| Monday, 16th April 2018, 4:53 pm

കത്‌വ കേസില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം; പൂര്‍ണ്ണരൂപം

പി.എന്‍. ഗോപീകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധിച്ച കവികളുടെ കവിതകള്‍ പോലീസ് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത് കേന്ദ്രത്തിലേയ്ക്ക് അയക്കുമായിരുന്നു. കെ.ജി.എസിന്റെ “”ബംഗാള്‍ ” പോലെ മലയാള കവിതയിലെ യുഗസംക്രമണത്തിന് വഴിയൊരുക്കിയ കവിതകള്‍ ആദ്യമായി ഇംഗ്ലീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്തത് പോലീസ് ആയിരുന്നുവെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. സച്ചിദാനന്ദനും പോലീസ് തര്‍ജ്ജമയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അടിയന്തരാവസ്ഥ കഴിഞ്ഞ് 43 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മലയാളത്തില്‍ കവിത എന്ന ഏര്‍പ്പാട് കൊണ്ടു നടക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഞാന്‍ ഈ കുറ്റപത്രം തര്‍ജ്ജമ ചെയ്യാന്‍ മെനക്കെട്ടിരുന്നു. എന്തിന്? ഒരു ഫാസിസ്റ്റ് കാലത്ത് പോലീസ് സാഹിത്യം തര്‍ജ്ജമ ചെയ്യുന്നതിന്റെ സാംഗത്യം എന്ത്?

ഈ ചോദ്യം പ്രധാനമാണെന്ന് കരുതുന്നു. ഈ വര്‍ഷങ്ങളുടെ ചെറുത്തുനില്‍പ്പുകളുടെ ചരിത്രമെടുത്താല്‍ അതില്‍ സാഹിത്യവും രാഷ്ട്രീയവും മറ്റെഴുത്തുകളും കലാപ്രവര്‍ത്തനവും മാത്രമല്ല അതില്‍ ഉണ്ടാകുക. കോടതി വിധികളും ആത്മഹത്യാക്കുറിപ്പുകളും പ്രഥമവിവര റിപ്പോര്‍ട്ടുകളുകളും സ്വകാര്യമെയിലുകളും ഒക്കെയാണ്. പെരുമാള്‍ മുരുകന്‍ കേസില്‍ സഞ്ജയ് കിഷന്‍ കൌളും പുഷ്പ സത്യനാരായണയും എഴുതിയ വിധി കണക്കിലെടുക്കാതെ നമ്മുടെ കാലത്തെ ചെറുത്തുനില്‍പ്പുകളുടെ ചരിത്രം അപൂര്‍ണ്ണമാകും. രോഹിത് വെമുലയുടെ ആത്മഹത്യാക്കുറിപ്പില്ലാതെ നമ്മുടെ കാലം ഇല്ല.

ഈ കുറ്റപത്രത്തിന്റെ തര്‍ജ്ജമയുടെ സാംസ്‌കാരികപ്രസക്തിയും അതു തന്നെ. ഇത് നമ്മുടെ കാലത്തെ ഫാസിസ്റ്റ് പ്രവര്‍ത്തന രീതിയെ വെളിപ്പെടുത്തുന്നുണ്ട്. അടിയന്തരാവസ്ഥക്കാലം പോലല്ല അത്. രണ്ടു വര്‍ഷത്തില്‍ താഴെ മാത്രം നിലനിന്ന ഒരു ഭരണകൂട പരീക്ഷണം മാത്രമായിരുന്നു അടിയന്തരാവസ്ഥ. ഫാസിസം അതല്ല. ഒരാള്‍ ഫാസിസ്റ്റാകാന്‍ നിശ്ചയിച്ചാല്‍ ആ നിമിഷം ഒരു ആയുധവും അധികാരവും അയാള്‍ക്കു കിട്ടുന്നു. അയാള്‍ അതു രണ്ടും ഫാസിസത്തിന്റെ പ്രക്രിയയുടെ പൂര്‍ത്തീകരണത്തിനായും തന്റെ ആത്മസുഖത്തിനായും ഉപയോഗിക്കുന്നു. അതു രണ്ടും ഭിന്നമല്ലാത്ത വിധത്തില്‍ ഫാസിസത്തില്‍ ചേര്‍ന്നിരിക്കുന്നു.

നിങ്ങളെപ്പോലെത്തന്നെ,ഞാനും അസ്വസ്ഥനാണ് ഈ നാളുകളില്‍. എങ്കിലും ചരിത്രം ബാക്കി വെച്ച ചില മൂല്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അകത്തും പുറത്തും എന്നത് അസ്വസ്ഥതകള്‍ക്കിടക്കും ഓര്‍ക്കേണ്ടതുണ്ട്. അവക്ക്,പാതകങ്ങളെ തടയാന്‍ കഴിയുന്നില്ലെങ്കിലും തുറന്നുകാട്ടാന്‍ കഴിയുന്നുണ്ട്. ഇത്,അത്തരം ഒന്ന്.ഇത് സംഭവിച്ചില്ലായിരുന്നെങ്കില്‍, ആ കുഞ്ഞ് മറവിയില്‍ മുങ്ങിതാണേനെ. അവളെ ഇല്ലാതക്കിയവര്‍ അടുത്ത പാതകത്തിന് കത്തി മൂര്‍ച്ച കൂട്ടിയേനെ.

കുറ്റപത്രത്തിന്റെ പദാനുപദ തര്‍ജ്ജമ അല്ല ഇത്. ഉള്ളടക്ക സംഗ്രഹം. നിയമാവശ്യത്തിനു വേണ്ടിയല്ല, കൂടുതല്‍ ഫാസിസ്റ്റ് വിരുദ്ധ മൂല്യങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി

പി.എന്‍.ഗോപികൃഷ്ണന്‍

കുറ്റപത്രം

12 /1 /2018 ല്‍ ഹിരാനഗര്‍ പോലീസ് സ്റ്റേഷനില്‍ കട്ട്വ ജില്ലയിലെ ഹിരാനഗര്‍ താലൂക്കിലെ രസാന ഗ്രാമത്തിലെ സാഹിബ് ദിന്നിന്റെ മകന്‍, ബക്കര്‍വാള്‍ ജാതിയില്‍ പെട്ട മുഹമ്മദ് യൂസഫ് തന്റെ മകളെ കുമാരി ,(8 വയസ്സ് )യെ സംബന്ധിച്ച് ബോധിപ്പിച്ച പരാതിയിലെ പ്രസക്ത വിവരങ്ങള്‍ ഇവയായിരുന്നു.

10 /01 /2018 ന് ഉച്ചയ്ക്ക് ഏതാണ്ട് 12 .30 ഓടെ എട്ടുവയസുകാരിയെ തൊട്ടടുത്തുള്ള കാട്ടില്‍ കുതിരകളെ മേയ്ക്കാന്‍ പോയി. ഉച്ച തിരിഞ്ഞ് 2 മണി വരെ അവള്‍ കുതിരകള്‍ക്കൊപ്പം കാണപ്പെടുകയുമുണ്ടായി. അന്നേ ദിവസം 4 മണിയോടെ കുതിരകള്‍ തിരിച്ചെത്തുകയും എന്നാല്‍ എട്ടുവയസുകാരി തിരിച്ചെത്താതിരിക്കുകയും ചെയ്തു. പരാതിക്കാരന്‍ മറ്റുള്ളവരുമൊത്ത് കാട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും എട്ടുവയസുകാരിയെ കണ്ടെത്താനായില്ല. ചില തെമ്മാടികള്‍ തന്റെ മകളെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയം ഉണ്ടെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു .

അതിന്റെ അടിസ്ഥാനത്തില്‍ ഹിരാനഗര്‍ പോലീസ് സ്റ്റേഷനില്‍ FIR NO .10 /2018 U /S 363 ാം നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍ ഗ്രാമ വികസന സമിതി അംഗങ്ങളുടെയും മറ്റ് പ്രധാനികളുടെയും സഹായത്തോടെ കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇരയെ പറ്റി യാതൊരു സൂചനയും കിട്ടിയില്ല.

ചിത്രം കടപ്പാട്: കശ്മീര്‍ ലൈഫ്

അതേത്തുടര്‍ന്ന് 17 /1 /2018 ല്‍, കാണാതായ തന്റെ കുതിരകളെ വനത്തില്‍ തെരഞ്ഞു നടക്കുകയായിരുന്ന ദുഗ്ഗന്‍ബാനി നിവാസിയായ ദേസു മകന്‍ ജഗദീഷ് രാജ് നല്‍കിയ വിവരം അനുസരിച്ച് എട്ടുവയസുകാരിയുടെ മൃതശരീരം വനത്തില്‍ നിന്നും കണ്ടെടുക്കുകയുണ്ടായി. ദേഹപരിശോധന നടത്തുന്നതിനായി ശവശരീരം കസ്റ്റഡിയിലെടുക്കുകയും അന്നേ ദിവസം ഉച്ച തിരിഞ്ഞ് 2 .30ന് കട്ട്‌വ ജില്ലാ ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാര്‍ അത് പോസ്റ്റ് മോര്‍ട്ടം ചെയ്യുകയുമുണ്ടായി.

അന്വേഷണത്തിനിടയില്‍ രസാന ഗ്രാമത്തില്‍ തന്റെ മാതൃ സഹോദരനായ സഞ്ജിറാമിനൊപ്പം താമസിക്കുന്ന ഷുബം സാംഗ്ര എന്ന വ്യക്തിയെ ഹിരാനഗര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്യുകയുണ്ടായി. ചോദ്യം ചെയ്യലിനിടെ തന്റെ അച്ഛന്‍ ഛാഗ്രല്‍ സെക്കന്ററി സ്‌കൂളില്‍ ശിപായിയായി ജോലി ചെയ്യുകയാണെന്നും “അമ്മ വീട്ടമ്മയായി കഴിയുകയാണെന്നും അവന്‍ വെളിപ്പെടുത്തുകയുണ്ടായി .

താന്‍ ആല്‍ക്കഹോള്‍ ,സിഗരറ്റ്, ഗുട്ക എന്നിവയും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കാറുണ്ടെന്നും ഹിരാനഗര്‍ സിക്ടിയിലെ മോഡേണ്‍ പബ്ലിക് സ്‌കൂളില്‍ നിന്നും തന്നെ പുറത്താക്കിയെന്നും, ആ സ്‌കൂളിലെ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതാണ് കാരണമെന്നും അവന്‍ കൂടുതലായി വെളിപ്പെടുത്തുകയുണ്ടായി. ദുസ്വഭാവം സഹിക്ക വയ്യാതെ ,ഏതാണ്ട് മൂന്നുമാസങ്ങള്‍ക്കു മുന്‍പ് അവന്റെ കുടുംബം അവനെ മാതൃസഹോദരന്റെ ഭവനത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

തൊട്ടടുത്ത വനപ്രദേശങ്ങളില്‍ നിന്നും ഇലകളും മറ്റും ശേഖരിച്ച് അമ്മാവന്റെ കന്നുകാലികളെ തീറ്റിപോറ്റുകയായിരുന്നു അവന്‍ ചെയ്തിരുന്നത്. കാട്ടില്‍ വെച്ച് ബക്കര്‍വാള്‍ സമുദായത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയെ ഏഴെട്ടു പ്രാവശ്യം കാണുകയുണ്ടായിട്ടുണ്ട് . അത്തരം അവസരങ്ങളിലൊക്കെ അവനോട് അവള്‍ മേയ്ക്കാന്‍ കൊണ്ടിരുന്ന കുതിരകളെ തെരക്കുകയായിരുന്നു ,അവള്‍ മിക്കവാറും ചെയ്തിരുന്നത്.

