'ദീപിക സിങ് രാജവതിന് അഭിവാദ്യങ്ങള്‍'; കഠ്‌വ പെണ്‍കുട്ടിയുടെ അഭിഭാഷകയെ അഭിനന്ദിച്ച് ഹാരിപോട്ടര്‍ നായിക എമ്മ വാട്‌സണ്‍
Kathua gangrape-murder case
'ദീപിക സിങ് രാജവതിന് അഭിവാദ്യങ്ങള്‍'; കഠ്‌വ പെണ്‍കുട്ടിയുടെ അഭിഭാഷകയെ അഭിനന്ദിച്ച് ഹാരിപോട്ടര്‍ നായിക എമ്മ വാട്‌സണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th May 2018, 8:10 pm

ലോസ് ഏഞ്ചല്‍സ്: കാശ്മിരിലെ കഠ്‌വയില്‍ മുസ്‌ലിം ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിക്ക് വേണ്ടി കേസ് വാദിക്കുന്ന അഭിഭാഷക ദീപിക സിങ് രാജവത്തിനെ അഭിനന്ദിച്ച് ഹോളിവുഡ് നടി എമ്മ വാട്‌സണ്‍.

ദീപിക സിങിനെ കുറിച്ചുള്ള ഒരു ഫോട്ടോ ലേഖനം ട്വിറ്ററില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് എമ്മ തന്റെ അഭിപ്രായം കുറിച്ചത്. “ദീപിക സിങ് രാജവതിന് അഭിവാദ്യങ്ങള്‍” എന്നാണ് ഐക്യരാഷ്ട്ര സഭയുടെ വനിതാ ഗുഡ്വില്‍ അംബാസിഡര്‍ കൂടിയായ എമ്മ തന്റെ ട്വിറ്ററില്‍ കുറിച്ചത്.

ഹാരിപോട്ടര്‍ ചിത്രങ്ങളിലെ നായികയായ എമ്മ വാട്‌സണ്‍ ലോകം മുഴുവന്‍ ലക്ഷക്കണക്കിന് ആരാധകരുണ്ട്. നിലവില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി ഐക്യരാഷ്ട്രസഭയുമായി പ്രവര്‍ത്തിച്ച് വരികയാണ് താരം.

നിരവധി ഭീഷണികള്‍ക്ക് നടുവിലും ധീരമായാണ് അഡ്വക്കേറ്റ് ദീപിക സിങ്ങ് കഠ്‌വ പെണ്‍കുട്ടിക്ക് വേണ്ടി ഹാജരായത്. തനിക്ക് നേരിടേണ്ടി വന്ന ഭീഷണികളില്‍ ഭയന്ന് പിന്‍വാങ്ങാതെ ഒരു പിഞ്ചുകുഞ്ഞിന് നീതി ഉറപ്പാക്കാന്‍ താന്‍ ഉറച്ചുനില്‍ക്കുമെന്ന് പറയാന്‍ ദീപിക കാണിച്ച ആര്‍ജവമാണ് ഇവരെ ജനങ്ങളിലേക്ക് അടുപ്പിച്ചത്. ഒരു രാജ്യം മുഴുവന്‍ പെണ്‍കുട്ടിയുടെ നീതിക്കായി ശബ്ദമുയര്‍ത്താന്‍ ഏക കാരണവും ദീപികയുടെ നിശ്ചയദര്‍ഢ്യം തന്നെയായിരുന്നു.

പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി കേസ് സ്വയമേവ ഏറ്റെടുത്ത് കോടതിയില്‍ പോരാടുകയായിരുന്നു ദീപിക സിങ്.

കേസുമായി മുന്നോട്ട് പോവുമ്പോള്‍ നീതിപീഠത്തിന്റെ പ്രതിനിധികള്‍ തന്നെ ദീപികയ്‌ക്കെതിരെ ഭീഷണിയുമായി എത്തിയെങ്കിലും പൂര്‍വാധികം ശക്തിയോടെ പോരാടുകയായിരുന്നുവെന്ന് ദീപിക പറയുന്നു.

ജമ്മുകശ്മീര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റാണ് ആദ്യം ദീപികയ്‌ക്കെതിരെ ഭീഷണിയുമായി എത്തിയത്. കേസില്‍ ഹാജരാവരുതെന്നും ഹാജരായാല്‍ അത് എങ്ങനെ നേരിടണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നുമായിരുന്നു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് സലാതിയ ദീപികയോട് പറഞ്ഞത്. തുടര്‍ന്ന് ഭൂപീന്ദര്‍ സിങ്ങിനെതിരെ ദീപിക ജമ്മുകശ്മീര്‍ ഹൈക്കോടതിയിലും സുപ്രീം കോടതി ചീഫ് ജസ്റ്റിനും പരാതി നല്‍കുകയും കേസില്‍ ഹാജരാവുന്നതിന് തനിക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

“എനിക്കറിയില്ല ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം, കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവര്‍ അനുവദിച്ചേക്കില്ല, അവര്‍ എന്നെ ഒറ്റപ്പെടുത്തി, എനിക്കറിയില്ല എങ്ങനെ ഇതിനെ അതിജീവിക്കണമെന്ന്.” തനിക്ക് നേരെ ഉയരുന്ന ഭീഷണികളെ കുറിച്ച് ദീപിക മാധ്യമങ്ങളെ അറിയിച്ചത് ഇങ്ങനെയായിരുന്നു.