കത്വ കൊലപാതകം; മറക്കരുത്, സംഘപരിവാര്‍ പ്രതികളെ ന്യായീകരിച്ച വഴികള്‍
Kathua gangrape-murder case
കത്വ കൊലപാതകം; മറക്കരുത്, സംഘപരിവാര്‍ പ്രതികളെ ന്യായീകരിച്ച വഴികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th June 2019, 5:44 pm

ജമ്മുകശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ ലൈംഗികമായി ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. മുഖ്യപ്രതിയും പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ക്ഷേത്രത്തിലെ പൂജാരിയുമായ സഞ്ജി റാം ഉള്‍പ്പെടെയുള്ളവരുടെ പങ്കാണ് കോടതി സ്ഥിരീകരിച്ചിരിക്കുന്നത്. കൊലപാതകത്തില്‍ പ്രതികള്‍ക്കുള്ള ബന്ധം കോടതി തന്നെ ശരിവെച്ച സാഹചര്യത്തില്‍ തുടക്കം മുതല്‍ ഈ കൊലയാളികളെ പ്രതിരോധിച്ച ബി.ജെ.പി നിലപാട് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

രാജ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്ന വേളയില്‍ മന്ത്രിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ പ്രതികള്‍ക്കുവേണ്ടിയാണ് തെരുവിലിറങ്ങിയത്. ജമ്മുകശ്മീരിലെ മന്ത്രിമാരായ ചൗധരി ലാല്‍ സിങ്ങും ചന്ദര്‍ പ്രകാശ് ഗംഗയുമാണ് പ്രതികള്‍ക്കുവേണ്ടി ദേശീയ പതാകയുമായി തെരുവിലിറങ്ങിയത്.

കേസിലെ പ്രതിയായ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് ഖജൂരിയയ്ക്കുവേണ്ടി ഹിന്ദു ഏകതാ മഞ്ച് നടത്തിയ മാര്‍ച്ചിലാണ് ഇരുവരും പങ്കെടുത്തത്. എസ്.ടി വിഭാഗത്തില്‍പ്പെടുന്ന കശ്മീരിലെ ഗുജ്ജറുകളോടും കൊല്ലപ്പെട്ട പെണ്‍കുട്ടിയുള്‍പ്പെടുന്ന ബക്കര്‍വാളുകളോടും ഈ മന്ത്രിമാര്‍ക്കുള്ള വിദ്വേഷം മുമ്പും പുറത്തുവന്നിരുന്നു.

2016ല്‍ കത്വയിലെ ഗുജ്ജറുകള്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ചൗധരി ലാല്‍ സിങ്ങിന്റെ വീട്ടിലെത്തിയപ്പോള്‍ 1947ലെ മുസ്ലിം കൂട്ടക്കൊല ആവര്‍ത്തിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണുണ്ടായത്. 1947ല്‍ ഹരിസിങ്ങിന്റെ സൈന്യം കശ്മീരിലെ മുസ്ലിംങ്ങളെ വെടിവെച്ചു കൊന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് ചൗധരി ലാല്‍ സിങ് അന്ന് ഭീഷണിപ്പെടുത്തിയത്.

2014ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചന്ദര്‍പ്രകാശ് ഗംഗ പ്രസംഗിച്ചിരുന്നത് ഇങ്ങനെയായിരുന്നു. ‘ എന്തുവന്നാലും തെരഞ്ഞെടുക്കപ്പെട്ടാല്‍ സരോറിലെയും വിജയ്പൂരിലെയും മുസ്ലിംങ്ങളെ കുടിയൊഴിപ്പിക്കും.” എയിംസിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നതിനായി സാംബയില്‍ നിന്നന് ഗുജ്ജറുകളെ കുടിയിറക്കുമെന്ന് 2015ല്‍ ഗംഗ പറഞ്ഞത് വിവാദമായിരുന്നു.

