വയലറ്റ് നിറത്തില്‍ മഞ്ഞപ്പൂക്കളുള്ള ഉടുപ്പിട്ട ഒരു എട്ടു വയസ്സുകാരി നാടോടി പെണ്‍കുട്ടി കാശ്മീരിലെ കത്വയില്‍ വെച്ച് ദിവസങ്ങളോളം നീണ്ടു നിന്ന അതിക്രൂരമായ ലൈംഗികാക്രമണത്തിനു ശേഷം വധിക്കപ്പെട്ടത് അവള്‍ മുസ്ലീമായതുകൊണ്ട് മാത്രമായിരുന്നു. ഒന്നര വര്‍ഷത്തിനിപ്പുറം പത്താന്‍ കോട്ടിലെ പ്രത്യേക കോടതി ആ പെണ്‍കുഞ്ഞിന്റെ ഘാതകരില്‍ ചിലര്‍ക്ക് മരണം വരെ ജീവപര്യന്ത്യം തടവും തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നവര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും വിധിച്ചിരിക്കുന്നു. ഘാതകരിലൊരാളെ തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടു. ഘാതകരില്‍ മറ്റൊരാളുടെ വിചാരണ തുടങ്ങിയിട്ടില്ല. അയാള്‍ക്ക് പ്രായപൂര്‍ത്തിയായോ ഇല്ലയോ എന്ന കാര്യത്തില്‍ തര്‍ക്കം നടക്കുന്നു.
കുതിരകളെ മേയ്ക്കാന്‍ കാട്ടില്‍ പോയ ബക്കര്‍വാള്‍ സമുദായത്തിലെ ആ പെണ്‍കുട്ടിയുടെ പേര് നമുക്കറിയാം. അവളുടെ മുഖം നമുക്കറിയാം. എത്ര മായ്ക്കാന്‍ ശ്രമിച്ചാലും അത്ര പെട്ടെന്നൊന്നും അവളെ മറന്ന് പോകില്ല രാജ്യം. അവള്‍ക്ക് സംഭവിച്ചതൊക്കെയും നമുക്കറിയാം. അവള്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഹിന്ദുത്വയുടെ അസഹിഷ്ണുതയാണ്. ഗൂഢാലോചന നടത്തി ചെയ്ത കൊടും ക്രൂരത. ആ കുഞ്ഞിനെ കൊന്നു കഴിഞ്ഞാല്‍ രസാന പ്രവിശ്യയില്‍ നിന്ന് ബക്കര്‍വാള്‍ സമുദായത്തെ എന്നെന്നേക്കുമായി ഓടിച്ച് വിടാമെന്ന് തോന്നിയ അസഹിഷ്ണുവായ ഒരു ഹിന്ദു പൂജാരി സഞ്ജി റാം തീരുമാനിച്ച് പ്ലാന്‍ ചെയ്ത് നടപ്പാക്കിയ അരുംകൊല.
പേരും മുഖവും നമ്മള്‍ മറക്കാത്ത, മറന്ന് പോകരുതാത്ത ആ കുഞ്ഞിന് നീതി കിട്ടിയോ? വധിക്കപ്പെട്ടവര്‍ക്ക് കിട്ടുന്ന നീതി എന്താണ്? ദിവസങ്ങളോളം ലൈംഗികമായി ഉപദ്രവിച്ചതിന് ശേഷം തലയ്ക്ക് കരിങ്കല്ല് കൊണ്ട് അടിച്ച് കൊന്ന് മരണം ഉറപ്പു വരുത്തിയ ആ കുഞ്ഞിന് എന്ത് നീതിയാണ് കിട്ടുക ? മരണാനന്തര നീതിയുടെ ആശ്വാസം എന്താണ്?
ആ കുഞ്ഞിന് കിട്ടേണ്ട നീതി ഒരു സമുദായത്തിന് കിട്ടേണ്ട നീതിയാണ്. അവള്‍ മാത്രമല്ല, ഒരുപാട് മനുഷ്യര്‍ ആള്‍ക്കൂട്ടത്തിന്റെ അസഹിഷ്ണുതയില്‍ മുസ്ലിമായതിന്റെ പേരിലും ദളിതായതിന്റെ പേരിലും മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷം കൊല്ലപ്പെട്ടിട്ടുണ്ട്. ആ ആള്‍ക്കൂട്ടം ഹിന്ദുത്വയുടെ ആള്‍ക്കൂട്ടമാണ്. മുഹമ്മദ് അഖ്‌ലാക്ക്, പെഹലൂഖാന്‍, ജുനൈദ് പട്ടിക ഇനിയും നീളും.