10/1 /2018 ല്‍ ബാഹരി ബാലിഷ് മരത്തിനടുത്തുള്ള വനപ്രദേശത്തില്‍ വെച്ച് അതെ പെണ്‍കുട്ടി അവനെ കണ്ടുമുട്ടി . കുതിരകളെ കണ്ടെത്താന്‍ സഹായിക്കാമെന്ന ഉറപ്പിന്മേല്‍ അവളോട് തന്റെ കൂടെ വരാന്‍ അവന്‍ ആവശ്യപ്പെട്ടു . വൈകീട്ട് ഏതാണ്ട് 6.30 ഓടെ അവളെ തന്റെ അമ്മാവന്റെ പശുത്തൊഴുത്തിലേക്ക് അവന്‍ കൊണ്ടുപോകുകയും ഒരു തൂവാല ഉപയോഗിച്ച് അവളുടെ വായ് മൂടുകയും അവിടെ കിടന്നിരുന്ന കയര്‍ ഉപയോഗിച്ച് അവളുടെ കൈകള്‍ ബന്ധിക്കുകയും ചെയ്തു.

അവളുടെ കാലുറയുടെ വള്ളി അഴിച്ചെടുത്ത് അതുപയോഗിച്ച് അവളുടെ കാലുകള്‍ ബന്ധിക്കുകയുമുണ്ടായി എന്നും അവന്‍ വെളിപ്പെടുത്തി. അതിനുശേഷം അവന്‍ തൊഴുത്തിന്റെ വാതില്‍ അടച്ചുപൂട്ടുകയും വീട്ടിലേക്ക് പോകുകയും ചെയ്തു .ഒരു മണിക്കൂറിനു ശേഷം അവന്‍ അവള്‍ക്ക് കുറച്ച് ഭക്ഷണം രഹസ്യമായി എത്തിക്കുകയും അത് കഴിക്കുന്നതിനായി അവളുടെ കെട്ടുകള്‍ അഴിക്കുകയും ചെയ്തു. പിന്നീട് അതെ തൂവാല ഉപയോഗിച്ച് അവളുടെ വായ് മൂടികെട്ടുകയും തൊഴുത്ത് അടച്ച് പൂട്ടി വീട്ടിലേക്ക് പോകുകയും ചെയ്തു.

16 /1 /2018 വരെ ഇത് അവന്‍ ആവര്‍ത്തിച്ചു. 16 /1 /2018 ല്‍ വൈകീട്ട് ഏതാണ്ട് 6 .30 ഓടെ അവന്‍ തൊഴുത്തില്‍ എത്തുകയും അവളുടെ കെട്ടഴിക്കുകയും ചെയ്തു. അതിനു ശേഷം അവളുടെ കാലുറ ഒരു കയര്‍ ഉപയോഗിച്ച് ബന്ധിച്ച ശേഷം വീട്ടില്‍ കൊണ്ട് വിടാമെന്ന് അവളോട് പറഞ്ഞു. തൊഴുത്തിലേക്ക് അവളെ കൊണ്ട് വന്ന അതേ വഴിയിലൂടെ തന്നെ അവന്‍ അവളെ തിരിച്ചു കൊണ്ടുപോകുകയും വഴിയില്‍ വെച്ച് അവളുടെ കാലുറയുടെ കെട്ടഴിച്ച് അവളെ ബലാല്‍സംഗത്തിന് വിധേയമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. താന്‍ വീട്ടുകാരോട് മുഴുവന്‍ കഥയും പറയുമെന്ന് അപ്പോള്‍ പെണ്‍കുട്ടി പ്രതികരിച്ചു. അവിടെ താമസിക്കുന്ന ബക്കര്‍വാള്‍ സമുദായക്കാര്‍ തന്നെ കൊല്ലും എന്ന് കരുതി അവള്‍ ധരിച്ചിരുന്ന ദുപ്പട്ട ഉപയോഗിച്ച് അവന്‍ അവളുടെ കഴുത്തു മുറുക്കി. ചോര കലര്‍ന്ന ഉമിനീര്‍ അവളുടെ വായില്‍ നിന്നും ഒലിക്കുന്നതു കണ്ട് അവന്‍ അവളെ വേറൊരിടത്തേക്ക് ചുമന്നു കൊണ്ട് പോയി ..തുടര്‍ന്ന് അവളെ നിലത്തിടുകയും ഒരു കല്ല് കൊണ്ട് അവളുടെ തലയില്‍ രണ്ടുവട്ടം ഇടിക്കുകയും ചെയ്തു .

10 മിനുട്ട് കൂടി അവിടെ നിന്ന ശേഷം അവന്‍ വീട്ടില്‍ പോയി .അടുത്ത ദിവസം പശുത്തൊഴുത്തില്‍ നിന്ന് അവളുടെ കാലുറ വള്ളിയും തൂവാലയും എടുത്ത് അവന്‍ കത്തിച്ചുകളഞ്ഞു.ഹിരാനഗര്‍ പോലീസ് സ്റ്റേഷന്‍ നടത്തിയ അന്വേഷണത്തില്‍ ഈ കുട്ടിക്കുറ്റവാളി പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി അവളെ തൊട്ടടുത്ത വയലിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നു എന്ന് തെളിഞ്ഞു.ആ അവസരങ്ങളില്‍ വയലിലെ കൈപ്പമ്പില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് അവളുടെ സ്വകാര്യ ഭാഗങ്ങള്‍ തന്റെ കൈകൊണ്ട് വൃത്തിയാകാറുണ്ടായിരുന്നു എന്നും അവന്‍ വെളിപ്പെടുത്തി.

മില്‍ക്കിവേ എന്ന് പേരുള്ള കമ്പനിയുടെ മിഠായികള്‍ അവന്‍ അവള്‍ക്ക് കൊടുക്കാറുണ്ടായിരുന്നു എന്നും അവന്‍ മൊഴി നല്‍കി.മേല്‍പ്പറഞ്ഞ തടങ്കല്‍ നാളുകളില്‍ ബലാത്സംഗത്തിന് മുതിര്‍ന്നിട്ടില്ലെന്നും അവന്‍ പറഞ്ഞു.. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ ഹിരാനഗറിലെ പത്താം വാര്‍ഡില്‍ താമസിക്കുന്ന ഓം പ്രകാശ് സാംഗ്രയുടെ മകനായ ഈ കുട്ടിക്കുറ്റവാളിയെ 19 /1 /2018 ല്‍ അറസ്റ്റു ചെയ്തു

പ്രതിയുടെ കുറ്റസമ്മതത്തില്‍ പറയുന്ന ,മരിച്ച പെണ്‍കുട്ടിയെ ഇടിക്കാന്‍ ഉപയോഗിച്ച ഏതാണ്ട് ഒരു കിലോ തൂക്കം വരുന്ന കല്ല് കണ്ടെടുക്കുകയും തോണ്ടി മുതലായി സ്വീകരിക്കുകയും ചെയ്തു .ഇതേ തുടര്‍ന്ന് പ്രതിയെ കട്ട് വയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുകയും അദ്ദേഹത്തിന്റെ ഉത്തരവ് പ്രകാരം കുട്ടിക്കുറ്റവാളികളുടെ ജയിലിലേക്ക് അവനെ അയക്കുകയും ചെയ്തു .

കേസ് തെളിയിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍- ഇടത്ത് നിന്ന് നവേദ് പെര്‍സാദ, രമേഷ് ജല്ല, അഫാദുല്‍ മുജ്തബ (ചിത്രം, കശ്മീര്‍ ലൈഫ്)

ഇതേ തുടര്‍ന്ന് 22 /1 /2018 ല്‍ ഇറങ്ങിയ പോലീസ് ഹെഡ് ക്വര്‍ട്ടേഴ്സ് ഓര്‍ഡര്‍ നമ്പര്‍ 374 അനുസരിച്ച് ഈ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയും 23 /1 /2018 ലെ CHQ /എ112 /10 /18 -ഹിരാനഗര്‍ 1083 -92 എന്ന ജമ്മു ആന്‍ഡ് കാശ്മീരിലെ ക്രൈം ഹെഡ് ക്വാര്‍ട്ടേഴ്സ് ഉത്തരവ് പ്രകാരം ശ്രീ .നവീന്‍ പര്‍സാദ,അടജ ക്രൈംബ്രാഞ്ച് ,കശ്മീര്‍ എന്നയാളുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി ഓഫീസര്‍മാരുടെ /ഉദ്യോഗസ്ഥരുടെ ഒരു സംഘം നിയോഗിക്കപ്പെടുകയും ചെയ്തു .എങ്കിലും IGP ജമ്മു സോണ്‍ നേരത്തെ കേസന്വേഷണത്തിന് രൂപീകരിച്ച സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ തലവനായിരുന്ന ശ്രീ .ആദില്‍ ഹമീദ് ഗണായ് ,ASP സാമ്പ ,കേസ് ഡയറി ഫയല്‍ ഔദ്യോഗികമായി ക്രൈം ബ്രാഞ്ചിന് കൈമാറിയത് 27 /1 /2018 നു നേരിട്ട് ജമ്മു ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയാണ് .

കേസന്വേഷണത്തിന്റെ ഭാഗമായി ഷുബം സാംഗ്രയെ ചോദ്യം ചെയ്യുന്നതിനായി വിട്ടുതരാന്‍ ക്രൈം ബ്രാഞ്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.വിട്ടുകിട്ടിയ അവനെ അച്ഛന്റേയും ഒരു സാമൂഹ്യപ്രവര്‍ത്തകന്റേയും സാന്നിധ്യത്തില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.ആ കുട്ടിക്കുറ്റവാളി നല്‍കിയ സൂചനകള്‍ അനുസരിച്ച് മറ്റു പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്യുകയും അന്വേഷണത്തിന്റെ ഭാഗമായി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.

രസാന പ്രവിശ്യയില്‍ നിന്നും ബക്കര്‍വാള്‍ സമുദായത്തെ എന്നെന്നേയ്ക്കുമായി ഒഴിവാക്കുക എന്ന താന്‍ മനസ്സില്‍ കൊണ്ട് നടന്നിരുന്ന പദ്ധതി നടപ്പിലാക്കാന്‍ ജനുവരിയിലെ ആദ്യ ആഴ്ച്ചയിലെപ്പോഴോ പ്രതി സഞ്ജിറാം തീരുമാനിച്ചത് അതില്‍ നിന്നും വെളിപ്പെട്ടു .അതിനായി അയാള്‍ പോലീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥനായ ദീപക് ഖജൂറിയയെയും കുട്ടിക്കുറ്റവാളിയെയും ഗൂഢാലോചനയില്‍ പങ്കാളികളാക്കുകയും വ്യത്യസ്തമായ ദൗത്യങ്ങള്‍ നടപ്പിലാക്കാന്‍ ഇരുവരേയും വെവ്വേറെ ചുമതലപ്പെടുത്തുകയും ചെയ്തു .