കത്വ സംഭവത്തിനുശേഷം ഇരുവരും പ്രതികള്‍ക്കുവേണ്ടി രംഗത്തുവന്നത് കശ്മീരിലെ പി.ഡി.പി-ബി.ജെ.പി സര്‍ക്കാറിനുള്ളില്‍ അഭിപ്രായ ഭിന്നതകള്‍ക്കു വഴിവെച്ചിരുന്നു. ഇതിനു പിന്നാലെ ഇരുവരും രാജിവെക്കുകയാണുണ്ടായത്.

കത്വകേസിലെ പ്രതികള്‍ക്കുവേണ്ടിയുള്ള റാലിയില്‍ പങ്കെടുത്തതിന് രണ്ടുമന്ത്രിമാരെ പുറത്താക്കിയ അതേ ബി.ജെ.പി പിന്നീട് ഇതേ റാലിയില്‍ പങ്കെടുത്ത മറ്റൊരു നേതാവിന് മന്ത്രി സ്ഥാനം നല്‍കിയതും ചര്‍ച്ചയായിരുന്നു.

ബി.ജെ.പി നേതാവായ രാജീവ് ജസ്രോട്ടിയേയാണ് ബി.ജെ.പി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ഇത് ചര്‍ച്ചയായപ്പോള്‍ നേരത്തെ വിവാദത്തിലായ രണ്ട് മന്ത്രിമാരോടും രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടില്ലെന്നു പറഞ്ഞാണ് ബി.ജെ.പി കശ്മീര്‍ ജനറല്‍ സെക്രട്ടറി രാം മാധവ് ഇതിനെ ന്യായീകരിച്ചത്.

‘ ഗംഗയോടും ലാല്‍ സിങ്ങിനോടും രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നില്ല. അവര്‍ ബലാത്സംഗക്കേസിലെ പ്രതിയെ പിന്തുണച്ചെന്ന ധാരണ മാധ്യമങ്ങള്‍ സൃഷ്ടിച്ചിരുന്നു. അക്കാരണം കൊണ്ടാണ് അവര്‍ രാജിവെച്ചത്.’ എന്നാണ് രാം മാധവ് പറഞ്ഞത്. അപലപിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കപ്പുറം കത്വ കേസിനെ എങ്ങനെയാണ് ബി.ജെ.പി കാണുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ നടപടി.

നേതൃത്വം മാത്രമല്ല, സംഘപരിവാര്‍ അണികളും കത്വ സംഭവത്തെ ന്യായീകരിക്കുകയും മുസ്‌ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുകയാണ് ചെയ്തത്. പ്രതികളെ പിന്തുണച്ച മന്ത്രിമാര്‍ രാജിവെച്ചശേഷവും മന്ത്രിമാരേയും പ്രതികളേയും പിന്തുണച്ചും ഇരയെ അധിക്ഷേപിച്ചും കേരളത്തിലേതടക്കമുള്ള സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംസാരിച്ചിരുന്നു. ഇവള്‍ വലുതായാല്‍ സൈന്യത്തിനുനേരെ കല്ലെറിയുമെന്നും രാജ്യത്തിന് ഭീഷണിയാകുമെന്നുമൊക്കെ പറഞ്ഞായിരുന്നു ഇരയ്‌ക്കെതിരെ അണികള്‍ രംഗത്തുവന്നത്.

പെണ്‍കുട്ടിയ്ക്കുവേണ്ടി മുന്നോട്ടുവന്ന അഭിഭാഷകയ്ക്കും സംഘപരിവാര്‍ ഭീഷണി നേരിടേണ്ടി വന്നിരുന്നു. ‘പലരും ഏറ്റെടുക്കാന്‍ മടിച്ച കേസില്‍ ഒരു മുസ്‌ലിം കുടുംബത്തെ സഹായിക്കാന്‍ ഒരു ഹിന്ദു തന്നെ മുന്നിട്ടിറങ്ങി എന്ന കാരണത്താല്‍ ഒരു കൂട്ടം അഭിഭാഷകര്‍ തനിക്കെതിരായി തിരിഞ്ഞെന്ന് ദീപിക പറഞ്ഞിരുന്നു.