കതിരൂര്‍ മനോജ് വധക്കേസ്; എത്രയും വേഗം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി
Daily News
കതിരൂര്‍ മനോജ് വധക്കേസ്; എത്രയും വേഗം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th August 2016, 3:08 pm

ന്യൂദല്‍ഹി: കതിരൂര്‍ മനോജ് കേസില്‍ എത്രയും വേഗം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. കേസിന്റെ നടപടികളെ പ്രതിയായ പി. ജയരാജന്‍ എങ്ങനെ സ്വാധീനിക്കുമെന്നും സുപ്രീം കോടതി ചോദിച്ചു. ജയരാജന്‍ സ്വാധീനിക്കാന്‍ ഇടയുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ആര്‍.എസ്.എസ് നേതാവായിരുന്ന കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന്‍ മുഖ്യസൂത്രധാരനാണെന്നാണ് സി.ബി.ഐയുടെ വാദം. സി.ബി.ഐ പ്രതിപ്പട്ടികയില്‍ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജന്‍.

യു.എ.പി.എ ചുമത്തിയായിരുന്നു ജയരാജനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന കോടതിയില്‍ കീഴടങ്ങിയ ജയരാജന് മാര്‍ച്ച് മാസത്തിലാണ് ജാമ്യം ലഭിച്ചത്. രണ്ട് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് തലശ്ശേരി സെഷന്‍സ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.