Advertisement
kathwa rape case
കത്തുവ സംഭവത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ശക്തമാകുന്നു; വിചാരണ കാശ്മീരിന് പുറത്തുവേണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 15, 08:34 am
Sunday, 15th April 2018, 2:04 pm

ന്യൂദല്‍ഹി: കാശ്മീരിലെ കത്തുവയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത കൊന്ന കേസ് ജമ്മുകാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ കുടുംബം. കേസുമായി സുപ്രീം കോടതിയിയെ സമീപിക്കുമെന്ന് കുടുബം അറിയിച്ചു. കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ശക്തമായ സാഹചര്യത്തിലാണ് പുതിയ നീക്കം.

അതേസമയം കത്തുവാ ബി.ജെ.പി മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തി. പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം കോണ്‍ഗ്രസും സി.പി.ഐ.എമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യവുമായി രംഗത്തെത്തി. മന്ത്രിപദം ഒഴിഞ്ഞതുകൊണ്ടു മാത്രം കാര്യമില്ലെന്നും എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും കോണ്‍ഗ്രസും സി.പി..ഐ.എമ്മും ആവശ്യപ്പെട്ടു.

ജമ്മുവിനടുത്തുള്ള കത്തുവയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ എട്ടുവയസുകാരിയെ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ കുടുംബമടങ്ങുന്ന ബക്കര്‍വാല്‍ മുസ്ലിം നാടോടി സമുദായത്തെ രസനയില്‍ നിന്നും ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനായി റിട്ട റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണ് കൊലപാതകവും തട്ടിക്കൊണ്ടു പോകലും ആസൂത്രണം ചെയ്തത്.