കശ്മീര്‍:കഠ്‌വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്ന കേസിന്റെ വിചാരണ കാശ്മീരിന് പുറത്തേക്ക് മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. പഞ്ചാബിലെ പഠാന്‍കോട്ടിലെക്ക് കേസ് മാറ്റാനാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.സാക്ഷികളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് പഠാന്‍കോട്ടിലേക്ക് മാറ്റുന്നത്.
പെണ്‍കുട്ടിയുടെ പിതാവും കശ്മീരിന് പുറത്ത് വിചാരണ നടത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കശ്മീരിന് പുറത്തേക്ക് വിചാരണ മാറ്റരുതെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമുള്ള പ്രതികളുടെ ആവശ്യവും സുപ്രീംകോടതി തള്ളി കളഞ്ഞു.
തുടര്‍ച്ചയായി വാദം കേള്‍ക്കാനും കോടതി നടപടിക്രമങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനും രഹസ്യവിചാരണയ്ക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഠ്‌വ പെണ്‍കുട്ടിയെ കൊലചെയ്യാന്‍ പദ്ധതിയിട്ടത് പ്രധാനപ്രതി സഞ്ജി റാമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മകന് ലൈംഗിക പീഡനത്തില്‍ പങ്കുള്ളതിനാലാണ് പെണ്‍കുട്ടിയെ കൊലചെയ്യാന്‍ തീരുമാനിച്ചതെന്നും സഞ്ജി റാം പറഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
Also Read ‘കിടക്കാന്‍ ഇടമില്ലെങ്കില്‍ എന്റെ കൂടെ വന്നാല്‍ മതി’; പരാതി നല്‍കാന്‍ പൊലീസ് സറ്റേഷനിലെത്തിയ യുവതിക്ക് നേരേ എസ്.ഐയുടെ അശ്ലീലവര്‍ഷം
ജനുവരി പത്തിനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്നത്. അതേദിവസം തന്നെ സഞ്ജി റാമിന്റെ മരുമകന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ജനുവരി 14നാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. ജനുവരി 17ന് കാട്ടില്‍വെച്ചാണ് എട്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.സഞ്ജി റാമും മകനും, പ്രായപൂര്‍ത്തിയാവാത്ത ഇവരുടെ ബന്ധുവും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ നിന്നും ഗുജ്ജര്‍, ബക്കര്‍വാള്‍ സമുദായങ്ങളെ ഓടിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സഞ്ജി റാമിന്റെ ഉടമസ്ഥതയിലുള്ള ഒരു ചെറു ക്ഷേത്രത്തിലെ ദേവസ്ഥാനില്‍വെച്ചാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.