കോഴിക്കോട്: ഓര്‍ത്തൊഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കതോലിക്ക ബാവ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച കാരന്തൂര്‍ മര്‍കസില്‍ നടന്ന കൂടിക്കാഴ്ച ഹൃദ്യമായിരുന്നുവെന്ന് കാന്തപുരം പ്രസ്താവനയിലൂടെ അറിയിച്ചു. വ്യത്യസ്ത സാമുദായിക പശ്ചാത്തലത്തില്‍ നിന്നുള്ളവരോടൊപ്പമുള്ള ഇത്തരം സന്ദര്‍ഭങ്ങള്‍ പരസ്പരം അറിയാനും മനസിലാക്കാനും വലിയ അവസരമാണ് നല്‍കുന്നതെന്നും കാന്തപുരം പറഞ്ഞു.
‘ഏറെക്കാലമായി വളരെ സൗഹാര്‍ദപരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെങ്കിലും അടുത്തിടെയായി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നുണ്ടാവുന്നത് നേതൃത്വങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
സമുദായ നേതൃത്വങ്ങള്‍ക്കിടയിലെ സൗഹാര്‍ദ പൂര്‍ണമായ നിലപാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമേ ഇത്തരം അനൈക്യ ശ്രമങ്ങള്‍ വിപാടനം ചെയ്യാന്‍ സാധിക്കുകയുള്ളു. അതിന് അടിവരയിടുന്നതായിരുന്നു കതോലിക്കാ ബാവയുമായുള്ള സംസാരം. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഐക്യവും നന്മയും കൂടുതല്‍ സജീവമാക്കേണ്ടതുണ്ടെന്നും ജനങ്ങള്‍ ഇതിനായി രംഗത്തിറങ്ങേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.
സമൂഹത്തില്‍ മദ്യത്തിന്റെയും ലഹരിയുടെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമാവുന്നുണ്ട്. സമീപകാലത്ത് കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളുടെയെല്ലാം പ്രധാന പ്രേരകം ലഹരിയാണ്. വിദ്യാര്‍ത്ഥികള്‍ പോലും മാരക ലഹരികള്‍ക്ക് അടിമപ്പെടുന്നു. ലഹരിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ബോധവത്കരിക്കാന്‍ സംവിധാനങ്ങളുണ്ടാക്കും. ലഹരി എന്ന വിപത്തിനെ തുരത്താന്‍ അടിയന്തരമായി ഇടപെടേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിനെ ഉണര്‍ത്തും,’ കാന്തപുരം പറഞ്ഞു.