| Sunday, 30th June 2024, 3:54 pm

ജമ്മുകശ്മീരിലെ കത്വയിൽ മുസ്‌ലിം പള്ളി ബുൾഡോസ് ചെയ്ത് പ്രാദേശിക ഭരണകൂടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗർ: ജമ്മുകശ്മീരിലെ കത്വയിൽ മുസ്‌ലിം പള്ളി ബുൾഡോസ് ചെയ്ത് പ്രാദേശിക ഭരണകൂടം. സർക്കാർ ഭൂമിയിൽ പണിതുവെന്നാരോപിച്ച് മുസ്‌ലിം പള്ളിയും മറ്റ് കെട്ടിടങ്ങളും പൊളിച്ചുമാറ്റാൻ ശനിയാഴ്ച രാവിലെ ആറോടെ മൂന്ന് മുതൽ നാല് ബുൾഡോസറുകൾ സഹിതം കത്വയിലെ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും പൊലീസും എത്തുകയായിരുന്നു.

പ്രദേശവാസികളോട് സംസാരിക്കാൻ ശ്രമിക്കാതെ ഉദ്യോഗസ്ഥർ കെട്ടിടം പൊളിക്കാൻ തുടങ്ങി. തുടർന്ന് നാട്ടുകാർ പ്രതിഷേധിക്കുകയും കല്ലെറിയുകയുമായിരുന്നു.

‘പത്ത് വർഷങ്ങൾക്ക് മുമ്പ് പണിത പള്ളിയാണ്. പൊളിക്കുന്നതിനു മുമ്പ് അവർ പ്രദേശത്തെ മുതിർന്നവർ പറയുന്നത് പോലും കേട്ടില്ല. കടുത്ത നടപടികളിലേക്ക് നീങ്ങുന്നതിനു മുമ്പ് മുതിർന്നവരെ അവർ വിശ്വാസത്തിലെടുക്കണമായിരുന്നു.

ഇതെല്ലാം ആളുകളെ പ്രകോപിപ്പിച്ചു. പള്ളി പൊളിക്കുന്ന വാർത്ത കേട്ട് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ഞങ്ങൾ പുറത്തേക്കിറങ്ങി. ഉദ്യഗസ്ഥരോട് ബുൾഡോസ് ചെയ്യുന്നത് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ അവർ കേൾക്കാൻ കൂട്ടാക്കിയില്ല. അത് കൊണ്ടാണ് വലിയ സംഘർഷങ്ങൾ ഉണ്ടായത്,’ പ്രദേശവാസികളിലൊരാൾ പറഞ്ഞു.

പൊളിക്കുന്ന സ്ക്വാഡിന് നേരെ നാട്ടുകാരുടെ ഭാഗത്തു നിന്നും കനത്ത കല്ലേറുണ്ടായെന്നും, ഡി.എസ്.പിക്കും മറ്റ് അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായും പോലീസ് പറഞ്ഞു. സംഘർഷം കൂടിയപ്പോഴാണ് കണ്ണീർ വാതകം ഉപയോഗിക്കേണ്ടി വന്നതെന്നും പൊലീസ് പറഞ്ഞു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കത്വ പൊലീസ് സീനിയർ സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ അഡീഷണൽ പൊലീസും അർദ്ധസൈനിക വിഭാഗവും സ്ഥലത്തെത്തിയിരുന്നു.

സർക്കാർ മുസ്‌ലിങ്ങളെ തെരഞ്ഞെടുത്തത് ടാർഗെറ്റ് ചെയ്യുകയാണെന്ന് ജമ്മു കശ്മീരിലെ ദോധി ഗുജ്ജർ അസോസിയേഷൻ പ്രസിഡൻ്റ് സയ്യിദ് ചൗധരി പറഞ്ഞു. പൊളിക്കുന്നതിന് മുമ്പ് പ്രദേശവാസികൾക്ക് ജില്ലാ ഭരണകൂടം ഒരു അറിയിപ്പും നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇത്രയും കടുത്ത നടപടി സ്വീകരിക്കുന്നതിന് മുമ്പ് അവർക്ക് ഞങ്ങളുടെ മുതിർന്നവരോട് സംസാരിക്കാമായിരുന്നു. ജമ്മുവിലെ നൂറുകണക്കിന് മസ്ജിദുകളും ക്ഷേത്രങ്ങളും ഗുരുദ്വാരകളും പൊതുഭൂമിയിലാണ് നിർമ്മിച്ചത്. എന്തുകൊണ്ടാണ് ഒരു ആരാധനാലയം മാത്രം ലക്ഷ്യമിടുന്നത്? ഇത് ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് നേരെയുള്ള ആക്രമണമാണ്. ഞങ്ങൾ ഇത് അനുവദിക്കില്ല.

2018 മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ ഭരണകൂടം കത്വയിലെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് അവരുടെ ആരാധനാലയങ്ങൾ ആക്രമിക്കുകയാണ്.’ ചൗധരി പറഞ്ഞു.

പൊലീസ് നടപടിയെ അപലപിച്ചുകൊണ്ട് ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസ് ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയോട് സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു.

Content Highlight: Kathua: 6 Cops Injured in Clashes After Admin Tries to Raze Mosque ‘Built on Public Land’

We use cookies to give you the best possible experience. Learn more