കശ്മീര്‍: കഠ്‌വ പെണ്‍കുട്ടിയെ കൊലചെയ്യാന്‍ പദ്ധതിയിട്ടത് പ്രധാനപ്രതി സഞ്ജി റാമെന്ന് അന്വേഷണ സംഘം. മകന് ലൈംഗിക പീഡനത്തില്‍ പങ്കുള്ളതിനാലാണ് പെണ്‍കുട്ടിയെ കൊലചെയ്യാന്‍ തീരുമാനിച്ചതെന്നും സഞ്ജി റാം പറഞ്ഞതായി അന്വേഷണ സംഘം പറയുന്നു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് നാലുദിവസത്തിനുശേഷമാണ് സഞ്ജി റാം ഇക്കാര്യം അറിഞ്ഞതെന്നാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്. മകനെ രക്ഷിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ പറയുന്നു.
പ്രായപൂര്‍ത്തിയാവാത്ത മരുമകന്‍ ഇക്കാര്യം പറഞ്ഞപ്പോഴാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് ലൈംഗികായി പീഡിപ്പിച്ച കാര്യം താന്‍ അറിഞ്ഞതെന്നാണ് സഞ്ജി റാം പറയുന്നത്. ദേവിസ്ഥാനില്‍ പ്രാര്‍ത്ഥിച്ച സഞ്ജിറാം പ്രസാദവുമായി വരാന്‍ മരുമകനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഏറെ വൈകിയാണ് വീട്ടിലെത്തിയത്. ഇതേത്തുടര്‍ന്ന് സഞ്ജി റാം അവനെ അടിച്ചു.
ബലാത്സംഗത്തെക്കുറിച്ചുള്ള കാര്യം അറിഞ്ഞാണ് അടിക്കുന്നതെന്ന് കരുതി അവന്‍ സഞ്ജി റാമിനോട് എല്ലാ കാര്യവും തുറന്നുപറയുകയായിരുന്നു. ബലാത്സംഗത്തില്‍ മകനും പങ്കുണ്ടെന്ന് അറിഞ്ഞതോടെയാണ് സഞ്ജി റാം കൊലപാതകം നടത്താന്‍ തീരുമാനിച്ചതെന്നും അന്വേഷണ സംഘം പറയുന്നു.
ജനുവരി പത്തിനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്നത്. അതേദിവസം തന്നെ സഞ്ജി റാമിന്റെ മരുമകന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ജനുവരി 14നാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. ജനുവരി 17ന് കാട്ടില്‍വെച്ചാണ് എട്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് സഞ്ജി റാമും മകനും, പ്രായപൂര്‍ത്തിയാവാത്ത ഇവരുടെ ബന്ധുവും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ നിന്നും ഗുജ്ജര്‍, ബക്കര്‍വാള്‍ സമുദായങ്ങളെ ഓടിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സഞ്ജി റാമിന്റെ ഉടമസ്ഥതയിലുള്ള ഒരു ചെറു ക്ഷേത്രത്തിലെ ദേവസ്ഥാനില്‍വെച്ചാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.