ഇപ്പറഞ്ഞ ഗൂഢാലോചന അനുസരിച്ച് പ്രതി ദീപക് തന്റെ സുഹൃത്തായ വിക്രവുംഒരുമിച്ച് കൊട്ടാമോറിലെ ബിട്ടു മെഡിക്കല്‍ സ്റ്റോറില്‍ ജനുവരി 7 സായാഹ്നത്തില്‍ പോകുകയും എപ്പിട്രില്‍ 0 .5 mg ഗുളികകളുടെ പത്തെണ്ണമടങ്ങുന്ന ഒരു സ്ട്രിപ്പ് , കട്ട്‌വയിലെ ഡോക്ടര്‍ മുകുളിന്റെ ചികിത്സയില്‍ ആയിരുന്ന മാനസിക പ്രശ്‌നമുള്ള തന്റെ മാതൃസഹോദരന്‍ കമലിന്റെ മരുന്ന് കുറിപ്പ് ഉപയോഗിച്ച് ആവശ്യപ്പെടുകയും ചെയ്തു. മരുന്ന് കുറിപ്പ് അനുസരിച്ചുള്ള അതേ മരുന്ന് മെഡിക്കല്‍ സ്റ്റോറില്‍ ലഭ്യമായിരുന്നില്ലെങ്കിലും എപ്പിട്രില്‍ 0 .05 mg അതിനു പകരമായി ബിട്ടു മെഡിക്കല്‍ സ്റ്റോര്‍ അധികൃതര്‍ അയാള്‍ക്ക് കൊടുക്കുകയുണ്ടായി .2018 ജനുവരി 4 ന് കുട്ടിക്കുറ്റവാളിയുടെ മാതൃസഹോദരനായ സഞ്ജിറാം,നേരത്തെ ബക്കര്‍വാള്‍ സമുദായക്കാര്‍ അവനെ മര്‍ദ്ദിച്ച കാര്യം ചൂണ്ടിക്കാട്ടി അവനെ പ്രകോപിപ്പിക്കുകയും ബക്കര്‍വാളുകളോട് പ്രതികാരം ചെയ്യാന്‍ അവനെ പ്രേരിപ്പിക്കുകയും ചെയ്തു .

2018 ജനുവരി 7 ന് പ്രതി സഞ്ജിറാം തന്റെ വീടിനു പിന്നില്‍ കുതിരകളെ മേയ്ക്കാന്‍ ഇടക്കിടെ വരുമായിരുന്ന യൂസഫ് ബക്കര്‍വാളിന്റെ മകള്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോകണമെന്നു കുട്ടിക്കുറ്റവാളിയോട് പറയുകയുണ്ടായി .2018 ജനുവരി 8 ന് അവന്‍ വയലില്‍ പണിയെടുത്തുകൊണ്ടിരിക്കേ മറ്റൊരു പ്രതിയായ ദീപക് ഖജൂറിയാ അവനെ കുഴല്‍ കിണറിനടുത്തേയ്ക്ക് വിളിച്ച് സിഗരറ്റു കൊടുത്തതായും അന്വേഷണത്തില്‍ തെളിഞ്ഞു . ബോര്‍ഡ് പരീക്ഷയില്‍ അന്യായ മാര്‍ഗ്ഗങ്ങളിലൂടെ വിജയിപ്പിക്കാമെന്ന് അവന് ഉറപ്പുകൊടുത്ത ശേഷം ,യൂസഫിന്റെ മകളെ തട്ടിക്കൊണ്ടു പോകണമെന്ന് അവനോടാവശ്യപ്പെട്ടു.

അതേ തുടര്‍ന്ന് കുട്ടിക്കുറ്റവാളി സഞ്ജിറാമും ദീപക് ഖജൂറിയായും തയ്യാറാക്കിയ മുഴുവന്‍ പദ്ധതിയുടെയും വിശദവിവരങ്ങള്‍ തന്റെ അടുത്ത സുഹൃത്തായ മന്നു എന്ന പര്‍വേഷ് കുമാറുമായി പങ്കു വെയ്ക്കുകയും അത് നടപ്പിലാക്കാന്‍ അയാളുടെ സഹകരണവും സഹായവും ആവശ്യപ്പെടുകയും ചെയ്തു. തട്ടിക്കൊണ്ടുപോകല്‍ പദ്ധതി നടപ്പിലാക്കിയതിനു ശേഷം പെണ്‍കുട്ടിക്ക് അല്പം മയക്കുമരുന്ന് നല്‍കിയ ശേഷം അവളെ ദേവിസ്ഥാനില്‍ (പ്രത്യേക ആരാധനാസ്ഥലം: വിവ.)പൂട്ടിയിടണമെന്നും പ്രതി സഞ്ജിറാം കുട്ടികുറ്റവാളിയോട് നിര്‍ദ്ദേശിക്കുകയുണ്ടായി എന്നും അന്വേഷണത്തില്‍ തെളിഞ്ഞു .

2018 ജനുവരി 9 ന് കുട്ടിക്കുറ്റവാളി മറ്റൊരു പ്രതിയായ മന്നു എന്ന പര്‍വേഷ്‌കുമാറുമൊത്ത് ഹിരാനഗറില്‍ പോകുകയും രാംഗോപാലിന്റെ കടയില്‍ നിന്നും 4 മാനറുകള്‍(ലഹരി പദാര്‍ത്ഥം:വിവ) വാങ്ങുകയും അതില്‍ ഒന്ന് അവന്‍ തന്നെ ഉപയോഗിക്കുകയും ബാക്കി 3 എണ്ണം തന്റെ പോക്കറ്റില്‍ സൂക്ഷിക്കുകയും രസാനയിലേയ്ക്ക് മടങ്ങുകയും ചെയ്തു .

ഹെഡ് കോണ്‍സ്റ്റബ്ള്‍ തിലക് രാജ്, എ.എസ്.ഐ ആനന്ദ് ദത്ത

2018 ജനുവരി 10 ന് തന്റെ അമ്മാവന്റെ (സഞ്ജിറാമിന്റെ ) മേല്‍ക്കൂരയില്‍ നില്‍ക്കുമ്പോള്‍ ,കാണാതായ തന്റെ കുതിരകളെപ്പറ്റി വീണാദേവി എന്ന സ്ത്രീയോട് അന്വേഷിക്കുന്ന പെണ്‍കുട്ടിയുടെ സ്വരം, കുട്ടിക്കുറ്റവാളി കേള്‍ക്കുകയുണ്ടായി .ഉടന്‍ തന്നെ അവന്‍ താഴേയ്ക്ക് കുതിക്കുകയും 3 മാനറുകളും ദേവിസ്ഥാന്റെ താക്കോലുകളും കൈവശം വച്ച ശേഷം എട്ടുവയസുകാരിയുടെ അടുത്ത് ചെന്ന് അവളുടെ കുതിരകളെ താന്‍ കണ്ടു എന്നറിയിക്കുകയുണ്ടായി.തുടര്‍ന്ന് അവന്‍ അവളെ വനത്തിലേയ്ക്ക് നയിക്കുകയും തന്റെ സൂചന കാത്തു നില്‍ക്കുന്ന പ്രതി മന്നുവിനെ വിളിക്കുകയും ചെയ്തു.അപകടം മണത്ത ഇര ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

കഴുത്തില്‍ പിടിച്ച് കുട്ടിക്കുറ്റവാളി അവളെ തടയുകയും തന്റെ ഒരു കൈ കൊണ്ട് അവളുടെ വായ് മൂടുകയും അവളെ തള്ളിയിടുകയും ചെയ്തു. പ്രതി മന്നു അവളുടെ കാലുകള്‍ അമര്‍ത്തിപ്പിടിക്കുകയും കുട്ടിക്കുറ്റവാളി ബലംപ്രയോഗിച്ച് അവള്‍ക്ക് 3 മാനറുകള്‍ നല്‍കുകയും ചെയ്തു .അബോധാവസ്ഥയിലായ ഇരയെ കുട്ടിക്കുറ്റവാളി ബലാത്സംഗം ചെയ്തു .തുടര്‍ന്ന് മന്നുവും ബലാത്സംഗത്തിന് ശ്രമിച്ചെങ്കിലും അത് നടന്നില്ല .അതിനുശേഷം അവര്‍ അവളെ ദേവിസ്ഥാനില്‍ കൊണ്ടുപോകുകയും മേശക്കടിയിലെ രണ്ട് ചട്ടായികള്‍ക്കു (പ്ലാസ്റ്റിക്ക് പായ ) മേലെ അവളെ കിടത്തുകയും രണ്ട് ഡാരികള്‍ (പരുത്തിപ്പായകള്‍ ) ഉപയോഗിച്ച് അവളെ ആവരണം ചെയ്യുകയും ചെയ്തു .അതിനു ശേഷം അവര്‍ ദേവീസ്ഥാന്‍ അടച്ചുപൂട്ടുകയും അവിടം വിടുകയും ചെയ്തു .

അടുത്ത ദിവസം എട്ടുവയസുകാരിയുടെ മാതാപിതാക്കള്‍ ദേവിസ്ഥാനിലെത്തുകയും തങ്ങളുടെ കാണാതായ മകളെക്കുറിച്ച് സഞ്ജിറാമിനോട് അന്വേഷിക്കുകയും ചെയ്തപ്പോള്‍ മറുപടിയായി അവള്‍ അവിടെ നിന്നും മടങ്ങിപ്പോയെന്നും വല്ല ബന്ധുക്കളുടെയും അടുത്തേയ്ക്ക് പോയിട്ടുണ്ടാകുമെന്നും അയാള്‍ പറഞ്ഞു. ഉച്ചക്ക് 12 മണിക്ക് പ്രതി ദീപു എന്ന ദീപക് ഖജൂറിയാ സഞ്ജിറാമിന്റെ വീട്ടിനടുത്ത് എത്തുകയും കുട്ടിക്കുറ്റവാളിക്ക് നല്‍കിയ സൂചനയനുസരിച്ച് അവന്‍ ദേവിസ്ഥാനിന്റെ താക്കോലുകള്‍ എടുക്കുകയും രണ്ടുപേരും മുന്‍പദ്ധതിയനുസരിച്ച് ദേവിസ്ഥാനിലേയ്ക്ക് പോകുകയും ചെയ്തു .ദേവിസ്ഥാനിലെത്തി പൂട്ട് തുറന്നതിനു ശേഷം പ്രതി ദീപു എന്ന ദീപക് ഖജൂറിയാ പുറത്തെ പൈപ്പില്‍ നിന്നും കുറച്ച് വെള്ളം എടുക്കാന്‍ കുട്ടിക്കുറ്റവാളിയോട് നിര്‍ദ്ദേശിച്ചു .

