| Monday, 7th May 2018, 8:31 am

'കഠ്‌വയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത് പ്രതികളെ രക്ഷിക്കാന്‍' ; ബി.ജെ.പി നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി മെഹബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഠ്‌വയില്‍ എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ഒരാവശ്യകതയുമില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ജമ്മു കശ്മീര്‍ പൊലീസില്‍ വിശ്വാസമില്ലെങ്കില്‍ സംസ്ഥാനത്ത് വിശ്വാസയോഗ്യരായ മറ്റൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അവരുടെ മതത്തിന്റെ അല്ലെങ്കില്‍ അവര്‍ വിശ്വസിക്കുന്ന മതത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നത് ലജ്ജാകരവും അപകടകരവുമാണെന്നും അവര്‍ പറഞ്ഞു.

“ഓരോ തവണ കുറ്റകൃത്യം നടക്കുമ്പോഴും ഏതു ഏജന്‍സിയെ അന്വേഷണത്തിന് തെരഞ്ഞെടുക്കണമെന്നത് സംബന്ധിച്ച് ഹിതപരിശോധന നടത്താനൊന്നും കഴിയില്ല.” അവര്‍ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് അന്വേഷണത്തിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ക്ക് സ്വാര്‍ത്ഥ താല്‍പര്യമാണെന്നും പ്രതികളെ രക്ഷിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും മെഹ്ബൂബ മുഫ്തി വ്യക്തമാക്കി.


Also Read:20 വയസ്സുകാരന്റെ വിവാഹം റദ്ദ് ചെയ്യാനാകില്ല; പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് സുപ്രീം കോടതി


“ഈ കേസിന്റെ കാര്യത്തില്‍ എനിക്ക് യാതൊരു ആശയക്കുഴപ്പവുമില്ല. ജമ്മു കശ്മീര്‍ പൊലീസ് ക്രൈംബ്രാഞ്ച് കുറ്റമറ്റ അന്വേഷണം നടത്തിയിട്ടുണ്ട്. ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിച്ചിട്ടുമുണ്ട്. ഇനി വിചാരണ കോടതിയിലാണ്. അതാണ് ഫലം നിശ്ചയിക്കുക. ഇവിടെ സി.ബി.ഐ അന്വേഷണത്തിന്റെ ഒരാവശ്യവുമില്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. പ്രതികള്‍ അത് ആവശ്യപ്പെടുന്നുണ്ട് എന്നതുകൊണ്ട് നമുക്ക് അങ്ങനെയൊരു തീരുമാനമെടുക്കാന്‍ കഴിയില്ല.” മുഫ്തി വ്യക്തമാക്കി.

കശ്മീര്‍ സര്‍ക്കാറിന്റെ ഭാഗമായ ബി.ജെ.പി കഠ്‌വ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം തുടര്‍ച്ചയായി ഉയര്‍ത്തുന്നതിനിടെയാണ് മെഹ്ബൂബ മുഫ്തി നിലപാട് വ്യക്തമാക്കിയത്. കേസില്‍ പ്രതികളെ അനുകൂലിച്ച് പ്രതിഷേധ റാലി നടത്തിയതിന്റെ പേരില്‍ രണ്ട് മന്ത്രിമാരോട് ബി.ജെ.പി രാജിവെക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഠ്‌വ കേസിലെ പ്രതികളെ പിന്തുണച്ചും, വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും ഹിന്ദു ഏകത മഞ്ച് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ഒട്ടേറെ ബി.ജെ.പി സംഘപരിവാര്‍ നേതാക്കള്‍ അണിനിരന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more