| Saturday, 27th May 2023, 11:54 pm

'അനൈക്യമുണ്ടാക്കുമ്പോള്‍ നന്മയുടെ പാഠങ്ങളുമായി മുന്നില്‍'; കതോലിക്കാ ബാവയും കാന്തപുരവും കൂടിക്കാഴ്ച നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഓര്‍ത്തൊഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കതോലിക്ക ബാവ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച കാരന്തൂര്‍ മര്‍കസില്‍ നടന്ന കൂടിക്കാഴ്ച ഹൃദ്യമായിരുന്നുവെന്ന് കാന്തപുരം പ്രസ്താവനയിലൂടെ അറിയിച്ചു. വ്യത്യസ്ത സാമുദായിക പശ്ചാത്തലത്തില്‍ നിന്നുള്ളവരോടൊപ്പമുള്ള ഇത്തരം സന്ദര്‍ഭങ്ങള്‍ പരസ്പരം അറിയാനും മനസിലാക്കാനും വലിയ അവസരമാണ് നല്‍കുന്നതെന്നും കാന്തപുരം പറഞ്ഞു.

‘ഏറെക്കാലമായി വളരെ സൗഹാര്‍ദപരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെങ്കിലും അടുത്തിടെയായി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നുണ്ടാവുന്നത് നേതൃത്വങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

സമുദായ നേതൃത്വങ്ങള്‍ക്കിടയിലെ സൗഹാര്‍ദ പൂര്‍ണമായ നിലപാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമേ ഇത്തരം അനൈക്യ ശ്രമങ്ങള്‍ വിപാടനം ചെയ്യാന്‍ സാധിക്കുകയുള്ളു. അതിന് അടിവരയിടുന്നതായിരുന്നു കതോലിക്കാ ബാവയുമായുള്ള സംസാരം. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഐക്യവും നന്മയും കൂടുതല്‍ സജീവമാക്കേണ്ടതുണ്ടെന്നും ജനങ്ങള്‍ ഇതിനായി രംഗത്തിറങ്ങേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.
സമൂഹത്തില്‍ മദ്യത്തിന്റെയും ലഹരിയുടെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമാവുന്നുണ്ട്. സമീപകാലത്ത് കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളുടെയെല്ലാം പ്രധാന പ്രേരകം ലഹരിയാണ്. വിദ്യാര്‍ത്ഥികള്‍ പോലും മാരക ലഹരികള്‍ക്ക് അടിമപ്പെടുന്നു. ലഹരിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ബോധവത്കരിക്കാന്‍ സംവിധാനങ്ങളുണ്ടാക്കും. ലഹരി എന്ന വിപത്തിനെ തുരത്താന്‍ അടിയന്തരമായി ഇടപെടേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിനെ ഉണര്‍ത്തും,’ കാന്തപുരം പറഞ്ഞു.

ഉന്നത വിഭ്യാഭ്യാസ മേഖലയില്‍ ഇരു സമുദായങ്ങള്‍ക്കുമുള്ള സംവിധാനങ്ങള്‍ പരസ്പരം ഉപയോഗപ്പെടുത്തുന്നതിനും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

‘ചെറിയ കാര്യങ്ങള്‍ ഊതിവീര്‍പ്പിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചും അനൈക്യമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ നന്മയുടെ പാഠങ്ങള്‍ വിളംബരം ചെയ്യാന്‍ മതനേതൃത്വം മുന്നില്‍ നില്‍ക്കണം. മതങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പരസ്പരം അടുത്തറിയാനും മനസ്സിലാക്കാനുമുള്ള സാഹചര്യങ്ങളും വേദികളും ഒരുക്കുന്നത് പരസ്പര ധാരണയെയും വിശ്വാസ്യതയേയും ബലപ്പെടുത്തും. സാമൂഹ്യ അഭിവൃദ്ധിക്കായി ഭാവിയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന പ്രതീക്ഷ നല്‍കുന്നതായിരുന്നു ഈ കൂടിക്കാഴ്ച,’ കാന്തപുരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Katholika Bawa and Kanthapuram met 
We use cookies to give you the best possible experience. Learn more