അതിനുശേഷം പ്രതി ദീപു എന്ന ദീപക് ഖജൂറിയാ 10 ഗുളികകള്‍ അടങ്ങുന്ന ഉറക്കഗുളികകളുടെ സ്ട്രിപ്പ് പുറത്തെടുത്തു .കുട്ടിക്കുറ്റവാളി പെണ്‍കുട്ടിയുടെ തല ഉയര്‍ത്തിപ്പിടിക്കുകയും പ്രതി ദീപു എന്ന ദീപക് ഖജൂറിയാ അവളുടെ വായ് തുറക്കുകയും സ്ട്രിപ്പില്‍ നിന്നും പുറത്തെടുത്ത രണ്ട് ഗുളികകള്‍ വായില്‍ ചെലുത്തുകയും ചെയ്തു. തുടര്‍ന്ന് അവളെ നിര്‍ബന്ധിതമായി വെള്ളം കുടിപ്പിക്കുകയും അവളുടെ കഴുത്തില്‍ തന്റെ വിരലുകള്‍ ഉപയോഗിച്ച് അമര്‍ത്തി തടവുകയും ചെയ്തു .അതിനു ശേഷം പ്രതി ദീപു എന്ന ദീപക് കജൂറിയാ ദേവിസ്ഥാന്‍ വിടുകയും പിന്നാലെ കുട്ടിക്കുറ്റവാളി വാതില്‍ പൂട്ടുകയും ബാക്കി ഗുളികകളുടെ സ്ട്രിപ്പ് അടുത്തുള്ള ഉണങ്ങിയ പുല്ലിന്‍കൂട്ടത്തില്‍ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്തു. വൈകീട്ട് 5 മണിയോടെ വിളക്കുകള്‍ കൊളുത്താനായി കുട്ടിക്കുറ്റവാളി ദേവിസ്ഥാനില്‍ പോകുകയും പെണ്‍കുട്ടിയെ പരിശോധിച്ചപ്പോള്‍ അവള്‍ അബോധാവസ്ഥയിലാണെന്ന് കാണുകയുമുണ്ടായി

അതിനു ശേഷം ജനുവരി 11 ന് കുട്ടിക്കുറ്റവാളി മറ്റൊരു പ്രതിയായ ഷമ്മ എന്ന വിശാല്‍ ജാംഗോത്രയെ ,പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം ടെലഫോണ്‍ വഴി അറിയിക്കുകയും കാമപൂരണത്തിന് ആഗ്രഹിക്കുന്നെങ്കില്‍ മീററ്റില്‍ നിന്ന് തിരിച്ചുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു .2018 ജനുവരി 12 ന് രാവിലെ 6 മണിക്ക് പ്രതി ഷമ്മ എന്ന വിശാല്‍ ജാംഗോത്ര മീററ്റില്‍ നിന്നും രസാനയില്‍ എത്തി .കുട്ടിക്കുറ്റവാളി വിശാലിനോട് തട്ടിക്കൊണ്ടുപോകലിന്റെയും ദേവിസ്ഥാനിലെ തടങ്കലിന്റെയും വിശദ വിവരങ്ങള്‍ ധരിപ്പിച്ചു.

രാവിലെ 8 .30 ഓടുകൂടി കുട്ടിക്കുറ്റവാളി വീണ്ടും ദേവിസ്ഥാനില്‍ പോകുകയും ഒഴിഞ്ഞ വയറോടെ അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയില്‍ വീണ്ടും 3 ഉറക്ക ഗുളികകള്‍ ചെലുത്തുകയും ചെയ്തു. അന്നേ ദിവസം ബക്കര്‍വാളുകളുമൊരുമിച്ച് പോലീസ് സംഘം കാണാതായ പെണ്‍കുട്ടിയെ തെരയാനാരംഭിക്കുകയും പ്രതി ദീപു എന്ന ദീപക് ഖജൂറിയാ ഇഫ്തിക്കര്‍ വാണി എന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും കൂട്ടി പ്രതി സഞ്ജിറാമിന്റെ വീട്ടില്‍ എത്തുകയും ചെയ്തു. കുടിക്കാനായി വെള്ളം ആവശ്യപ്പെട്ട പ്രതി ദീപു എന്ന ദീപക് ഖജൂറിയാ ,ഇരയ്ക്ക് സമയാസമയങ്ങളില്‍ ഉറക്ക ഗുളികകള്‍ നല്‍കുന്നതിനെ സംബന്ധിച്ച ഉപദേശം കുട്ടിക്കുറ്റവാളിക്ക് നല്കുകയുമുണ്ടായി .

പ്രതി സഞ്ജിറാം മറ്റു പ്രതികളായ പൊലീസുകാരെ വിശ്വാസത്തിലെടുക്കുകയും ഗൂഢാലോചനയിലെ ബാക്കി ഭാഗങ്ങള്‍ എങ്ങനെ പര്യവസാനിപ്പിക്കണം എന്ന കാര്യത്തില്‍ അവരുമായി കൂടിയാലോചന നടത്തുകയും ചെയ്ത കാര്യം അന്വേഷണത്തില്‍ തെളിയുകയുണ്ടായി .പരസ്പര ധാരണയനുസരിച്ച് അന്വേഷണ സംഘത്തെ അനുഗമിച്ചിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് പ്രതി സഞ്ജിറാമിനെ തൊഴുത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുകയും തട്ടിക്കൊണ്ടുപോകല്‍ സംബന്ധമായ കേസിന്റെ നിയമക്കുരുക്കളില്‍ നിന്നും അയാളെയും മറ്റു പ്രതികളെയും രക്ഷപ്പെടുത്താനും തുടരന്വേഷണം അവസാനിപ്പിക്കുന്നതിനുമായി പ്രതി എസ്.ഐ . ആനന്ദ് ദത്തയ്ക്ക് ആവശ്യമായ പണം നല്‍കുന്നതിനെ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ഉണ്ടായി .

ദീപക് ഖജൂരിയ

കുട്ടിക്കുറ്റവാളി ഷുബത്തിന്റെ “അമ്മ തൃപ്താദേവി പ്രതി സഞ്ജിറാമിന്റെ വീട്ടില്‍ 2018 ജനുവരി 12 ന് എത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു .പ്രതി സഞ്ജിറാം തട്ടികൊണ്ട് പോകലിലും തടങ്കലില്‍ വച്ചതിലും കുട്ടിക്കുറ്റവാളിയുടെ പങ്കിനെക്കുറിച്ച് അമ്മയോട് വിശദീകരിച്ചു .അതിനു ശേഷം 1 .5 ലക്ഷം രൂപ അടങ്ങുന്ന പൊതി തന്റെ സഹോദരിയെ (കുട്ടിക്കുറ്റവാളിയുടെ അമ്മ )ഏല്‍പ്പിക്കുകയും അത് ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജിനെഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കുട്ടിക്കുറ്റവാളിയുടെ “അമ്മ തിലക് രാജിന്റെ അടുത്ത സുഹൃത്താണെന്നും അവര്‍ ഡാമിയാലിലെ ഗവണ്മെന്റ് പ്രൈമറി സ്‌കൂളിലെ സഹപാഠികള്‍ ആയിരുന്നു എന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പണം പിന്നീട് തൃപ്താദേവി തിലക് രാജിന് കൈമാറുകയുണ്ടായി

2018 ജനുവരി 13 ന് കുട്ടിക്കുറ്റവാളിയും പ്രതി ഷമ്മ എന്ന വിശാല്‍ ജംഗോത്രയും പ്രതി സഞ്ജിറാമും കൂടി ദേവിസ്ഥാനില്‍ പോയതായും അവിടെ കുട്ടിക്കുറ്റവാളിയും സഞ്ജിറാമും ചേര്‍ന്ന് അനുഷ്ഠാന പൂജകള്‍ നടത്തിയതായും അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട് .ആ സമയത്ത് പ്രതി മന്നുവും ദേവിസ്ഥാനിലെത്തി. പ്രതി സഞ്ജിറാം അനുഷ്ഠാന പൂജകള്‍ മുഴുമിപ്പിക്കുന്നതിനായി ദേവിസ്ഥാനിന്റെ പിന്‍ വാതിലിലൂടെ പുറത്തു കടക്കുകയും അവിടെ അയാളെ കാത്തു നില്‍ക്കുന്ന ദീപുവിനെ കണ്ടുമുട്ടുകയും ചെയ്തു.അന്നേരം പ്രതി ഷമ്മ എന്ന വിശാല്‍ ജംഗോത്ര പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.

അതിനു ശേഷം പ്രതി മന്നുവിന്റെ സാന്നിധ്യത്തില്‍ കുട്ടിക്കുറ്റവാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിനു ശേഷം പ്രതി ഷമ്മ എന്ന വിശാല്‍ ജംഗോത്രയോടും പ്രതി മന്നുവിനോടും ദേവിസ്ഥാന്‍ വിടാന്‍ കുട്ടിക്കുറ്റവാളി നിര്‍ദ്ദേശിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. ദേവിസ്ഥാനിന്റെ പുറത്ത് കുന്നുകൂടിക്കിടന്നിരുന്ന ചപ്പുചവറുകള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന ഗുളികസ്റ്റ്രിപ്പില്‍ നിന്നും കുട്ടിക്കുറ്റവാളി 3 ഗുളികകള്‍ പുറത്തെടുക്കുകയും അത് പെണ്‍കുട്ടിയില്‍ ചെലുത്തുകയും വീണ്ടും അവളെ പായ് കൊണ്ട് ആവരണം ചെയ്യുകയും ആരും അവളെ പെട്ടെന്ന് കാണാതിരിയ്ക്കാനായി ഒരു വലിയ പാത്രം വെച്ച് അവളെ മറക്കുകയും ചെയ്തു. ബാക്കിയുള്ള രണ്ടു ഗുളികകള്‍ കുട്ടിക്കുറ്റവാളി വൈദ്യുതിക്കമ്പിക്കാലിനു സമീപം ചപ്പുചവറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു .

അന്വേഷണത്തില്‍ രണ്ട് ഗുളികകള്‍ അടങ്ങുന്ന ആ സ്റ്റ്രിപ്പ് ദേവിസ്ഥാനിനടുത്ത് നിന്ന് കുട്ടിക്കുറ്റവാളിയുടെ മൊഴിയനുസരിച്ച് അവന്റെ സാന്നിധ്യത്തില്‍ തന്നെ കണ്ടെടുക്കുകയുണ്ടായി .

സായാഹ്നത്തില്‍ ബന്ധുക്കള്‍ക്കെല്ലാം ലോഹ്രിപലഹാരങ്ങള്‍ വിതരണം ചെയ്തശേഷം പ്രതി സഞ്ജിറാമിനോട് താനും വിശാല്‍ ജംഗോത്രയും എട്ടുവയസുകാരിയെ ദേവിസ്ഥാനില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തത് കുട്ടിക്കുറ്റവാളി അറിയിക്കുകയുണ്ടായി..തങ്ങള്‍ക്കിടയിലെ ഗൂഢാലോചനയുടെ അന്തിമലക്ഷ്യം ആര്‍ജ്ജിക്കാനായി ,പെണ്‍കുട്ടിയെ വധിക്കാനുള്ള സമയം പാകപ്പെട്ടു എന്ന് പ്രതി സഞ്ജിറാം അപ്പോള്‍ കുട്ടിക്കുറ്റവാളിയോട് പറയുകയുണ്ടായി. അതനുസരിച്ച് പ്രതി മന്നുവും വിശാലും കുട്ടിക്കുറ്റവാളിയും ചേര്‍ന്ന് ഇരയെ ദേവിസ്ഥാനില്‍ നിന്നു മാറ്റുകയും അതിനു മുന്നിലുള്ള കലുങ്കിലേയ്ക്ക് അവളെ കൊണ്ടുപോകുകയും ചെയ്തു.

