| Wednesday, 31st May 2017, 3:01 pm

കതിരൂര്‍ മനോജ് വധക്കേസ് പ്രതികളെ കയ്യാമം വെച്ച് കോടതിയിലെത്തിച്ച പൊലീസുകാര്‍ക്കെതിരെ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികളായ സി.പി.ഐ.എം പ്രവര്‍ത്തകരെ കയ്യാമം വച്ചു കോടതിയിലെത്തിച്ചതിനു 16 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി.

എറണാകുളം സബ്ജയിലില്‍നിന്നു കൊച്ചിയിലെ സി.ബി.ഐ കോടതിയിലേക്കു പ്രതികളെ കൊണ്ടുപോയ കൊച്ചി സിറ്റി എആര്‍ ക്യാംപിലെ 15 പൊലീസുകാര്‍ക്കും ഇവരെ ഡ്യൂട്ടിക്കു നിയോഗിച്ച ഗ്രേഡ് എസ്‌ഐക്കുമെതിരെയാണു നടപടി.


Dont Miss ബാങ്കുകളുടെ കഴുത്തറുക്കല്‍ കാരണം ഇനി അക്കൗണ്ട് ക്ലോസ് ചെയ്യേണ്ട! അക്കൗണ്ട് പോര്‍ട്ടു ചെയ്യാന്‍ സംവിധാനം വരുന്നു 


വിശദീകരണമാവശ്യപ്പെട്ട് എആര്‍ ക്യാംപ് കമന്‍ഡാന്റ് ഇന്ന് രാവിലെ പൊലീസുകാര്‍ക്ക് മെമ്മോ നല്‍കി. മനുഷ്യാവകാശ ലംഘനത്തിന്റെ സാധ്യതകള്‍ ഉണ്ടാകാതിരിക്കത്തക്കവിധം വേണമായിരുന്നു പ്രതികളെ കോടതിയിലെത്തിക്കാനെന്നും ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ആരോപിച്ചാണു മെമ്മോ.

24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നു സംശയിക്കുന്ന സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധമായും കയ്യാമം വച്ചിരിക്കണമെന്നാണു ചട്ടം.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ ദിനത്തിലായിരുന്നു സംഭവം. പൊലീസുകാര്‍ പ്രതികളെ കോടതിയിലേക്കു കൊണ്ടുപോയത് കയ്യാമം വെച്ചാണെന്ന് അറിഞ്ഞതോടെ പ്രതികളുടെ കയ്യാമം അഴിച്ചുമാറ്റാന്‍
ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു.

അപ്പോള്‍തന്നെ വാഹനം റോഡരികില്‍ നിര്‍ത്തി പൊലീസുകാര്‍ പ്രതികളുടെ കയ്യാമം അഴിച്ചു മാറ്റി. തുടര്‍ന്ന് എറണാകുളം സബ്ജയില്‍ സൂപ്രണ്ടിനു പ്രതികള്‍ പരാതി നല്‍കുകയായിരുന്നു.

കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കേസില്‍ പ്രതിയായ പി. ജയരാജന്‍ അടക്കം ഒന്‍പതു പ്രതിള്‍ക്കു ജാമ്യം ലഭിച്ചിരുന്നു. ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പെടെ 16 പേരാണ് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more