ലിഞ്ച് നേഷന്‍ എന്ന ഒരു ഡോക്യുമെന്ററിയുണ്ട്. അഖ്‌ലാഖിന്റെയും പെഹ്ലൂഖാന്റേയും ജുനൈദിന്റെയുമൊക്കെ വീട്ടില്‍ ചെന്ന് അവരുടെ ബന്ധുക്കളോട് സംസാരിച്ച് തയ്യാറാക്കിയതാണ് ലിഞ്ച് നേഷന്‍. തൊപ്പി കൊണ്ടും താടി കൊണ്ടും പൈജാമ കൊണ്ടും ശിരോവസ്ത്രം കൊണ്ടും ചെയ്യുന്ന ജോലി കൊണ്ടും കഴിക്കുന്ന ഭക്ഷണം കൊണ്ടും മുസ്ലിമാണെന്നും ദളിതാണെന്നും തിരിച്ചറിഞ്ഞ് ഉറപ്പിച്ച് ആക്രമിച്ച് കൊന്നുകളയുന്ന ആള്‍ക്കൂട്ട മനശാസ്ത്രത്തിന്റെ ക്രൂരതയെക്കുറിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഭയന്ന് നനഞ്ഞ കണ്ണുകള്‍ കൊണ്ട് ആ സിനിമയില്‍ സംസാരിക്കുന്നുണ്ട്. അതിലൊരാള്‍ ചോദിക്കുന്നുണ്ട്, എത്ര കാലം നിങ്ങള്‍ ഞങ്ങളെ കൊന്നു കൊണ്ടിരിക്കും എന്ന്? എന്നിട്ടയാള്‍ പറയുന്നുണ്ട്, അവസാന ശ്വാസം വരെ ഞങ്ങള്‍ പോരാടിക്കൊണ്ടിരിക്കും എന്നും.
കത്വയിലെ കുഞ്ഞിന്റെ ഘാതകരെ മരണം വരെ തടവിലിടാന്‍ വിധിച്ച ഇന്ത്യന്‍ നിയമ വ്യവസ്ഥ അഭിനന്ദിക്കപ്പെടുക തന്നെ വേണം. പക്ഷേ ആ ശിക്ഷാവിധി കേട്ട് പബ്ലിക് പ്രോസിക്യൂട്ടറെ അസഭ്യം പറയുന്ന ആള്‍ക്കൂട്ടം പുറത്ത് തന്നെയുണ്ട്. ആ പെണ്‍കുഞ്ഞിന്റെ കേസ് ഏറ്റെടുത്തതിന്റെ പേരില്‍ അഡ്വക്കേറ്റ് ദീപിക സിംഗിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കുകയും അപമാനിക്കുകയും ചെയ്ത ആള്‍ക്കൂട്ടവും പുറത്തു തന്നെയുണ്ട്. പ്രതികള്‍ക്ക് വേണ്ടി ദേശീയപതാകയേന്തി പ്രകടനം നടത്തിയ ആള്‍ക്കൂട്ടവും പുറത്തുതന്നെയുണ്ട്. ജാതി വെറിയും മതവെറിയും മൂത്ത ആ ആള്‍ക്കൂട്ടത്തില്‍ അഭിഭാഷകരുണ്ട്, പൊലീസ് ഉദ്യോഗസ്ഥരുണ്ട്, രാഷ്ട്രീയ പ്രവര്‍ത്തകരുണ്ട് ഇതൊന്നുമല്ലാത്തവരുമുണ്ട്.
അവിടെയാണ് കൊല്ലപ്പെട്ടവര്‍ക്ക് കിട്ടുന്ന നീതി എന്ന നമ്മുടെ ആശ്വാസം ആശ്വാസമല്ലാതായി മാറുന്നത്. നീതി കൊല്ലപ്പെട്ടവര്‍ക്കല്ല, ജീവിച്ചിരിക്കുന്നവര്‍ക്കാണ് കിട്ടേണ്ടത്. കൊല്ലപ്പെടാതിരിക്കലാണ് നീതി. റേപ്പ് ചെയ്യപ്പെടാതിരിക്കലാണ് നീതി. ഉപദ്രവിക്കപ്പെടാതിരിക്കലാണ് നീതി. വയലറ്റില്‍ മഞ്ഞ നിറമുള്ള പൂക്കള്‍ വിതറിയ ഉടുപ്പിട്ട ആ കുഞ്ഞു പെണ്‍കുട്ടി സ്വന്തം രാജ്യത്ത്, സമാധാനത്തോടെ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടി മരിച്ച രക്തസാക്ഷിയാണ്. അവള്‍ക്ക് കിട്ടേണ്ട നീതി ഒരു സമുദായത്തിനു കിട്ടേണ്ട നീതിയാണ്. ജനാധിപത്യ രാജ്യത്ത് മതത്തില്‍ വിശ്വസിക്കാന്‍ ഒരു വിശ്വാസിക്ക് കിട്ടേണ്ട നീതിയാണ്. ആ നീതി, ജീവിച്ചിരിക്കുന്നവര്‍ക്കൊരോരുത്തര്‍ക്കും ജനാധിപത്യപരമായി അവരുടെ ആഗ്രഹം പോലെ ജീവിച്ചിരിക്കുന്നതിനുള്ള അവകാശമാണ്.