അതോടൊപ്പം പ്രതി ദീപക്കും അവിടെ വന്നുചേര്‍ന്നു.അവിടെ വച്ച് പ്രതി ദീപക്ക് എന്ന ദീപക് കജൂറിയ അവളെ കൊല്ലും മുന്‍പ് തനിക്ക് അവളെ ബലാത്സംഗം ചെയ്യണമെന്ന് കുട്ടിക്കുറ്റവാളിയെ അറിയിച്ചു. അങ്ങനെ ഒരിക്കല്‍ കൂടി ആ കൊച്ചുപെണ്‍കുട്ടി എട്ടുവയസുകാരി കൂട്ടബലാത്സംഗത്തിന് വിധേയയായി. ആദ്യം പ്രതി ദീപക്ക് എന്ന ദീപക് ഖജൂറിയയും പിന്നീട് കുട്ടിക്കുറ്റവാളിയും പ്രായപൂര്‍ത്തിയാകാത്ത ഇരയെ പ്രാകൃതബലാത്സംഗത്തിനു വിധേയമാക്കി.അതിനു ശേഷം പ്രതി ദീപക് എന്ന ദീപക് കജൂറിയ അവളുടെ കഴുത്ത് തന്റെ ഇടതു തുടയില്‍ വെയ്ക്കുകയും തന്റെ കൈകള്‍ കൊണ്ട് ഞെരിക്കുകയും ചെയ്തു. എന്നാല്‍ അവളെ കൊല്ലുന്നതില്‍ പ്രതി ദീപു എന്ന ദീപക് കജൂറിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന്കുട്ടിക്കുറ്റവാളി അവന്റെ കാല്‍മുട്ടുകള്‍ കൊണ്ട് അവളുടെ പുറത്ത് സമ്മര്‍ദ്ദം ചെലുത്തുകയും അവളുടെ തന്നെ ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരുക്കുകയും ചെയ്തു.

അതിനു ശേഷം കുട്ടിക്കുറ്റവാളി മരണം ഉറപ്പു വരുത്താന്‍ അവളുടെ തലയില്‍ കല്ലുകൊണ്ട് രണ്ടു തവണ ഇടിച്ചു. അവര്‍ക്ക് തങ്ങളുടെ ഗൂഢപദ്ധതിയനുസരിച്ച് ശവം ഏറ്റിക്കൊണ്ടുപോയി ഹിരാനഗറിലെ കനാലില്‍ ഉപേക്ഷിക്കണമായിരുന്നു.എന്നാല്‍ സമയത്തിന് വാഹനം ഏര്‍പ്പാട് ചെയ്യാന്‍ കഴിയാതെ വന്നതിനാല്‍ ശവം തല്‍ക്കാലം ദേവിസ്ഥാനില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലതെന്ന് പ്രതികള്‍ അവിടെ വെച്ചു തീരുമാനിക്കുകയും അതനുസരിച്ച് പ്രതികളായ കുട്ടിക്കുറ്റവാളി,വിശാല്‍,ദീപക്,മന്നു എന്നിവര്‍ ശവശരീരത്തെ ദേവിസ്ഥാനിലേക്ക് ചുമന്നു മാറ്റുകയും ചെയ്തു.ഇന്നേരം പ്രതി സഞ്ജിറാം ദേവിസ്ഥാനിനു പുറത്ത് നിരീക്ഷണത്തിനായി നിലകൊണ്ടു.അതിനു ശേഷം പ്രതികള്‍ തങ്ങളുടെ വസതികളിലേക്ക് മടങ്ങി.

കിഷോര്‍ കാര്‍ കൊണ്ടുവരാന്‍ വിസമ്മതിച്ചതിനാല്‍ ശവശരീരം കനാലില്‍ എറിയുന്നത് സാധ്യമല്ലെന്ന് 2018 ജനുവരി 15 ന്പ്രതി സഞ്ജിറാം കുട്ടിക്കുറ്റവാളിയോടും തന്റെ മകനായ പ്രതി ഷമ്മ എന്ന വിശാലിനോടും അറിയിക്കുകയുണ്ടായി .പിറ്റേന്ന് പ്രതി സഞ്ജിറാം തന്നെ നടത്തുന്ന ചടങ്ങിന് ദേവിസ്ഥാനില്‍ ആളുകള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ മൃതശരീരം ദേവിസ്ഥാനില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നും അതിനാല്‍ എത്രയും പെട്ടെന്ന് അത് കാട്ടില്‍ തന്നെ വലിച്ചെറിയുന്നതിനും നിര്‍ദ്ദേശം നല്‍കുകയുണ്ടായി.

കുട്ടിക്കുറ്റവാളി മന്നുവിന്റെ വീട്ടില്‍ പോകുകയും അയാള്‍ അവിടെ ഇല്ലെന്ന് കണ്ടതിനാല്‍ തിരികെ മടങ്ങുകയും ചെയ്തതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.അതിനാല്‍ മന്നുവിനെ ഒഴിവാക്കി കുട്ടിക്കുറ്റവാളിയും പ്രതി ഷമ്മ എന്ന വിശാല്‍ ജംഗോത്രയുംചേര്‍ന്ന് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു.അതു പ്രകാരം പ്രതി ഷമ്മ എന്ന വിശാലിനൊപ്പം കുട്ടിക്കുറ്റവാളി ദേവിസ്ഥാനിലെത്തി.പ്രതി ഷമ്മ എന്ന വിശാല്‍ ജംഗോത്ര വാതില്‍ തുറക്കുകയും കുട്ടിക്കുറ്റവാളി ശവശരീരം തോളിലേറ്റുകയും ചെയ്തു.പ്രതി ഷമ്മ എന്ന വിശാല്‍ ജംഗോത്ര വാതില്‍ അടക്കുകയും കുറ്റിക്കാടിനടുത്ത് കാവല്‍ നില്‍ക്കുകയും ചെയ്തു. കുട്ടിക്കുറ്റവാളി ശവശരീരം വനത്തിലേക്ക് വലിച്ചെറിഞ്ഞു .അതിനു ശേഷം രണ്ടുപേരും വീട്ടിലേയ്ക്ക് മടങ്ങി. വൈകീട്ട് 4 മണിയോടെ ഷുബം എന്ന കുട്ടിക്കുറ്റവാളി ഹിരാനഗര്‍ കോടതിക്ക് സമീപമുള്ള സമദിയയിലേക്ക് പോകുകയുണ്ടായി.

വിശാല്‍ ജംഗോത്ര

ഗ്രാമത്തിലെ മറ്റു കുട്ടികള്‍ കളിക്കുന്ന ആ സ്ഥലത്തുവെച്ച് അവന്‍ തന്റെ സുഹൃത്തായ ,ഹിരാനഗര്‍ നിവാസി നാരായണ്‍ ശങ്കറുടെ മകന്‍ അമിത് ശങ്കറിനെ കണ്ടുമുട്ടുകയും ഇരയുടെ കൊലപാതകത്തെ കുറിച്ച് അവനോട് സംസാരിക്കുകയും ചെയ്തു. അതിനു ശേഷം കുട്ടിക്കുറ്റവാളി പ്രതി വിശാലിനെ ഗാഗ് വാള്‍ റെയില്‍ വേ സ്റ്റേഷനിലേക്ക് അനുഗമിക്കുകയും അവിടെ നിന്നും പ്രതി വിശാല്‍ മീററ്റിലേക്ക് പോകുകയും ചെയ്തു. പ്രസക്തമായ മറ്റൊരു കാര്യം തന്റെ വീട്ടില്‍ വെച്ച് എസ്.ഐ.ആനന്ദ് ദത്തയ്ക്കു നല്‍കാനായി 1.5 ലക്ഷം രൂപ പ്രതി സഞ്ജിറാം പ്രതി തിലക് രാജിനെ ഏല്‍പ്പിച്ചു എന്നതാണ്.

കാണാതായ ആടിനെ കാട്ടില്‍ തെരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ എട്ടുവയസുകാരിയുടെ ശവശരീരം കാണാനിടയായ ദുഗ്ഗന്‍ബാണി നിവാസി ദേസുവിന്റെ മകന്‍ ജഗ്ദീഷ് രാജ് എന്നയാള്‍ നല്‍കിയ വിവരം അനുസരിച്ച് 2018 ജനുവരി 17ന് അന്വേഷണം ആരംഭിച്ചു. മൃതദേഹ പരിശോധന (ഓട്ടോപ്‌സി) ചെയ്യുന്നതിനായി ശവശരീരത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.അന്നേ ദിവസം ഉച്ച തിരിഞ്ഞ് 2.30 ന് കട്ട്‌വാ ജില്ലാ ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം നിര്‍വ്വഹിച്ചു.എല്ലാക്കാര്യങ്ങളും അറിയാവുന്ന പ്രതി ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് അന്നേ ദിവസം വൈകുന്നേരം പ്രതി സഞ്ജിറാമിനെ വീട്ടില്‍ ചെന്നു കാണുകയും ബക്കര്‍വാളുകളുടെ വലിയ പ്രക്ഷോഭം മൂലം കാര്യങ്ങള്‍ കൈവിട്ടു പോയെന്നും അതിനാല്‍ പ്രതികളില്‍ ഒരാളെ അറസ്റ്റിനു വിട്ടു തരണമെന്നും അഭ്യര്‍ത്ഥിച്ചതായി അന്വേഷണത്തില്‍ വെളിപ്പെട്ടു.

പ്രതികളില്‍ ആരെയെങ്കിലും ഏല്‍പ്പിക്കുന്നതിനു പകരം പ്രതി സഞ്ജിറാം എസ്.ഐ. ആനന്ദ് ദത്തയ്ക്ക് നല്‍കാനായി 1.5 ലക്ഷം രൂപ ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജിന് നല്‍കുകയും തിലക് രാജ് അത് സ്വീകരിക്കുകയും ചെയ്തു പിറ്റേന്ന് കുട്ടിക്കുറ്റവാളി കീഴടങ്ങുകയും അവനെ ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയുംചെയ്തതായി അന്വേഷണം വെളിപ്പെടുത്തുകയുണ്ടായി.

പ്രതി സഞ്ജിറാം കുട്ടിക്കുറ്റവാളിയെ ഹിരാനഗര്‍ പോലീസ് സ്റ്റേഷനില്‍ സന്ദര്‍ശിക്കുകയും തന്റെ മകനായ ഷമ്മ എന്ന വിശാല്‍ ജംഗോത്രയുടെ കുറ്റകൃത്യത്തിലുള്ള പങ്ക് ഒരിക്കലും വെളിപ്പെടുത്തരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് കുറ്റാരോപണങ്ങളില്‍ നിന്ന് അവനെ രക്ഷപ്പെടുത്താമെന്നും അയാള്‍ വാഗ്ദാനം ചെയ്തു. കുട്ടിക്കുറ്റവാളിയെ രക്ഷിച്ചെടുക്കുന്നതിന്റെ ഭാഗമായി പ്രതി എസ്.ഐ.ആനന്ദ് ദത്ത ,പ്രസ്തുത കൊലക്കേസില്‍ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത ഗഡി എന്ന വ്യക്തിയാണ് ഇതു ചെയ്തതെന്നു പറയാന്‍ കുട്ടിക്കുറ്റവാളിയോട് നിര്‍ദ്ദേശിച്ചതായും അന്വേഷണത്തില്‍ വെളിപ്പെട്ടു.

