| Sunday, 24th June 2018, 7:14 pm

കഠ്‌വ പീഡനം: കുട്ടിക്ക് നല്‍കിയത് മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നും മന്നാര്‍ ലഹരിവസ്തുവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാശ്മീര്‍: കഠ്‌വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ലഹരി വസ്തുക്കളും മരുന്നുകളും നല്‍കിയതിനെത്തുടര്‍ന്ന് “കോമ”യിലായിരുന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.

മന്നാര്‍ എന്ന ലഹരി വസ്തുവും മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന എപിട്രില്‍ ഗുളികകളും കുട്ടിയെ ബോധം കെടുത്താന്‍ നല്‍കിയതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.

ഇത്രയും ഗുളികകളും ലഹരി വസ്തുക്കളും എട്ടു വയസ്സുള്ള കുട്ടിക്ക് നല്‍കിയാല്‍ എന്തായിരിക്കും അതിന്റെ അനന്തരഫലമെന്നറിയാന്‍ പെണ്‍കുട്ടിയെ വിസെറ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.


Also Read   ‘അമിത് ഷാ… ആദ്യം നിങ്ങളുടെ മന്ത്രിമാരെ വിലയിരുത്തൂ’; അമിത് ഷായ്ക്ക് മറുപടിയുമായി മെഹ്ബൂബ മുഫ്തി


കോമയിലേയ്‌ക്കോ അല്ലെങ്കില്‍ അനങ്ങാന്‍ പോലും സാധിക്കാത്ത വിധം മരവിച്ച അവസ്ഥയിലേയ്‌ക്കോ തള്ളിവിടും വിധം സ്വാധീനമാണ് ഇത്തരം വസ്തുക്കള്‍ കുട്ടിയുടെ ശരീരത്തിലുണ്ടാക്കുക എന്ന് മെഡിക്കല്‍ വിദഗ്ധരുടെ മറുപടി ലഭിച്ചു.

ക്രൂര പീഡനത്തിനിരയായിട്ടും പെണ്‍കുട്ടി കരഞ്ഞു ബഹളമുണ്ടാക്കിയില്ലെന്ന വാദം പ്രതികള്‍ ഉന്നയിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ അന്വേഷണസംഘം മെഡിക്കല്‍ പരിശോധനയിലൂടെ കണ്ടെത്തിയിരിക്കുന്നത്.

കുട്ടിക്കു നല്‍കിയ എപിട്രില്‍ മരുന്നില്‍ ക്ലോനാസെപാം സോള്‍ട്ട് എന്ന രാസവസ്തു അടങ്ങിയിരുന്നു. ഇത് അതിവിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രം നല്‍കേണ്ടതാണ്. അതും സ്വീകരിക്കുന്നയാളുടെ പ്രായവും ഭാരവും പരിശോധിച്ചതിനു ശേഷം മാത്രം.

കൊല്ലപ്പെട്ട കുട്ടിക്ക് നല്‍കിയത് അഞ്ച് എപിട്രില്‍ ഗുളികകളാണ്. അതായത് കൊല്ലപ്പെടുന്നതിനു മുമ്പുതന്നെ കുട്ടിയുടെ ശരീരം മരിച്ചതിനു തുല്യമായിരുന്നെന്നു വ്യക്തം. ഈ ഗുളികയ്‌ക്കൊപ്പം മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനേ പാടില്ലാത്തതാണ്. കുട്ടിക്ക് കഞ്ചാവിനു സമാനമായ മന്നാറും നല്‍കി. ഇത് നാഡീവ്യൂഹത്തെ തകര്‍ക്കാന്‍ പോന്നതാണ്.


Alao Read   അട്ടപ്പാടി ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍


കേസ് പരിഗണിക്കുന്ന പഠാന്‍കോട്ടിലെ ജില്ലാസെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും. ജനുവരി 17നാണ് കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.

പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജി റാം, മകന്‍ വിഷാല്‍, ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത ബന്ധു, സ്‌പെഷല്‍ പൊലീസ് ഓഫിസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, ഇവരുടെ സുഹൃത്ത് പര്‍വേഷ് കുമാര്‍ എന്ന മാന്നു, നാലു ലക്ഷം രൂപ വാങ്ങി തെളിവുകള്‍ നശിപ്പിച്ചതിന്റെ പേരില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, എസ്.ഐ ആനന്ദ് ദത്ത തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more