുത്തി.

വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ യുവതിയെയും കുഞ്ഞിനെയും ഉപദ്രവിച്ചെന്നും മൊഴിയില്‍ പറയുന്നു.

അഞ്ചു വയസ്സുള്ള മകന്റെ മുന്നില്‍ നിന്ന് അക്രമിച്ചതിനാല്‍ പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തുമെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