എന്നാല്‍ ഗഡിയ്ക്ക് മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു പകരം കൊലപാതകത്തിന്റെ ഉത്തരവാദിത്തം കട്ട്വാ S S P യ്ക്ക് മുമ്പാകെ കുട്ടിക്കുറ്റവാളി ഏറ്റെടുക്കുകയാണുണ്ടായത്.അന്വേഷണത്തിനിടയ്ക്കും എസ്.ഐ. ദത്ത കുട്ടിക്കുറ്റവാളിയ്ക്ക് താക്കീത് നല്‍കുകയും നേരത്തേ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതും അന്വേഷണത്തില്‍ വെളിപ്പെട്ടു .2018 ജനുവരി 19 ന് മറ്റു പോലീസുദ്യോഗസ്ഥരോടൊപ്പം ദത്ത കുട്ടിക്കുറ്റവാളിയെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് അവനോട് ഒരു കല്ല് സ്വന്തം കയ്യിലെടുക്കാന്‍ അയാള്‍ ആവശ്യപ്പെടുകയും ആ ദൃശ്യത്തിന്റെ ഫോട്ടോഗ്രാഫ് പകര്‍ത്തുകയും ചെയ്തു. ഒപ്പം കുട്ടിക്കുറ്റവാളിയുടെ മൊഴിയനുസരിച്ചുള്ള കല്ല് കണ്ടെത്തിയതായി രേഖപ്പെടുത്തി..

സഞ്ജിറാം

അതിനു ശേഷം അയാള്‍ കുട്ടിക്കുറ്റവാളിയെ ഒരു പശുത്തൊഴുത്തിലേക്ക് കൊണ്ടുപോകുകയും വയ്‌ക്കോല്‍ നിക്ഷേപിക്കുന്നഅറയില്‍ വെച്ചും യന്ത്രസംവിധാനങ്ങള്‍ ഉള്ള അറയില്‍ വെച്ചും അവന്റെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. വിറക് കത്തിയ ചാരക്കൂനയ്ക്കടുത്തു നിര്‍ത്തിയും അവന്റെ ചിത്രം ദത്ത എടുത്തു. പറഞ്ഞുറപ്പിച്ച തുകയായ 5 ലക്ഷം രൂപയില്‍ 4 ലക്ഷം രൂപയും കൈപ്പറ്റിയ ശേഷം ,മറ്റു പ്രതികളെ കേസില്‍ നിന്നൊഴിവാക്കുന്നതിനു വേണ്ടി കെട്ടിച്ചമച്ച കഥയ്ക്ക് സാധൂകരണം നല്‍കുന്നതിനു വേണ്ടിയാണ് അയാള്‍ ഇതൊക്കെ ചെയ്തത് .പ്രതി സഞ്ജിറാം തന്റെ കയ്യിലുണ്ടായിരുന്ന തുകയുടെ വലിയൊരു ഭാഗവും മുന്‍ കൂറായി തന്നെ ദത്തയ്ക്ക് കൈമാറി എന്നതും അന്വേഷണത്തില്‍ വെളിപ്പെട്ടു.

എങ്കിലും പണക്കൈമാറ്റത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.മൊഴികളുടേയും ശാസ്ത്രീയവും രേഖീയവുമായ തെളിവുകളുടേയും അടിസ്ഥാനത്തില്‍ നടത്തപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം വ്യക്തമാക്കുന്നത് പശുത്തൊഴുത്തിലല്ല ഇരയെ തടങ്കലില്‍ വെച്ചത് എന്ന് ആണ്. അതുപോലെത്തന്നെ മൃതദേഹം കണ്ടെടുത്ത ഇടത്ത് വെച്ചല്ല ഇര കൊല്ലപ്പെട്ടതും. അതിനാല്‍ എസ്.ഐ.ദത്ത സൃഷ്ടിച്ച മുഴുവന്‍ കഥയും വ്യാജവും സത്യത്തില്‍ നിന്നും വളരെ അകലം ദീക്ഷിക്കുന്നതുമാണ്.

മൊഴികളുടേയും ശാസ്ത്രീയമായ തെളിവുകളുടേയും അടിസ്ഥാനത്തില്‍ നടന്ന ക്രൈംബ്രാഞ്ച് അന്വേഷണം പ്രതികളായ എസ്.ഐ.ദത്തയും ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജും തമ്മില്‍ തമ്മില്‍ പ്രതികളെ സഹായിക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചന നടത്തി എന്നതും വെളിപ്പെടുത്തുന്നു. മാത്രമല്ല ,കൊല്ലപ്പെടുന്ന സമയത്ത് പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളിലെ കളിമണ്ണിന്റേയും രക്ത/ബീജക്കറകളുടേയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായി പ്രതി സഞ്ജിറാം അവ കഴുകിയെന്നും അതിനുശേഷമാണ് അവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതെന്നും അന്വേഷണത്തില്‍ സ്ഥാപിക്കപ്പെടുകയുണ്ടായി.കാണാതായ പെണ്‍കുട്ടിയെ അന്വേഷിക്കുന്ന ഘട്ടത്തില്‍ പ്രതി എസ്.ഐ.ദത്ത കരുതിക്കൂട്ടി തന്നെയാണ് ദേവിസ്ഥാനില്‍ പോകാതിരുന്നത്.

കാണാതായ നിഷ്‌കളങ്കയായ പെണ്‍കുട്ടിയെ അവസാനം കണ്ട വീണാദേവി എന്ന സ്ത്രീ അവളെ കണ്ടു എന്നു പറഞ്ഞ സ്ഥലത്തിന് സമീപമുള്ള സംശയാസ്പദമായ കെട്ടിടങ്ങളോ വീടുകളോ എടുപ്പുകളോ പ്രതി എസ്.ഐ.ദത്ത അന്വേഷണാത്മകമായി പരിശോധിച്ചിട്ടില്ല. കോളിളക്കം സൃഷ്ടിച്ച ഒരു കേസിലെ ഓഫീസര്‍ എന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ പ്രതി വളരെ ഉദാസീനനായി നിലകൊള്ളുകയും ഇതിലുള്‍പ്പെട്ട പ്രതികളെ അനര്‍ഹമായി രക്ഷപ്പെടുത്താന്‍ വേണ്ടി നിരവധി കൃത്യവിലോപങ്ങള്‍ നടത്തുകയും ചെയ്തു. ഈ കേസന്വേഷണത്തിനിടയില്‍ കുട്ടിക്കുറ്റവാളിയുടെ കുറ്റസമ്മതത്തിനു ശേഷം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ദുപ്പട്ട,മുടിപ്പിന്നി,നെക് ലേസ് എന്നിവയും കുട്ടിക്കുറ്റവാളിയുടെ വസ്ത്രങ്ങളും കരുതിക്കൂട്ടി മേല്‍ പ്രതി ശേഖരിക്കുകയുണ്ടായില്ല എന്നത് തൊണ്ടിപ്പട്ടികയില്‍ നിന്നും വ്യക്തമാണ്.

ഇരയെ ശ്വാസം മുട്ടിക്കാന്‍ ഉപയോഗിച്ച ദുപ്പട്ടയും , ഇരയുടെ മുടിപ്പിന്നിയും പിന്നീട് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഹിരാനഗര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും കണ്ടെടുക്കുകയുണ്ടായി.പ്രതികള്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഈ സുപ്രധാന തൊണ്ടിമുതലുകള്‍ മേല്‍ പ്രതി കരുതിക്കൂട്ടി ഒളിപ്പിക്കുകയായിരുന്നു ഇര ധരിച്ചിരുന്ന നെക്ലേസ് (ഇരയുടെ ചിത്രങ്ങളില്‍ കാണുന്നത്) കണ്ടെടുക്കുയുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. അത് കണ്ടെടുക്കാത്തതു വഴി ആ തെളിവ് നഷ്ടപ്പെടുത്തുകയും എന്തുകൊണ്ടാണ് ഇത്തരം തൊണ്ടിവസ്തുക്കള്‍ കണ്ടെടുക്കാഞ്ഞത് എന്ന് വിശദീകരിക്കുന്നതില്‍ മേല്‍ പ്രതി പരാജയപ്പെടുകയും ചെയ്തു.

എന്തിന്,മൃതദേഹപരിശോധന നടത്തിയ കട്ട് വാ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്നും ഇരയുടെ രക്തസാമ്പിള്‍ പോലും മേല്‍ പ്രതി എസ്.ഐ.ആനന്ദ് ദത്ത ശേഖരിച്ചിട്ടില്ല. വസ്തുതകളും ഫോണ്‍ രേഖകളും മൊഴികളും ഹിരാനഗര്‍ പോലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയ പ്രസ്താവനകളും ഫോറന്‍സിക് റിപ്പോര്‍ട്ടും മറ്റ് തെളിവുകളും പ്രതികളായ എസ്.ഐ.ദത്തയും ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജും u/s 201/RPC,r/w 343,376-D 302,120-B/RPC എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷ അനുഭവിക്കെണ്ട വിധം കുറ്റകൃത്യത്തില്‍ പങ്കാളികള്‍ ആണെന്ന് തെളിയിക്കുന്നു.

പ്രതികളെ കത്‌വ ജില്ലാ കോടതിയില്‍ ഹാജരാക്കിയപ്പോള്‍

രസാനയില്‍ താമസിക്കുന്ന ദെസ് രാജിന്റെ മകന്‍ സഞ്ജിറാം രസാനകൂട്ടയിലേയും ദമിയാല്‍ പ്രവിശ്യയിലേയും ബക്കര്‍വാളുകളുടെ വാസത്തിന് എതിരായിരുന്നുവെന്നും അവരുടെ കുതിരകള്‍ക്ക് സ്ഥലം വിട്ടുകൊടുക്കുന്നതില്‍ നിന്നും മറ്റ് സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ നിന്നും തന്റെ സമുദായക്കാരെ പിന്തിരിപ്പിക്കുന്നതിനായി നിരന്തരം പരിശ്രമിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞ വസ്തുതയാണ്.കൂട്ടയില്‍ താമസിക്കുന്ന ദര്‍ബാറാസിങ്ങിന്റെ മകനായ ഹര്‍ണാംസിങ്ങ് എന്ന ആള്‍ ഒരു ബക്കര്‍വാളിന് ഭൂമി വിറ്റതിനെ തുടര്‍ന്ന് അയാള്‍ (സഞ്ജിറാം )ഈ ഹര്‍ണാംസിങ്ങിനെതിരെ ഒരു പ്രചരണം ആരംഭിക്കുകയുണ്ടായി.

കൂട്ട,രസനാ പ്രവിശ്യയുടെ മുന്‍ സര്‍പാഞ്ചിന്റെ സഹായവും മേല്‍പ്പറഞ്ഞ ഹര്‍ണാംസിങ്ങിനെതിരേ ഉപയോഗിക്കുകയും , ഹര്‍ണാംസിങ്ങിന്റെ ഭൂമിയില്‍ സ്ഥാപിച്ച ഒരു ടെലഫോണ്‍ ടവറിന്റെ പണം അയാള്‍ക്കു കിട്ടുന്നതില്‍ നിന്നും അതു വഴി അയാളെ തടയുകയും ചെയ്തു. ഹര്‍ണാംസിങ്ങിന്റെ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന വാദമുയര്‍ത്തിയുള്ള അപേക്ഷ ചുമതലപ്പെട്ട തഹസില്‍ദാര്‍ക്ക് കൈമാറിയാണ് അത് സാധിച്ചെടുത്തത്.അവസാനം ഹര്‍ണാംസിങ്ങ് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുകയും തഹസില്‍ദാരുടെ ബന്ധപ്പെട്ട കല്പന റദ്ദാക്കിയെടുക്കുകയും ചെയ്തു.

2017 ഡിസംബറില്‍ ചാന്ദിയ ബക്കര്‍വാളുടെ മകനായ ഒരു റാഷിദിന്റെ ആടുകളെ തന്റെ വീടിനടുത്തുള്ള കുളത്തിലെ വെള്ളം കുടിക്കാന്‍ ഉപയോഗിച്ചു എന്ന കാരണം പറഞ്ഞ് തടഞ്ഞു വെക്കുകയും 1000 രൂപ പിഴയായി വാങ്ങുകയും ചെയ്തു. കൂടാതെ തന്റെ വീടിനടുത്തുള്ള വനപ്രദേശത്തില്‍ കന്നുകാലികളെ മേയാന്‍ അനുവദിയ്ക്കുന്നതിന്റെ പേരില്‍ മൊഹമ്മദ് യൂസഫ് ബക്കര്‍വാളില്‍ നിന്നും അയാള്‍ 1000 രൂപ കൈപ്പറ്റുകയുണ്ടായിട്ടുണ്ട്.ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജും പോലീസ് ഓഫീസര്‍ ദീപക് കജൂരിയയും രസാന,കൂട്ട,ദമിയാല്‍ പ്രവിശ്യ എന്നിവിടങ്ങളിലെ ബക്കര്‍വാളുകളുടെ വാസത്തിന് എതിരായിരുന്നു.

ബക്കര്‍വാളുകളെ ഈ പ്രവിശ്യയില്‍ നിന്നും ഒഴിവാക്കുന്നതിനായി അവര്‍ സഞ്ജിറാമുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഒരു കാര്യം അല്ലെങ്കില്‍ മറ്റൊരു കാര്യം ചൂണ്ടിക്കാട്ടി അവര്‍ ബക്കര്‍വാളുകളെ കുറ്റപ്പെടുത്തുകയും അവരെ ഭീഷണിപ്പെടുത്തുകയും പതിവായിരുന്നു. അതേ പ്രവിശ്യയിലെ നിവാസികള്‍ എന്ന നിലയ്ക്ക് പ്രതികളായ തിലക് രാജിനും ദീപക് കജൂറിയയ്ക്കും ഭൂ അധീനതയെ സംബന്ധിച്ചും ബക്കര്‍വാളുകളുമായി ഗുരുതരമായ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.കൂടാതെ പ്രതി ദീപക് കജൂറിയ ബക്കര്‍വാളുകളുമായി ഏതാനും ശാരീരിക കയ്യേറ്റങ്ങളിലും ഏര്‍പ്പെട്ടിരുന്നു.ബക്കര്‍വാളുകള്‍ ഗോഹത്യ നടത്തുന്നവരും മയക്കുമരുന്ന് കടത്തുന്നവരും അവരുടെ മക്കള്‍ മയക്കുമരുന്നിന്റെ അടിമകള്‍ ആണെന്നുമുള്ള ഒരു സാമാന്യ ധാരണ ഒരു പ്രത്യേക സമുദായം വെച്ചുപുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞ കാര്യമാണ്.

പ്രവിശ്യയിലെ രണ്ട് സമുദായക്കാര്‍ തമ്മിലുള്ള ശത്രുത സമീപപ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ നിരവധി പരാതികളും എതിര്‍ പരാതികളും രജിസ്റ്റര്‍ ചെയ്യുന്നതിനു കാരണമായിട്ടുണ്ട്.അതിനാല്‍ ബക്കര്‍വാള്‍ സമുദായത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിന് പ്രതികള്‍ക്ക് ഒരു കാരണമുണ്ടായിരുന്നു. അതാണ് ഗൂഢാലോചനയിലേയ്ക്കും അവസാനം ഒരു മൃദുലക്ഷ്യസ്ഥാനം എന്ന നിലയില്‍ 8 വയസ്സുള്ള ഒരു കുഞ്ഞിന്റെ,ഒരു പൂമൊട്ടിന്റെ മേലുള്ള ജുഗുപ്‌സാവഹമായ ബലാത്സംഗത്തിലും അതിക്രൂരമായ കൊലപാതകത്തിലും ചെന്നെത്തിച്ചത്..

ക്രിമിനല്‍ നിയമത്തിലെ 161, 164-A എന്നീ വകുപ്പുകള്‍ അനുസരിച്ച് 130 ല്‍പ്പരം സാക്ഷികളുടെ പ്രസ്താവനകള്‍ അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തുകയുണ്ടായി .അന്വേഷണത്തില്‍ തെളിഞ്ഞ മേല്‍ക്കാണിച്ച വസ്തുതകളോട് എല്ലാത്തരത്തിലും ചേര്‍ന്നു നില്‍ക്കുന്നവയായിരുന്നു എല്ലാ സാക്ഷിമൊഴികളും.

അന്വേഷണത്തിന്റെ ഭാഗമായി കുട്ടിക്കുറ്റവാളിയുടേയും വിശാല്‍ ജംഗോത്രയുടേയും പര്‍വേഷ് കുമാറിന്റേയും ലൈംഗികശേഷീ പരിശോധനകള്‍ നിര്‍വ്വഹിക്കുകയും അവയുടെ ഫലങ്ങള്‍ എല്ലാം തന്നെ അന്വേഷണത്തിലെ കണ്ടെത്തലുകളെ ശരി വെയ്ക്കുന്നതുമാണ്.ആ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് കുട്ടിക്കുറ്റവാളിയടക്കം എല്ലാവരും ലൈംഗികകൃത്യനിര്‍വ്വഹണത്തിന് ശേഷിയുള്ളവര്‍ ആണ് എന്നാണ്.ദീപക് ഖജൂറിയ യുടെ കാര്യത്തില്‍ അയാളുടെ ലൈംഗികശേഷി വിദഗ്ദ പുന:പരിശോധനയ്ക്ക് അനുവാദം ചോദിച്ചിട്ടുള്ളതും കോടതിയില്‍ നിന്നും സമ്മതം കിട്ടുന്ന മുറയ്ക്ക് അത് നിര്‍വ്വഹിക്കുന്നതുമാണ്.

ബക്കര്‍വാളുകള്‍

നെയ്ബിലെ തഹ്‌സില്‍ദാര്‍ക്കും കൂട്ടയിലെ ഫസ്റ്റ് ക്ലാസ്സ് എക്‌സിക്യൂട്ടീവ് മജിസ്‌റ്റ്രേട്ടിനുമൊപ്പം പ്രത്യേക അന്വേഷണ സംഘം സംഭവസ്ഥലം സന്ദര്‍ശിക്കുകയും കുറ്റകൃത്യദൃശ്യങ്ങള്‍ പുന:സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.ഈ സ്ഥലങ്ങളുടെ വിശദപരിശോധനയില്‍ രക്തം പുരണ്ട വിറകുകഷണങ്ങളും മുടിയിഴകളും അടക്കമുള്ള പല വസ്തുക്കളുടേയും കണ്ടെടുക്കലിലേയ്ക്ക് നയിക്കുകയും ഒന്നാം ക്ലാസ്സ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സീലു ചെയ്ത്/റീ സീലു ചെയ്ത് പാക്കറ്റുകളിലാക്കുകയും ചെയ്തു.

അന്വേഷണത്തില്‍ കണ്ടെടുത്ത തൊണ്ടിമുതലുകള്‍ ഉള്‍ക്കൊള്ളുന്ന സീലു ചെയ്ത പാക്കറ്റുകള്‍ പരിശോധനയ്ക്കു വേണ്ടി ഫോറന്‍സിക് പരിശോധനശാലയിലേയ്ക്ക് അയച്ചിട്ടുണ്ട്. മാത്രമല്ല,ദേവിസ്ഥാനില്‍ നിന്നും മൃതദേഹം കണ്ടെടുത്ത വനപ്രദേശത്തു നിന്നും ശേഖരിച്ച മുടിയിഴകള്‍ DNA പരിശോധനയ്ക്കായി ന്യൂഡെല്‍ഹിയിലെ വിദഗ്ദര്‍ക്ക് അയച്ചുകൊടുക്കുകയുണ്ടായി.. വിദഗ്ദര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ദേവിസ്ഥാനില്‍ നിന്നും കണ്ടെടുത്ത ഒരു മുടിയിഴ ഇര എട്ടുവയസുകാരിയുടെ ഡി.എന്‍.എ വിന്യാസവുമായി യോജിക്കുന്നതാണ്.പ്രവിശ്യയിലെ മറ്റു മനുഷ്യരുടെ കണ്ണുവെട്ടിക്കാന്‍ വേണ്ടി ഇരയെ സഞ്ജിറാമിന്റെ അധീനതയിലുള്ള ദേവിസ്ഥാനിലാണ് തടങ്കലില്‍ പാര്‍പ്പിച്ചതെന്ന് അത് വ്യക്തമാക്കുന്നു .അതുപോലെതന്നെ ശവശരീരം കിടന്നിടത്തുനിന്നും കണ്ടെടുക്കപ്പെട്ട ഒരു മുടിയിഴ കുട്ടികുറ്റവാളിയുടെ ഡി.എന്‍.എ വിന്യാസവുമായി ചേരുന്ന ഒന്നാണെന്ന് വിദഗ്ദ റിപ്പോര്‍ട്ട് പറയുന്നു.

ശ്രീനഗറിലെ ഫോറന്‍സിക് ലാബ് പരിശോധനയില്‍ നിന്നും പ്രത്യേകിച്ചൊന്നും കണ്ടെത്താതിരിക്കാന്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരായ എസ്.ഐ.ദത്തയും ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങള്‍ ആണ് അയച്ചതെങ്കിലും പ്രതികളുടെ ദൌര്‍ഭാഗ്യത്താല്‍ ഡെല്‍ഹി ഫോറെന്‍സിക് ലാബ് ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇരയുടെ ഫ്രോക്ക്-സല്‍വാറിലെ രക്തക്കറകളുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയുണ്ടായി .അവ ഇരയുടെ ഡി.എന്‍.എ വിന്യാസവുമായി യോജിപ്പുള്ളതുമായിരുന്നു. യോനീഭാഗങ്ങളില്‍ ഇരയുടെ രക്തത്തിന്റെ സാന്നിദ്ധ്യവും ഡി.എന്‍.എ പരിശോധന സ്ഥിരീകരിച്ചു.അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് പരിശോധന ആവശ്യമുള്ള അനേകം തോണ്ടിമുതലുകള്‍ ശേഖരിക്കുകയുണ്ടായി.വിദഗ്ദര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കന്യാചര്‍മ്മം ഛേദിയ്ക്കപ്പെട്ട നിലയില്‍ ആയിരുന്നു.യോനീമുഖത്തെ സ്രവങ്ങളും യോനിക്കുള്ളിലെ രക്തം പുരണ്ട സ്രവങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുകയുണ്ടായി.

വൈദ്യവിദഗ്ദരുടെ റിപ്പോര്‍ട്ട് അനുസരിച്ച് കൊല്ലപ്പെടും മുന്‍പ് പെണ്‍കുട്ടി പ്രഥമദൃഷ്ട്യാ തന്നെ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ട്. ഈ ദിശയിലെ അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നത് പൊതുതാല്‍പ്പര്യത്തോടു കൂടി ഒന്നിലധികം പ്രതികള്‍ ഇരയെ ബലാത്സംഗത്തിന് വിധേയമാക്കിയിട്ടുണ്ടെന്നാണ്.അതിനാല്‍ ഈ കേസില്‍ സെക്ഷന്‍ 376-D RPC കൂടി ബാധകമാകുന്നു.ഭക്ഷണം നല്‍കാതെ ഇരയെ പിടിച്ചു വെച്ചുവെന്നും ഉറക്കമരുന്നുകള്‍ ഇരയില്‍ പ്രയോഗിച്ചുവെന്നും ഹൃദയ ശ്വാസകോശ സ്തംഭനത്തിലേക്ക് നയിച്ച ശ്വാസം മുട്ടലാണ് മരണകാരണമെന്നും വൈദ്യാഭിപ്രായങ്ങള്‍ സ്ഥിരീകരിക്കുന്നു.

കത്‌വ പെണ്‍കുട്ടിയെ ഖബറടക്കിയിരിക്കുന്ന സ്ഥലം

അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട ഇടങ്ങളില്‍ നിന്നും ശേഖരിക്കുകയുണ്ടായി.കുറ്റകൃത്യത്തിന്റെ പ്രധാനപ്പെട്ട ദിവസങ്ങളില്‍ ബന്ധപ്പെട്ട പ്രതികളുടെ ഫോണുകള്‍ എല്ലാം കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ പരിസരങ്ങളില്‍ ഉണ്ടായിരുന്നു എന്ന് ഈ വിശദാംശങ്ങള്‍ സ്ഥിരീകരിക്കുന്നു.

പ്രതി ദീപക് ഖജൂരിയയുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ കാണിയ്ക്കുന്നത് ഇരയെ തട്ടിക്കൊണ്ടു പോയ അന്നു മുതല്‍ അയാള്‍ ഹിരാനഗര്‍ പോലീസ് സ്റ്റേഷനിലെ ഒരു സുരീന്ദര്‍കുമാറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നാണ്. ഇത് സുരീന്ദര്‍ കുമാറിന്റെ ചോദ്യംചെയ്യലിലേയ്ക്ക് നയിച്ചു.ചോദ്യം ചെയ്യലില്‍ ദീപക് കജൂരിയയുമായുള്ള സംഭാഷണങ്ങളെ സംബന്ധിച്ചും തട്ടിക്കൊണ്ടുപോകലിന്റെ ദിനങ്ങളില്‍ ആ വിനിമയത്തിന്റെ തോത് വല്ലാതെ ഉയര്‍ന്നതിനെ പറ്റിയും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ അയാള്‍ക്ക് കഴിഞ്ഞിട്ടില്ല.

14/1/2018 ന് ദേവീസ്ഥാനിന് ചുറ്റുമുള്ള ബക്കര്‍വാളുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ താന്‍ സുരീന്ദര്‍കുമാറിനെ നിയോഗിച്ചു എന്നും അന്നേരം തടവില്‍ കഴിയുകയായിരുന്ന ഇരയുടെ സ്ഥിതി അയാളെ അറിയിക്കുകയുമുണ്ടായി എന്ന പ്രതി ദീപക് ഖജൂറിയയുടെ മൊഴിക്ക് വിരുദ്ധമായി ഒന്നും വിശദീകരിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല .അതിനെ തുടര്‍ന്ന് സുരീന്ദര്‍ കുമാര്‍ ദേവിസ്ഥാന്‍ സന്ദര്‍ശിക്കുകയും പ്രതിയെ ബക്കര്‍വാളുകടെ നീക്കത്തെ പറ്റിയും മറ്റും അറിയിക്കുകയുണ്ടായി. സുരീന്ദര്‍ കുമാര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജുഡീഷ്യല്‍ കസ്റ്റഡിയിലാവുകയും ചെയ്തു.നുണ പരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ വഴി അയാളുടെ പങ്കാളിത്തം കൂടുതല്‍ പരിശോധിക്കപ്പെടേണ്ടിയിരിയ്ക്കുന്നു .നുണ പരിശോധനക്കാവശ്യമായ അയാളുടെ സമ്മതപത്രം ഇപ്പോള്‍ തന്നെ ലഭിച്ചിട്ടുണ്ട്

ബലാത്സംഗത്തിലും കൊലപാതകത്തിലും പ്രധാനപങ്കു വഹിച്ച ,യു.പി യിലെ മിറാപ്പൂരില്‍ ,ആകാന്‍ഷാ കോളേജില്‍ ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍ വിദ്യാര്‍ത്ഥിയായ വിശാല്‍ ജംഗോത്ര റെക്കോഡുകള്‍ തിരിമറി ചെയ്തതും, തന്റെ പിതാവിന്റേയും (സഞ്ജിറാം ),ഹിരാനഗറിലെ ചന്മോറിയന്‍ നിവാസിയും തന്റെ ബന്ധുവുമായ പ്രേംനാഥിന്റെ മകന്‍ കിഷോര്‍ എന്ന വ്യക്തിയുടേയും ആകാന്‍ഷാ കോളേജ് ചെയര്‍മാനായ ആര്‍.പി.സിങ്ങിന്റേയും മീററ്റിലെ ചൌധരി ചരണ്‍സിങ്ങ് യൂണിവേഴ്‌സിറ്റിയിലെ ചില ജീവനക്കാരുടേയും സഹായത്തോടെ വ്യാജത്തെളിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതും അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്.

അന്വേഷണത്തില്‍ നിന്നു കിട്ടിയ സൂചനകള്‍ പ്രകാരം ഇവരൊക്കെ തന്നെയും പ്രതി സഞ്ജിറാമില്‍ നിന്നും വന്‍ തുക പ്രതിഫലമായി കൈപ്പറ്റിയിട്ടുണ്ട്.ഇക്കാര്യം ബന്ധപ്പെട്ടകോളേജ്/ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ശെഖരിക്കേണ്ടിയിരിക്കുന്ന റെക്കോഡുകളുടേയും ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നും ലഭിക്കേണ്ടിയിരിക്കുന്ന വിദഗ്ദാഭിപ്രായങ്ങളുടേയും വെളിച്ചത്തില്‍ കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു.അതിനു പുറമേ മുസഫര്‍ നഗറിലെ കട്ടോളിയില്‍ പരീക്ഷയില്‍ പങ്കെടുക്കുകയായിരുന്നു എന്ന പ്രതിയുടെ അവകാശവാദത്തിന്റെ അടിസ്ഥാനത്തില്‍ പരീക്ഷാകേന്ദ്രത്തിലെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ പരിശോധനക്കായി ഫോറന്‍സിക് വിദഗ്ദര്‍ക്ക് അയച്ചിട്ടുണ്ട്.

അന്വേഷണത്തില്‍ സംശയാസ്പദമല്ലാതെ തെളിഞ്ഞ നിഗമനം ഹിരാനഗറിലെ രസാന ഗ്രാമ നിവാസിയായ ദേസ് രാജിന്റെ മകന്‍ സഞ്ജിറാം ,ഹിരാനഗറിലെ വാര്‍ഡ് നമ്പര്‍ 10 ലെ ഓം പ്രകാശ് സാംഗ്രയുടെ മകന്‍ ഷുബം സാംഗ്ര,ദമിയാല്‍ ഹിരാനഗര്‍ നിവാസിയായ ഉപ്‌ദേശ് കജൂറിയയുടെ മകന്‍ ദീപു എന്ന ദീപക് കജൂറിയ ,രസാന ഗ്രാമ നിവാസിയായ അശോക് കുമാറിന്റെ മകന്‍ മന്നു എന്ന പര്‍വേഷ് കുമാര്‍, ഹിരാനഗറിലെ രസാന ഗ്രാമ നിവാസിയായ സഞ്ജിറാമിന്റെ മകന്‍ വിശാല്‍ ജംഗോത്ര,ഹിരാനഗറിലെ ദമിയാല്‍ നിവാസിയായ അമീര്‍ ചന്ദിന്റെ മകന്‍ തിലക് രാജ് ,മുത്തിയിലെ ദര്‍മല്‍ ഗ്രാമനിവാസിയായ ശാന്തിസ്വരൂപ് ദത്തയുടെ മകന്‍ ആനന്ദ് ദത്ത,ഹിരാനഗറിലെ സത്തൂറ നിവാസിയായ സെയിന്ദാസിന്റെ മകന്‍ സുരീന്ദര്‍ കുമാര്‍ എന്നിവര്‍ സെക്ഷന്‍ 363/343/376-ഡി /302/201 R/W,120 BRPC പ്രകാരം ശിക്ഷ ലഭിക്കേണ്ട കുറ്റകൃത്യങ്ങളില്‍ സംശയരഹിതമായി ഏര്‍പ്പെട്ടു എന്നാണ്.അതേ തുടര്‍ന്ന് മേല്‍പ്പറഞ്ഞവരുടെ പേരിലുള്ള ചാര്‍ജ് ഷീറ്റുകള്‍ ബഹുമാനപ്പെട്ട കോടതിക്കു മുമ്പാകെ ജുവനൈല്‍ ജസ്റ്റീസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ) ആക്റ്റ് പ്രകാരം സമര്‍പ്പിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പരമര്‍ശിച്ചിട്ടുള്ള മറ്റു വ്യക്തികളുടെ പേരില്‍ മറ്റൊരു ചാര്‍ജ്ഷീറ്റ് ഹിരാനഗറിലെ JMIC കോടതിയില്‍ സമര്‍പ്പിക്കുന്നതാണ്. ബഹുമാനപ്പെട്ട കോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിക്കാനുദ്ദേശിക്കുന്ന സാക്ഷിപ്പട്ടികയും മറ്റ് രേഖകളും കുറ്റപത്രത്തില്‍ ഭാഗം1, ഭാഗം 2 ആയി ചേര്‍ത്തിട്ടുണ്ട്

സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ്
SHO,P/s ക്രൈം ബ്രാഞ്ച്
ജമ്മു

പി.എന്‍. ഗോപീകൃഷ്ണന്‍

We use cookies to give you the best possible experience. Learn more